എ.എ.റഹിമിന്റെ ഇംഗ്ലീഷ്! നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം !!
- ബി. മനോജ് ലാൽ

- Jan 3
- 2 min read
Updated: Jan 4
ബി. മനോജ് ലാൽ എഴുതുന്നു.

പാർലമെന്റ് അംഗം ആയ എ.എ.റഹിം കർണാടകയിൽ വച്ച് മാധ്യമങ്ങളോടും അതിനു മുമ്പ് പാർലമെന്റിലും നടത്തിയ ഇംഗ്ലീഷ് ഭാഷണത്തെ കുറിച്ച് അപർണ തെക്കേതിൽ തേരാളി ഓൺലൈൻ മാഗസിനിൽ എഴുതിയ ലേഖനത്തോട് സൗഹൃദപൂർവമായ ഒരു വിയോജന കുറിപ്പ് ആണ് ഈ ലേഖനം. (അപർണയുടെ ലേഖനത്തിന്റെ ലിങ്ക്).
"എനിക്ക് മലയാലം കുരച്ച് കുരച്ച് അരിയാം" എന്നൊരാൾ പറഞ്ഞാൽ കേൾക്കുന്നവർക്ക് എന്തൊക്കെ തോന്നാം?
1. അയാൾക്ക് മലയാള ഭാഷ വേണ്ടവിധം അറിയില്ല. എങ്കിലും അയാൾ ശ്രമിക്കുന്നുണ്ട്.
2. അത് പറഞ്ഞയാൾ (വ്യവഹാര മാധ്യമം - മലയാളത്തിൽ ) BA, MA, Phd, ഡിപ്ലോമ ഇൻ ജേർണലിസം ഒക്കെ കഴിഞ്ഞയാളാണ് പറയുന്നതെങ്കിലോ?
അയാൾ പഠിച്ചിട്ടും വലിയ കാര്യമൊന്നുമില്ല എന്നു തോന്നാം. ഇന്നസന്റിന്റെ ഡയലോഗായ - "നീ എന്തിനാ... പഠിക്കുന്നേ...?" എന്നു ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റുമോ?
മലയാള സാഹിത്യകാരനായ എം.പി പോൾ ''ഹാസ്യത്തിന്റെ ഉൽപത്തി" എന്ന തന്റെ കൃതിയിൽ ഇങ്ങനെ പറയുന്നു. "ഹാസ്യത്തിന്റെ ഉൽപത്തിക്ക് കാരണം അനുകരണമല്ല, തലച്ചോറാണ്." ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് " മൂർഖൻ പാമ്പ് കടിച്ചാൽ ഒരു സുഖവുമില്ല" എന്നൊരാൾ പറഞ്ഞാൽ ഹാസ്യം കേൾവിക്കാർക്ക് ഉണ്ടാകുന്നതിന് കാരണം. മൂർഖൻ കടിക്കുന്നത് സുഖിക്കാനല്ലല്ലോ എന്നതുകൊണ്ടാണ്.
ഇവിടെ തനിക്ക് വഴങ്ങാത്ത ഇംഗ്ലീഷ് ഭാഷയിൽ ഒരാൾ തപ്പിതടയുന്നത് കാണുമ്പോൾ തലച്ചോറുള്ളവർ ചിരിച്ചു പോകും. ഒപ്പം മൂക്കത്ത് വിരലും വയ്ക്കും. തന്റെ ലക്ഷ്യം എത്ര തന്നെ മെച്ചപ്പെട്ടതാണെങ്കിലും മറുപടി പറയുന്ന ശൈലി, രീതി, എന്നിവ തെറ്റിയാൽ കേൾവിക്കാർ ചിരിച്ചെന്നിരിക്കും ചിലപ്പോൾ ട്രോളിയെന്നിരിക്കും . ഇതൊന്നും സഹിക്കാൻ പറ്റാത്തവർ ഇതിനൊന്നും ഇറങ്ങി പുറപ്പെടരുത്. അതാണ് വേണ്ടത്. ഇല്ലെങ്കിൽ Homework ചെയ്ത് പഠിക്കണം . താനൊരു സാദാ പൗരനല്ലെന്നും ഉന്നതവിദ്യാഭ്യാസമുള്ള വ്യക്തിയും ജനങ്ങളുടെ പാർലമെന്റ് പ്രതിനിധിയും കൂടി ആണെന്ന സാമാന്യ ബോധം വേണമായിരുന്നു.
ഒരു കൊച്ചുകുട്ടി "മദർ, മദർ റണ്ണിക്കോ റണ്ണിക്കോ, ദ ഓലമടൽ ഈസ് കമിംങ്" എന്നു പറയുന്നതു പോലാണോ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പാർലമെന്റ് അംഗം ഇംഗ്ലീഷ് സംസാരിക്കേണ്ടത്? പുതിയതായി പാർലമെന്റ് അഗം ആയ ആളല്ലല്ലോ എന്നു കൂടി ഓർക്കണം. ഇംഗ്ലീഷ് BA, MA, LLB, Diploma in Journalism എന്നിവയൊക്കെ കഴിഞ്ഞ് Phd ചെയ്യുന്ന ഒരാളിൽ നിന്ന് ' ഇത്തരം ' ഭാഷപരിജ്ഞാനം ആരും പ്രതീക്ഷിച്ചില്ല. അതാണ് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ പ്രതികരണങ്ങൾക്ക് ആധാരം.
