top of page

കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ..

സനൽ ഇടമറുക്. 


Read this article in ENGLISH


പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വലതുപക്ഷ തീവ്രവാദത്തിന്റെ വളർച്ചയുടെ തെളിവാണ്. ശത്രുക്കൾ ഇല്ലാതെ നിലനിൽക്കാൻ കഴിയാത്ത ഒരു ആശയമാണത്.


കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിൽ നാം ഒരു ഗുരുതരമായ പ്രവണത കാണുന്നു. ബ്രിട്ടനിലും അയർലന്റിലും കാനഡയിലും, ഓസ്ട്രേലിയയിലും, ന്യൂസിലാൻഡിലുമൊക്കെ നമ്മൾ അത് കാണുന്നുണ്ട്.


ബ്രിട്ടനിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന റാലി
ബ്രിട്ടനിൽ കുടിയേറ്റക്കാർക്കെതിരെ നടന്ന റാലി

കുടിയേറ്റക്കാർക്കെതിരായ ബ്രിട്ടനിലെ പ്രതിഷേധ റാലിയിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. മുസ്ലീങ്ങളും ഹിന്ദുക്കളും സിഖുകാരും യഹൂദരുമൊക്കെ വെറുക്കപ്പെട്ടവരായി കാണേണ്ടവരാണ് എന്ന് കരുതുന്നവർ മുമ്പ് ചെറു സംഘങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ എല്ലാ വെറുപ്പ് പ്രചരിപ്പിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഏകീകരിച്ച് എല്ലാ കുടിയേറ്റക്കാർക്കുമെതിരെയുള്ള കടുത്ത അസഹിഷ്ണുതയായി വളർത്താൻ കഴിഞ്ഞിട്ടുണ്ട്.


അയർലന്റിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ പ്രതിഷേധങ്ങൾ വളരെ വേഗമാണ് ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിയമപരമായി കുടിയേറിയവർക്കെതിരായി തിരിഞ്ഞത്. വളരെ വേഗം അത് തീവ്ര വലതുപക്ഷക്കാരുടെയും അക്രമ സംഘങ്ങളുടെയും കൈകളിൽ അമർന്നു. എല്ലാ വിദേശികളും ശത്രുക്കളും വെറുക്കപ്പെടേണ്ടവരുമായി കരുതുന്ന അസഹീനതയുള്ള ഗ്രൂപ്പുകൾക്ക് അത് ഊർജം പകർന്നു.


ന്യൂസിലൻഡിലെ ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകൾ ആദ്യം ജാഥ നയിച്ചത് അതൊരു ക്രൈസ്തവ രാജ്യമാണെന്നും മുസ്ലീങ്ങൾ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്. പിന്നീട് അവർ സിഖുകാർക്കെതിരെ തിരിഞ്ഞു. ഇപ്പോൾ പലേടത്തും അത് ഹിന്ദുക്കൾക്കെതിരെയും ആണ്. മാവോറി ആദിവാസികളുടെ യുദ്ധ നൃത്തമായ ഹക്കയുടെ ചുവടുകളും ശബ്ദ വിന്യാസങ്ങളുമായി അവർ ആക്രോശിച്ചു: “ക്രിസ്ത്യാനികൾ അല്ലാത്തവർ എല്ലാം രാജ്യം വിട്ട് പോവൂ”. ഒടുവിൽ മാവോറികൾ തന്നെ ഈ തീവ്ര ദേശീയ-മതവാദികൾക്കെതിരെ രംഗത്തുവന്നു. തദ്ദേശവാസികളുടെ മേൽ ആധിപത്യം പുലർത്തിയ പഴയ യൂറോപ്യൻ കുടിയേറ്റക്കാരും അധിനിവേശക്കാർ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. വളരെ സഹിഷ്ണുതയുള്ള മൾട്ടി-കൾച്ചറൽ സമൂഹമാണ് ന്യൂസിലാൻഡിൽ ഉള്ളത്.


2025 ഡിസംബർ 20-ന് ന്യൂസിലൻഡിലെ മനുരേവയിൽ സിഖ്  ഘോഷയാത്ര തടസ്സപ്പെടുത്താൻ ഹക്ക നൃത്തം ഉപയോഗിക്കുന്ന പ്രതിഷേധക്കാർ.
ന്യൂസിലൻഡിലെ മനുരേവയിൽ സിഖ്  ഘോഷയാത്ര തടസ്സപ്പെടുത്താൻ ഹക്ക നൃത്തം ഉപയോഗിക്കുന്ന പ്രതിഷേധക്കാർ.

