top of page

വൃക്ക തകരാറിലാക്കുന്ന ഒറ്റമൂലികൾ

  • Feb 13
  • 2 min read

ഡോ. വേണു തോന്നയ്ക്കൽ.  



ഡങ്കി, പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ, തുടങ്ങി ചെറുതും വലുതുമായ ഏത് രോഗത്തിനും കൈകൊണ്ട ഔഷധം എന്ന് അവകാശപ്പെടുന്ന അനേകം ഒറ്റമൂലികളുടെ കുറിപ്പുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയെ പ്രത്യക്ഷപ്പെടാറുണ്ട്. അതൊക്കെയും എന്തു വില കൊടുത്തും വാങ്ങി ഉപയോഗിക്കുകയും തങ്ങൾക്കാവും വിധം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ധാരാളം.


ഈ ശാസ്ത്ര യുഗത്തിലും ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ പോലും ഇത്തരം ഒറ്റമൂലികളുടെ പിന്നാലെയാണ്. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണോ അത് ലഭ്യമാകുന്നില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.


ആരോഗ്യമാനിയാക്കുകളായ നാം ഒറ്റമൂലികളിൽ സന്തുഷ്ടരാണ്. ഒറ്റമൂലികൾ സസ്യജന്യമാണ്. പരമ്പരാഗത ചികിത്സയാണ്. അതിനാൽ അതു ഉപയോഗിക്കുന്നതു മൂലം യാതൊരു ദോഷഫലവും ഉണ്ടാവില്ല എന്നാണ് ഒറ്റമൂലിയാശാന്മാർ ജനത്തെ തെറ്റിദ്ധരിപ്പിച്ച് മാർക്കറ്റ് ചെയ്തു പോരുന്നത്.


ഏതു മണ്ടത്തരവും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയയും പൊതു സമൂഹത്തെ വിശ്വസിപ്പിച്ച് നേട്ടമുണ്ടാക്കാൻ ആളുമുള്ളപ്പോൾ ഏതിനുമെന്തിനും സൗകര്യമായി.


മാത്രമല്ല ഏത് മണ്ടത്തരവും വിശ്വസിച്ചു കൊള്ളാം എന്ന് പ്രതിജ്ഞ എടുത്തവരാണ് നാം.


വിശ്വസിക്കുന്നതെന്തും സത്യസന്ധവും നീതിയുക്തവും ശാസ്ത്രീയവുമാണ് എന്ന് സ്വയം ബോധ്യപ്പെടുത്താൻ നമുക്ക് ഉന്നത വിദ്യാഭ്യാസത്തിൻറെ യോഗ്യത പത്രങ്ങളുമുണ്ട്. പിന്നെന്തു വേണം?


ഒറ്റമൂലിയുടെ പരസ്യങ്ങൾ, കുറിപ്പുകൾ, വീഡിയോകൾ ഇവയിൽ ഏതെങ്കിലും ഒന്നിൽ ശ്രദ്ധ തൊടേണ്ട താമസം കൈവശം ധനമില്ലാത്തവർ കൂടി വായ്പ വാങ്ങിയ പണവുമായി ഒറ്റമൂലി തേടിയിറങ്ങും. ആരോഗ്യം വിലയ്ക്ക് കിട്ടുമെന്ന് കേട്ടാൽ പിന്നെ അത് വാങ്ങാൻ തെല്ലും അമാന്തിക്കില്ല. അതാണ് മലയാളി.



അത്തരം സന്ദർഭങ്ങളിൽ നമുക്ക് വേണ്ടത് യുക്തി ബോധമാണ്. തെറ്റും ശരിയും തിരിച്ചറിയാനുള്ള ബൗദ്ധികമായ കഴിവ്. അത് ലഭ്യമാക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായം നമുക്കിന്നും ലഭ്യമല്ല. സ്വദേശത്ത് ഗുമസ്ത പണിയെടുക്കാനോ വിദേശിക്ക് അടിമപ്പണി ചെയ്യാനോ ഉള്ള ഒരു വിദ്യാഭ്യാസ മാതൃക. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ചൊല്ലി തീർക്കാനുള്ള ഒരു അഭ്യാസ പദ്ധതി. അതാണ് നാം അനുവർത്തിക്കുന്നത്.


സസ്യജന്യമാണ്, ദോഷങ്ങൾ ഒന്നുമില്ല എന്നൊക്കെ പ്രചരിപ്പിച്ച് ആരോഗ്യമാനിയാക്കുകളായ നമ്മെ ചതിക്കുകയാണ്. ആ ചതി അറിയാൻ കൂടി കഴിയാത്ത നാമാണ് ചിന്തിക്കുന്നവരെന്ന് അഭിമാനിക്കുന്നത്.


ദയവായി വിഡ്ഢിത്തങ്ങൾക്ക് കാതോർക്കാതിരിക്കുക. അത്തരം ചികിത്സകൾക്ക് പിന്നാലെ ഭ്രമ ചിത്തരായി അലയാതിരിക്കുന്നതാണ് ഉത്തമം. ഒന്നറിയുക. സസ്യജന്യം എന്നു വച്ചാൽ മഹത്തായ പാരമ്പര്യമുള്ള ആയുർവേദം എന്നർത്ഥമില്ല. ആയുർവേദം ശാസ്ത്രീയമായി അഭ്യസിച്ച ഒരു വിദഗ്ദ്ധനോട് ഈ വിഷയം ചർച്ച ചെയ്യാം. അപ്പോൾ വിഷയത്തിന്റെ ഗൗരവം ഏറെക്കുറെ ബോധ്യമാവും. അവർ വിധിക്കുന്ന ഔഷധക്കൂട്ടുകൾ മാത്രം സേവിക്കുക. അതാവും ആരോഗ്യകരം.