ഇനി ഒരാൾക്ക് ഇങ്ങനെ വാദിക്കാം. ഭാഷയല്ല പ്രശ്നം, അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെയാണ് അഭിനന്ദിക്കേണ്ടതെന്ന്. ശരി. ആയിക്കോട്ടെ . അത്തരക്കാരോട് പൊതുജന നടുവിൽ വച്ച് "What is the correct name of your father " എന്ന് ചോദിക്കേണ്ടതിന് പകരം " What is the name of your correct father?" എന്ന് ചോദിച്ചാൽ എന്തായിരിക്കും അത്തരക്കാരുടെ പ്രതികരണം എന്നറിയാൻ താല്പര്യമുണ്ട്.
അതിന് കുഴപ്പമില്ല എന്നാണ് മറുപടിയെങ്കിൽ ഒരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്താൻ ആഗഹിക്കുന്നു. പന്മന രാമചന്ദ്രൻ നായരുടെ "തെറ്റില്ലാത്ത മലയാളം " എന്ന കൃതിയിൽ ഒരു ഉദാഹരണം പറയുന്നുണ്ട്. ഒരു എ.ഇ.ഒ സ്കൂൾ സന്ദർശിക്കുകയായിരുന്നു. അദ്ദേഹം പഠനം നിരീക്ഷിക്കുന്നതിന് വേണ്ടി ഒന്നാം ക്ലാസ്സിൽ കയറി ചെന്നു. കുട്ടികളും അദ്ധ്യാപികയും എഴുന്നേറ്റു സ്വീകരിച്ചു. എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹവും ഇരുന്നു. ഒരു പെൺകുട്ടിയെ അടുത്തു വിളിച്ചിട്ട്, കുട്ടി എന്താണ് രാവിലെ കഴിച്ചത് എന്നു ചോദിച്ചു.
പെൺകുട്ടി: "പുട്ടും പയോം."
ഒരു ആൺകുട്ടിയെ വിളിച്ചിട്ട് ചോദ്യം ആവർത്തിച്ചു.
ആൺകുട്ടി: "പയങ്ങിഞ്ഞി."
ഇത്രയുമായപ്പോൾ AEO ടീച്ചറോട് ഇങ്ങനെ ചോദിച്ചു. എന്താ ടീച്ചറേ കുട്ടികൾ 'ഴ' യ്ക്ക് പകരം 'യ' ഉച്ചരിക്കുന്നത്?
ടീച്ചർ സങ്കോചമില്ലാതെ പറഞ്ഞു.
" അത് ഇവിടുത്തെ 'തയക്കോം പയക്കോം' കൊണ്ടാ !
"എങ്കി എനിക്കൊരു കൊയപ്പോം ഇല്ല" എന്ന് AEO മറുപടിയും പറഞ്ഞു.
മലയാളഭാഷയിലെ ' ഴ ' തിരിയാത്തവരെ അദ്ദേഹം നമുക്ക് മുന്നിൽ അവതരിപ്പിച്ചത് ഈ വിധമാണ്. അങ്ങനെയുള്ള തെറ്റ് കൊച്ചുകുട്ടികളെ കഥാപാത്രമാക്കി പന്മന പറഞ്ഞപ്പോൾ പോലും നമുക്ക് ചിരിയുണ്ടായി.
ഏത് ഭാഷ ആയാലും അതിന് വ്യാകരണ നിയമങ്ങളും, ഘടനയും, ഒക്കെ ഉണ്ട്. അത് ശരിയായി ഉപയോഗിക്കുന്നതാണ് ഭാഷ എന്നതും. ഇംഗ്ലീഷ്ഭാഷ അറിയാത്തവർ മാതൃഭാഷയിൽ പറയണം. ഏത് ഭാഷയിൽ പറഞ്ഞാലും മനസ്സിലാക്കാൻ ഇന്ന് വേണ്ട സൗകര്യങ്ങൾ ഉണ്ട്. പൊങ്ങച്ചം കാണിക്കാനും, കൊളോണിയൽ സംസ്കാരത്തിന്റെ വക്താവാണെന്ന് കാണിക്കാനും വൃഥാ ശ്രമിച്ച ശ്രീ. എ.എ.റഹീം സ്വയം കുഴിച്ച കുഴിയിൽതന്നെ പരിഹാസ്യനായി വീണു. പിന്നെ വീണിടത്ത് കിടന്ന് ഉരുണ്ടു. ഉദ്ദേശശുദ്ധി എന്ന പിടിവള്ളി കിട്ടി. ബിരുദത്തിനും, ബിരുദാനന്തര ബിരുദത്തിനും ഒക്കെ പഠിക്കുമ്പോൾ ലക്ഷ്യം രാഷ്ട്രീയ കളിയിലായിരുന്നിരിക്കണം. അല്ലെങ്കിൽ ഇത്രത്തോളം ഭാഷാപരമായ അധ:പതനം ആർക്കെങ്കിലും ഉണ്ടാകുമോ?
ഇങ്ങനെ ഒരാൾ എങ്ങനെ ഇത്രത്തോളം വിദ്യാഭ്യാസം നേടി എന്ന് ആലോചിക്കേണ്ടതാണ്.
കൂടാതെ അദ്ദേഹം തിരുത്തും എന്ന് പറഞ്ഞിട്ടുണ്ട്. തിരുത്തിയാൽ കൊള്ളാം. നമുക്ക് പ്രതീക്ഷിക്കാനല്ലേ കഴിയൂ!
സാധാരണ ജനങ്ങൾക്ക് അവരുടെ പ്രതികരണങ്ങൾ നടത്താൻ സോഷ്യൽ മീഡിയ വഹിച്ച പങ്കിനെ അഭിനന്ദിക്കുക കൂടി ചെയ്യുന്നു.
%20(400%20x%20100%20px)%20(1).png)











Comments