അവിടെയാണ് തീവ്ര മത-ദേശീയവാദികൾ രംഗത്തു വന്നിരിക്കുന്നത്. ഇവിടെയൊന്നും ചർച്ചകളല്ല. നയവ്യത്യാസങ്ങളല്ല. ആക്രമണങ്ങളാണ് കാണുന്നത്. മനുഷ്യജീവിതങ്ങളാണ് വിലപേശപ്പെടുന്നത്.


യൂറോപ്പിലെ ചില നഗരങ്ങളിൽ, കുടിയേറ്റക്കാർ രാവിലെ എഴുന്നേൽക്കുമ്പോൾ തങ്ങളുടെ വീടുകളുടെ ചുവരുകളിൽ വെറുപ്പ് മുട്ടി നിൽക്കുന്ന വാചകങ്ങൾ എഴുതപ്പെട്ടിരിക്കുന്നത് കാണുന്നു. “Go Back” പോലുള്ള ചുവരെഴുത്തുകൾ.


അവരിൽ പലരും ആ രാജ്യങ്ങളിൽ തന്നെ ജനിച്ചവരും അവിടെ വളർന്നവരുമാണ്. മറ്റു ചില സ്ഥലങ്ങളിൽ, അഭയാർത്ഥി കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു. ജനലുകൾ തകർത്തു. ഭീഷണികൾ മുഴക്കി. ചിലപ്പോൾ തീ എറിയാൻ പോലും ശ്രമിച്ചു. ഇത് ഒരു കുറ്റകൃത്യത്തിനല്ല. ഒരു തിരിച്ചറിവിനാണ്.


ഇത് നടക്കുന്നത് പരാജയപ്പെട്ട രാജ്യങ്ങളിൽ അല്ല. ജനാധിപത്യവും സാംസ്കാരികവുമാണെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളിലാണ്. നമ്മൾ ഇത് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്.


ഇവ സ്വാഭാവികമായ ജനരോഷമല്ല. ഇവ ഉദ്ദേശപൂർവം സൃഷ്ടിക്കപ്പെട്ടവയാണ്. ഈ ആക്രമണങ്ങളുടെ പിന്നിൽ വലതുപക്ഷ ദേശീയവാദ തീവ്രവാദ ഗ്രൂപ്പുകളാണുള്ളത്. അവർ തുടങ്ങുന്നത് മുദ്രാവാക്യങ്ങളോടെയാണ്. അവർ പറയുന്നു:


“കുടിയേറ്റക്കാർ ഇവിടെ ആധിപത്യം സ്ഥാപിക്കുകയാണ്.”

“അവർ പെറ്റുപെരുകയാണ്.”

"നമ്മുടെ സ്ത്രീകളെ അവർ വിവാഹം കഴിക്കുകയാണ്.”

“വിദേശികൾ നമ്മുടെ ജോലി കവർന്നെടുക്കുന്നു.”

“നമ്മുടെ സംസ്കാരം അപകടത്തിലാണ്.”


അതിനുശേഷം അവരുടെ വാക്കുകൾ പ്രവൃത്തികളായി മാറുന്നു. പൊതുഗതാഗത വേളയിൽ വാക്കുതർക്കങ്ങളും അപമാനവും നേരിടുന്നവരുണ്ട്. “വിദേശിയെന്ന് തോന്നുന്നവർക്കെതിരെ” ചിലേടത്ത് ശാരീരിക ആക്രമണങ്ങൾ ഉണ്ടാവുന്നുണ്ട് . അവരുടെ ആരാധനാലയങ്ങൾക്കും കുടിയേറ്റ പ്രദേശങ്ങൾക്കും നേരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്.


ചരിത്രം ഇത് മുമ്പും കണ്ടിട്ടുണ്ട്. ഇതിന്റെ അവസാനം എങ്ങനെയെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആളുകളെ അവർ ആരാണെന്നതിന്റെ പേരിൽ ചിലർ ആക്രമിക്കുമ്പോൾ, അത് രാഷ്ട്രീയം അല്ല. അത് നൈതികബുദ്ധിയുടെ പതനമാണ്.


ഇത് കൂടുതൽ അപകടകരമാകുന്നത് ഈ സംഭവങ്ങൾ മറ്റിടങ്ങളിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ കൂടി ആണ്. പ്രത്യേകിച്ച് ഇന്ത്യയിൽ.