എല്ലാ ചികിത്സ സമ്പ്രദായങ്ങളിലും ഔഷധ നിർമ്മാണത്തിലേക്ക് നേരിട്ടോ പരോക്ഷമായോ സസ്യങ്ങളെയും ജന്തുക്കളെയും ആശ്രയിക്കുന്നു. ഔഷധ ഉൽപാദനത്തിന് അവർക്ക് സ്വന്തമായ സമ്പ്രദായങ്ങൾ ഉണ്ട്. അതൊന്നും മനസ്സിലാക്കാതെ ആരെങ്കിലും പുലമ്പുന്ന മണ്ടത്തരങ്ങൾക്ക് കാതും നീട്ടി ബുദ്ധിജീവി ചമയുന്നതാണ് വലിയ മണ്ടത്തരം.


അതെന്തു തന്നെയാവട്ടെ, ഒറ്റമൂലി തെരയുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഏത് രോഗം തരണം ചെയ്യാനാണോ ഒറ്റമൂലി ചികിത്സ എടുത്തത് ആ രോഗം ഒരു പക്ഷേ മാറിയെന്ന് രോഗിക്കോ രോഗിക്ക് ഒപ്പമുള്ളവർക്കോ തോന്നാം. എന്നാൽ ശരിയായിക്കൊള്ളണമെന്നില്ല.


നൽകുന്നതെന്തോ അത് കഴിക്കുന്ന മാത്രയിൽ താൽക്കാലികമായി ദോഷഫലം ഒന്നും പ്രകടമായില്ല എന്നു വരാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വൻപിച്ച ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം ഒറ്റമൂലികൾ ഇട വരുത്തുന്നു. അത്തരം ചികിത്സ കൊണ്ട് വൃക്ക, കരൾ, ദഹന നാളി, തുടങ്ങിയ ആന്തരികാവയവങ്ങളുടെ തകരാറിനോ സമ്പൂർണ്ണ നാശത്തിനോ വരെ കാരണമാകാം. അപ്രകാരം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരുപക്ഷേ നമ്മുടെ ജീവിത കാലത്ത് കഴിഞ്ഞെന്നും വരില്ല. അതായത് നഷ്ടമാവുന്ന ആരോഗ്യം മടക്കി കിട്ടുകയില്ല എന്ന് സാരം.


മാത്രമല്ല ഒറ്റമൂലി പ്രയോഗം മൂലം വൃക്ക, കരൾ, എന്നിവയ്ക്ക് ഉണ്ടാവുന്ന പരിക്കുകൾ ഉടനെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ഏറെ കാലത്തിനു ശേഷം സ്വന്തം ആന്തരാവയവത്തിനുണ്ടായ നാശമോ തകരാറുകളോ കണ്ടെത്തുമ്പോൾ അതിൻറെ കാരണം സേവിച്ച ഒറ്റമൂലിയെന്ന് അംഗീകരിക്കാനും കഴിഞ്ഞെന്നു വരില്ല.


ഏവർക്കും ഇത്തരം ഔഷധങ്ങളുടെ പ്രയോഗം മൂലം ആന്തരികാവയവങ്ങൾക്ക് തകരാറുണ്ടാവമെന്നില്ല. അവയവ തകരാറ് ആർക്കുണ്ടാവുമെന്നോ ഉണ്ടാവില്ലായെന്നോ പറയുക വയ്യ. അതിനാൽ ഒരു പരീക്ഷണത്തിന് തയ്യാറാവുക ഏറ്റവും വലിയ വിഡ്ഢിത്തം ആയിരിക്കും.


ഈ വക ചികിത്സകൾ മൂലം വൃക്കകൾ, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾക്ക് തകരാറ് വന്നും ദുരിതമനുഭവിക്കുന്നവരും മരണത്തിനൊപ്പം മടങ്ങിയവരുമായ അനവധി പേരെ എനിക്കറിയാം. അക്കൂട്ടത്തിൽ ഉന്നത വിദ്യാഭ്യാസവും ഉയർന്ന സ്ഥാനമാനങ്ങൾ സ്വന്തമാക്കിയവരുമുണ്ട്. അനുവാദമില്ലാത്തതിനാൽ അവരെ ഇവിടെ പരിചയപ്പെടുത്തുന്നില്ല.


ഒറ്റമൂലി പ്രയോഗങ്ങളാൽ ആന്തരാവയവങ്ങൾ തകർന്ന അനേകം പേർ ആശുപത്രികളെ പ്രാപിച്ച് വൻവിലകൾ നൽകി സുഖം പ്രാപിക്കാനുള്ള അവസാന ശ്രമങ്ങളിൽ പെടുന്നു. ധനമുള്ളവർക്ക് ആശുപത്രികൾ താങ്ങാവുമ്പോൾ ധനം ഇല്ലാത്തവർക്ക് പരിക്കു പറ്റിയ അവയവങ്ങളുമായി ചെയ്തു പോയ മണ്ടത്തരത്തെ പഴിച്ച് മാരക രോഗങ്ങൾക്കോ മരണത്തിനോ ഒപ്പം നടക്കാം.

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page