ഒരു കന്യാസ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ
- രാജൻ പെരുമ്പുള്ളി

- 6 days ago
- 2 min read
രാജൻ പെരുമ്പുള്ളി.
ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദ നോവലിനെക്കുറിച്ച്.

മാതാപിതാക്കൾ നിർബന്ധപൂർവ്വം കന്യാസ്ത്രീ ആകാൻ മകളെ മഠത്തിലേക്ക് അയക്കുന്നു. പിന്നീട് മകൾ മഠത്തിൽ അനുഭവിക്കുന്ന പീഡനവും ആത്മഹത്യ ചെയ്യാൻ കിണർ തേടുന്നതും എന്നാൽ ആത്മഹത്യ ചെയ്യാൻ മനസ്സ് വരാതെ മഠവും പള്ളിയും വേണ്ടെന്ന് വെച്ചു പോകാൻ ഒരു വക്കീൽ വഴി കോടതിയിൽ പോകുന്നതും, അവസാനം മഠത്തിൽ നിന്നും വിടുതൽ കിട്ടാതെ രാത്രിയിൽ മതിൽ ചാടിക്കയറി ഇറങ്ങി രക്ഷപ്പെട്ടു പോകുന്നതുമെല്ലാം വിവരിക്കുന്ന ഈ ഗ്രന്ഥം അന്നത്തെ ഫ്രാൻസിലെ മഠങ്ങളുടെ അവസ്ഥയും സാമൂഹ്യജീവിതവും കാണിച്ചു തരുന്നു.
ഇഷ്ടത്തോടെ മഠത്തിൽ പോയാലും കുറച്ചുകാലം കഴിയുമ്പോൾ പറ്റില്ലെന്ന് തോന്നിയാൽ അവിടെനിന്നും പോരാൻ എളുപ്പമല്ല. അപ്പോൾ ഇഷ്ടമില്ലാതെ ഒരാൾ അവിടെ ചെന്ന് പെടുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥ ഒന്നാലോചിച്ചു നോക്കൂ. എത്രമാത്രം പീഡനം ആയിരിക്കുമത്!
സത്യത്തിൽ മഠം ചെയ്യേണ്ടത്, ഏതൊരു കന്യാസ്ത്രീയും എപ്പോഴാണോ കന്യാസ്ത്രീ ജീവിതം മതി എന്നു പറയുന്നത് അപ്പോൾ തന്നെ അവർക്ക് അവരുടെ സ്വതന്ത്ര ജീവിതം നയിക്കാൻ സാഹചര്യം ഒരുക്കി കൊടുക്കണം എന്നതാണ്. അതിനുളള മഹാമനസ്സ്‌കത അതിന്റെ അധികാരികൾ കാണിക്കണം. അല്ലെങ്കിൽ യേശുവിനെ വെറുത്തുകൊണ്ടുള്ള ഒരു ജീവിതമായിരിക്കും അവർ നയിക്കുക. അതിലും ഭേദം അവരെ സ്വതന്ത്രർ ആക്കുന്നതായിരിക്കും നല്ലത്.
കന്യാസ്ത്രീ ആകുന്നതിനുള്ള ചടങ്ങിലേക്ക് നമ്മുടെ കഥാപാത്രത്തെ കൊണ്ടുപോകുന്ന രംഗം ഇങ്ങനെയാണ് വിവരിക്കുന്നത്.
"മരണാസന്നയായ ഒരു ചെറുപ്പം ഇരയെ അൽത്താരയിലേക്ക് ആനയിക്കുകയാണെന്ന് കണ്മുന്നിൽ അവർ കണ്ടു. ചുറ്റും നേടുവീർപ്പും കരച്ചിലും എനിക്ക് കേൾക്കാമായിരുന്നു. എന്നാൽ അതെന്റെ മാതാപിതാക്കളിൽ നിന്നല്ലായിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. ചില യുവതികൾ കസേകകളിൽമേൽ കയറി നിന്ന്, അഴിച്ചുവരിനെതിരെ തങ്ങളുടെ ശരീരം അമർത്തി. ചടങ്ങിനെ നിയന്ത്രിക്കുന്ന വ്യക്തി എന്നോട് താഴെ കാണുന്നപ്രകാരം പറഞ്ഞപ്പോൾ എല്ലാവരും പരിപൂർണ്ണ നിശബ്ദതയിലാണ്ടു.
