top of page
Sanal_Edamaruku.jpeg

സനൽ ഇടമറുക് 

ജനനം 1955 മെയ് 26-ന് ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ. പ്രശസ്‌ത എഴുത്തുകാരും യുക്തിവാദികളുമായിരുന്ന ജോസഫ് ഇടമറുകിന്റെയും സോളി ഇടമറുകിന്റെയും പുത്രൻ. സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം കോട്ടയത്തും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സെന്ററിലും. പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് ക്ലാസ്സോടെ എം.എ. ബിരുദം. തുടർന്ന് ഡൽഹിയിലെ ജവാഹർലാൽ നെഹ്രു സർവകലാശാലയിയിലെ (JNU) സ്‌കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന്  എംഫിൽ. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. JNU-വിൽ യു.ജി.സി. റിസേർച്ച് ഫെലോ ആയിരുന്നു. പിഎച്ച്ഡി പൂർത്തിയാക്കുന്നതിനു മുന്പ് ഇൻഡ്യൻ റാഷണലിസ്റ്റ് അസോസിയേഷന്റെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം 1984 -ൽ  ഏറ്റെടുക്കുകയും, ഒപ്പം എഴുത്തിലും പുസ്‌തക പ്രസാധനത്തിലും സജീവമാവുകയും ചെയ്‌തു. അതിനുമുന്പ് സ്വീകരിച്ച Afro Asian Rural Reconstruction Organization എന്ന സാർവദേശീയ സംഘടനയിലെ നയതന്ത്ര ഉദ്യോഗം രാജിവച്ചാണ് പൊതുപ്രവർത്തന രംഗത്തേക്കിറങ്ങിയത്. 2005-ൽ ഇൻഡ്യൻ റാഷണലിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

പുസ്തക പ്രസാധന രംഗത്ത് അദ്‌ഭുതങ്ങൾ കാഴ്ചവെച്ച ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സ് സ്ഥാപിച്ചത് സനൽ ഇടമറുകാണ്. ഇരുപത്തഞ്ചു പുസ്‌തകങ്ങൾ രചിക്കുകയും ഇഗ്ളീഷിലും മലയാളത്തിലുമായി ആയിരക്കണക്കിന് ലേഖനങ്ങൾ എഴുതുകയും ചെയ്തു. സനലിന്റെ ലേഖനങ്ങളും പുസ്തകങ്ങളും ഇരുപതോളം ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ ചാനലുകളിൽ ആയിരത്തിലധികം ടെലിവിഷൻ ചർച്ചകളിൽ പങ്കെടുത്ത്‌ യുക്തിവാദ സമീപനത്തിന് വേരോട്ടം ഉണ്ടാക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ചു.

ദീർഘകാലം കഥകളി നൃത്തം അഭ്യസിച്ച സനൽ ഡെൽഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും കഥകളിയിൽ നിരവധി മതേതര മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്‌തു. ഡെൽഹിയിലെ പ്രസിദ്ധമാമായ കാനിങ് റോഡ് കേരളാ സ്‌കൂളിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

 

ഇപ്പോൾ ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ താമസിക്കുന്നു. ഒട്ടനവധി രാജ്യങ്ങളിൽ പ്രഭാഷണ പര്യടനങ്ങൾ നടത്തിയിട്ടുള്ള സനൽ റാഷണലിസ്റ് ഇന്റർനാഷണൽ എന്ന സാർവദേശീയ സംഘടനയുടെ പ്രസിഡന്റ് ആണ്.

bottom of page