ചില ഗ്രൂപ്പുകൾ ഈ ആക്രമണ വാർത്തകൾ വലിയ ശബ്ദത്തിൽ പ്രചരിപ്പിക്കുന്നു. അവർ പറയുന്നു: “കാണൂ— മുസ്ലിംകൾ എല്ലായിടത്തും വെറുക്കപ്പെടുന്നു.” അതിനെ തുടർന്ന് അവർ അതിനെ സ്വന്തം മുസ്ലിം വിരുദ്ധ പ്രചാരണങ്ങൾക്ക് ന്യായീകരണമാക്കുന്നു.


ഇത് വിവേചനം ആണ്. ഇത് അപമാനിക്കൽ ആണ്. ഇത് വെറുപ്പും ശത്രുതയും പ്രചരിപ്പിക്കൽ ആണ്. ഇത് യാഥാർത്ഥ്യത്തിന്റെ വികൃതീകരണമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ hate crimes - വെറുപ്പ് ആധാരമാക്കിയുള്ള കുറ്റകൃത്യങ്ങൾ - മുസ്ലിംകളെ അവർ ജനിച്ചു വളർന്ന മതത്തിന്റെ പേരിൽ ലോകം മുഴുവൻ നിരസിക്കുന്നതിന്റെ തെളിവല്ല. അത് വലതുപക്ഷ തീവ്രവാദത്തിന്റെ വെറുപ്പിന്റെയും അവരുടെ അപകടകരമായ വളർച്ചയുടെയും തെളിവാണ്. ശത്രുക്കൾ ഇല്ലാതെ നിലനിൽക്കാൻ കഴിയാത്ത ഒരു ആശയമാണ് അത്.


ഒരു രാജ്യത്ത് അത് കുടിയേറ്റക്കാരെ ലക്ഷ്യമിടും. മറ്റൊരിടത്ത് മതന്യൂനപക്ഷങ്ങളെ. വേറൊരിടത്ത് മാധ്യമ പ്രവർത്തകരെ, നാസ്തികരെ, വിമതരെ. ലക്ഷ്യങ്ങൾ മാറും. മനോഭാവം മാറില്ല. പാശ്ചാത്യ ലോകത്തിലെ വർഗീയതയും ഇന്ത്യയിലെ സാമുദായിക വൈരവും വിപരീതങ്ങളല്ല. അവ അതേ ഭീതിയിൽ നിന്നുള്ള അധികാരവാദ ചിന്തയുടെ വ്യത്യസ്ത രൂപങ്ങളാണ്.


ഇവിടെ ഒരു നിമിഷം നമ്മൾ നിൽക്കണം. കാരണം യുക്തിവാദികൾക്ക്, സ്വതന്ത്രചിന്തകർക്ക്, വ്യക്തത അനിവാര്യമാണ്. നിയമപരമായ കുടിയേറ്റവും നിയമവിരുദ്ധ കുടിയേറ്റവും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. നിയമപരമായ ഇമിഗ്രന്റുകൾ - കുടിയേറ്റക്കാർ - നിയമത്തിലൂടെയാണ് വരുന്നത്. തൊഴിൽ വിസകൾ. വിദ്യാർത്ഥി വിസകൾ. അഭയാർത്ഥികൾക്കായി ഗവൺമെന്റുകൾ ഒരുക്കുന്ന നടപടികൾ. കുടുംബങ്ങളുടെ കൂടിച്ചേരൽ തുടങ്ങിയവയൊക്കെ നിയമ വിധേയമായവ ആണ്. അവർ ജോലി ചെയ്യുന്നു. നികുതി അടക്കുന്നു. ആരോഗ്യം, ശാസ്ത്രം, വ്യവസായം, സംസ്കാരം— എല്ലാം ശക്തിപ്പെടുത്തുന്നു.


നിയമവിരുദ്ധ കുടിയേറ്റമാകട്ടെ ഗവൺമെന്റുകൾക്ക് യഥാർത്ഥ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിരുകൾ. സാമ്പത്തിക സ്രോതസുകളുടെ ഉപയോഗം. ഭരണസംവിധാനങ്ങൾ. ഇവ യഥാർത്ഥ പ്രശ്നങ്ങളാണ്. എന്നാൽ ഭരണപരമായ പ്രശ്നങ്ങൾ ഒരു സമൂഹത്തിനെതിരായ വെറുപ്പോ ശത്രുതയോ ആയി മാറരുത്.