'മേരി സൂസന്ന സിമോനിൻ,
സത്യം പറയുമെന്ന് നീ വാക്ക് തരുമോ?‘
'വാക്കു തരുന്നു'
'സ്വന്തം ഇഷ്ടപ്രകാരമാണോ നീയിവിടെ വന്നിരിക്കുന്നത്?'
ഞാൻ മറുപടിയേകി, 'അല്ല.'
എന്നാൽ എനിക്കു പകരം എന്നെ അനുകമിക്കുന്ന കന്യാസ്ത്രീകൾ പറഞ്ഞു, 'അതെ.'
'മേരി-സൂസന്ന സിമോനിൻ, നീ പതിവ്രതയും നിസ്വയും അനുസരണയുളവളുമായിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ?
ഞാൻ കൂടുതൽ ദൃഢമായി മറുപടിയേകി: 'ഇല്ല മോൺഷ്യർ.'
അദ്ദേഹം ചോദ്യം ആവർത്തിച്ചു.
'മേരി-സൂസന്ന സിമോനിൻ, നീ പതിവ്രതയും നിസ്വയും അനുസരണയുള്ളവളുമായിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ?'
ഞാൻ കൂടുതൽ ദൃഢമായി മറുപടിയേകി: 'ഇല്ല മോൺഷ്യർ, ഇല്ല.'
അദ്ദേഹം ഒന്നു നിർത്തിയ ശേഷം പറഞ്ഞു:
'എന്റെ കുട്ടീ, ശാന്തതയോടെ ഞാൻ പറയുന്നത് ശ്രദ്ധിക്കൂ.'
'മോൺഷ്യർ,' ഞാനദ്ദേഹത്തോടു പറഞ്ഞു,'ഞാൻ പതിവ്രതയും നിസ്വയും അനുസരണയുള്ളവളും ആയിരിക്കുമെന്ന് ദൈവത്തിനോട് ആണയിടുമോ എന്ന് അങ്ങ് എന്നോട് ചോദിച്ചിരിക്കുന്നു. എനിക്ക് ചോദ്യം മനസ്സിലായിരിക്കുന്നു. എന്റെ മറുപടി ഇല്ല എന്നാണ്...'"
ഇത്രയും തുറന്ന് പറഞ്ഞിട്ടും കാര്യമൊന്നുമില്ല. ആ കുട്ടിയ്ക്ക് കന്യാസ്ത്രീ ജീവിതം നയിക്കേണ്ടി വരുന്നു.
"ദി നൺ" എന്ന പേരിൽ പ്രസിദ്ധമായ ഈ നോവൽ 1796-നും 1800-നും ഇടയിൽ ഫ്രാൻസിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
കന്യാസ്ത്രീ മഠത്തിൽ ഇദ്ദേഹത്തിന്റെ നാലാമത്തെ സഹോദരി ആഞ്ജലിക്ക ഭ്രാന്ത് പിടിച്ച് മരിച്ചു. മുപ്പത് വയസുള്ള ദീദ്റോയെ പിതാവ് ഒരു ആശ്രമത്തിൽ പുരോഹിതനാക്കാൻ കൊണ്ടുവിടുകയും ഒരു മാസത്തോളം അവിടുത്തെ ഒരു മുറിയിൽ പൂട്ടി ഇടുകയും ചെയ്തു. അവിടുന്ന് രക്ഷപ്പെട്ടു ദീദ്റോ തന്റെ കാമുകിയെ വിവാഹം കഴിച്ചു. ഇത്തരം കഠിനമായ അനുഭവങ്ങൾ ഈ നോവൽ എഴുതുന്നതിനു പ്രേരണ ആയിട്ടുണ്ട്.
പരിഭാഷ: എൻ മൂസക്കുട്ടി
കേരളത്തിൽ ആയാലും ഫ്രാൻസിൽ ആയാലും ലോകത്തിന്റെ മറ്റ് എവിടെയായാലും അന്നും ഇന്നും കിണറുകൾ കന്യാസ്ത്രീകൾക്ക് അഭയം നൽകിയിരുന്നു. അഭയം എന്നാൽ ഭയമില്ലാത്ത അവസ്ഥ.
ഒരുപാട് വേദനകൾ പങ്കുവെക്കുന്ന ഈ നോവൽ നല്ലൊരു വായനാനുഭവം തന്നെയായിരുന്നു.
%20(400%20x%20100%20px)%20(1).png)











Comments