പാശ്ചാത്യ സർക്കാരുകളുടെ പ്രഖ്യാപിത നിലപാട് കുടിയേറ്റക്കാരെ മനുഷ്യരായി കാണുന്നതിന് എതിരല്ല. അവരുടെ ആശങ്ക നിയന്ത്രണമില്ലാത്ത കുടിയേറ്റത്തെക്കുറിച്ചാണ്. ഈ വ്യത്യാസം തീവ്രവാദികൾ ഉദ്ദേശപൂർവം മറച്ചുവെച്ച് അവതരിപ്പിക്കുമ്പോൾ, നയചർച്ച ആൾക്കൂട്ടങ്ങൾക്കെതിരായ ശത്രുത ആയി മാറുന്നു. അപ്പോൾ യുക്തിയും സാമാന്യബോധവും അപ്രത്യക്ഷമാകുന്നു.


ഒരു നയപ്രശ്നവും കുടുംബങ്ങളെ ആക്രമിക്കാനും, കുട്ടികളെ ഭീഷണിപ്പെടുത്താനും, അയൽക്കാരെ ശത്രുക്കളാക്കാനും ന്യായമാകില്ല. കുടിയേറ്റക്കാർക്കെതിരായ വൈരാഗ്യം സമൂഹത്തെ സംരക്ഷിക്കുമെന്ന് ദേശീയവാദികൾ അവകാശപ്പെടുന്നു. യാഥാർത്ഥ്യത്തിൽ, അത് സമൂഹത്തെ വിഷമയമാക്കുന്നു.


ഒറ്റപ്പെടലിലൂടെയും ഒറ്റപ്പെടുത്തലിലൂടെയും ഒരു നാഗരികതയും ഒരിക്കലും മുന്നേറിയിട്ടില്ല. മനുഷ്യ പുരോഗതി എപ്പോഴും ആശ്രയിച്ചിരിക്കുന്നത് മനുഷ്യരുടെ സഞ്ചാരത്തിലും, ആശയങ്ങളുടെ കൈമാറ്റത്തിലും, സംസ്കാരങ്ങളുടെ ഇടപഴകലിലുമാണ്. സയൻസ്. ചരിത്രം, ചരിത്രം, ചരിത്രം, ചരിത്രം, മെഡിസിൻ, ടെക്‌നോളജി, കല എല്ലാ മേഖലകളിലെയും മുന്നേറ്റങ്ങൾ കുടിയേറ്റത്തിന്റെ കൂടി ഫലങ്ങളാണ്.


“നാഗരികതയെ സംരക്ഷിക്കുന്നു” എന്ന് വിളിച്ചുപറഞ്ഞ് കുടിയേറ്റക്കാരെ ആക്രമിക്കുന്നവരും അത്തരം അക്രമകഥകൾ ആവർത്തിച്ച് പുളകം കൊള്ളുന്നവരും വാസ്തവത്തിൽ നമ്മുടെ നാഗരികതയുടെ നൈതിക അടിസ്ഥാനം നശിപ്പിക്കുകയാണ്. യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ഹ്യുമനിസ്‌റ്റുകളുമായ ആളുകളുടെ നിലപാട് വ്യക്തമായിരിക്കണം. വെറുപ്പിനെ ആധാരമാക്കിയുള്ള കുറ്റകൃത്യങ്ങളെ എവിടെയായാലും നമ്മൾ എതിർക്കും. ഭീതിയെ ആശ്രയിച്ചും, വെറുപ്പ് പ്രചരിപ്പിച്ചുമുള്ള തീവ്ര ദേശീയവാദ പ്രചാരണം നമ്മൾ തള്ളിക്കളയും. നിയമഭരണം നമ്മൾ പിന്തുണക്കും. പക്ഷേ അത് സമൂഹങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കുന്നത് നാം നിരസിക്കും.



ഒരൊറ്റ സത്യം നാം ഉറക്കെ പറയണം: മനുഷ്യരുടെ പരസ്പര സ്നേഹവും സ്വാഭിമാനവും ദേശീയതയിലും, മതത്തിലും, ജന്മദേശം എവിടെ എന്നതിലും ആശ്രയിച്ചുള്ളതല്ല.


ഇന്ന് ലോകത്തിന് ആവശ്യം കൂടുതൽ വൈരമല്ല, വെറുപ്പ് അല്ല. കൂടുതൽ യുക്തിയാണ്. കുറഞ്ഞ തിരിച്ചറിവുകളല്ല, വിപുലമായ മാനവികതയാണ്. വ്യത്യാസത്തെ പേടിയല്ല, സഹവർത്തിത്വത്തിലെ ആത്മവിശ്വാസമാണ്. ഒരു നാഗരിക ലോകം ബഹുസാംസ്കാരികവും, ബഹുസ്വരതയുള്ളതും, മാനവികവും ആയിരിക്കണം. അല്ലെങ്കിൽ അത് നാഗരികമല്ല.


READ THIS ARTICLE IN ENGLISH

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page