എ എ റഹിമിന്റെ ഇംഗ്ലീഷിനെ വിമർശിക്കുന്നത് ശരിയല്ല
- അപർണ തെക്കേതിൽ

- Jan 1, 2026
- 1 min read
- അപർണ തെക്കേതിൽ എഴുതുന്നു.

സമീപകാലത്ത് കർണാടക സന്ദർശനത്തിനിടെ കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കായി സംസാരിച്ച പാർലമെന്റ് അംഗം എ.എ. റഹീമിന്റെ നിലപാടുകളും പ്രസംഗവും ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തിന് ഇംഗ്ളീഷിൽ നന്നായി സംസാരിക്കാൻ കഴിയുന്നില്ല എന്നതാണ് വിമർശനത്തിന്റെയും പരിഹാസത്തിന്റെയും വിഷയം.
പാർലമെന്റിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷിനെക്കുറിച്ച് മുൻപ് ഉയർന്ന വിമർശനങ്ങളാണ് വീണ്ടും ചിലർ ഉയർത്തിക്കാട്ടുന്നത്. എന്നാൽ വിഷയം അതല്ല; ആകേണ്ടതുമല്ല.
എ.എ.റഹിം ഒരു മികച്ച മലയാളം പ്രസംഗകനാണ് എന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങളോട് നിങ്ങൾക്ക് യോജിപ്പുണ്ടാകാം, യോജിപ്പില്ലായിരിക്കാം. പക്ഷേ മലയാളത്തിൽ അദ്ദേഹത്തിനുള്ള ആശയവിനിമയശേഷി ഒരിക്കലും തർക്കവിഷയമായിട്ടില്ല. ഇന്ത്യയിലെ എല്ലാ പൊതുപ്രവർത്തകരും ‘കേംബ്രിഡ്ജ് ഇംഗ്ലീഷിലോ’, അതല്ലെങ്കിൽ നല്ല ഇംഗ്ലീഷിലോ സംസാരിക്കണം എന്നൊരു നിയമം എവിടെയും ഇല്ല.
റഹീമിന്റെ മാതൃഭാഷ ഇംഗ്ലീഷ് അല്ല. ഇംഗ്ലീഷ് വായിക്കാനും എഴുതാനും കഴിയുന്ന പലർക്കും പോലും അത് സ്വാഭാവികമായി സംസാരിക്കാൻ സാധിക്കണമെന്നില്ല—അത് മനുഷ്യസഹജമാണ്.
ഫലപ്രദമായ ആശയവിനിമയം മാതൃഭാഷയിലൂടെയാണ് സാധ്യമാകുന്നത്. റഹീമിന് മലയാളത്തിൽ സംസാരിക്കാം; അതിന് നല്ലൊരു പരിഭാഷകൻ ഒപ്പമുണ്ടെങ്കിൽ മതി. പാർലമെന്റിൽ പോലും മലയാളത്തിൽ സംസാരിക്കാൻ അദ്ദേഹത്തിന് സൗകര്യമുണ്ട്; അതിനുള്ള വിവർത്തന സംവിധാനങ്ങളും നിലവിലുണ്ട്. ലോകമെമ്പാടും ഇത് സാധാരണ രീതിയാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ റഷ്യൻ ഭാഷയിലാണ് സംസാരിച്ചത്—പരിഭാഷകരുണ്ടായിരുന്നു. ജപ്പാനും കൊറിയയും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾ അന്താരാഷ്ട്ര വേദികളിൽ സ്വന്തം ഭാഷയിലാണ് സംസാരിക്കുന്നത്; പരിഭാഷയിലൂടെ സന്ദേശം എത്തുന്നു. അതാണ് ആധുനിക ലോകത്തിന്റെ സംസ്കാരം.
ഒരു വ്യക്തിയുടെ അറിവോ നിലപാടോ ഇംഗ്ലീഷിൽ സംസാരിക്കുവാനുള്ള ശേഷിയിലൂടെ മാത്രം വിലയിരുത്തണം എന്ന ധാരണ തെറ്റാണ്. അത് ഒരു കോളോണിയൽ ഹാങ്‌ഓവർ മാത്രമാണ്. ഓർക്കുക—അടൽ ബിഹാരി വാജ്പേയി ഐക്യരാഷ്ട്രസഭയിൽ ആദ്യമായി സംസാരിച്ചപ്പോൾ ഹിന്ദിയിലാണ് സംസാരിച്ചത്. അതൊരു അഭിമാന നിമിഷമായിരുന്നു. ഭാഷാഭേദം ആശയങ്ങളുടെ മൂല്യത്തെ കുറയ്ക്കുന്നില്ല; മറിച്ച് വൈവിധ്യത്തെ മാനിക്കുന്നതാണ് ജനാധിപത്യം.
റഹീം ചെയ്യേണ്ടത് ഒരൊറ്റ കാര്യമാണ്—വിശ്വസിക്കാവുന്ന ഒരു ഭാഷാപരിഭാഷകനെ ഒപ്പമെടുക്കുക. അത്രമാത്രം. അദ്ദേഹത്തെ വിമർശിക്കേണ്ടത് ഭാഷയുടെ പേരിലല്ല; കർണാടകയിൽ അദ്ദേഹം എന്തിനുവേണ്ടി നിലകൊണ്ടു, ആരുടെ അവകാശങ്ങൾക്കായാണ് ശബ്ദമുയർത്തിയത്—അതാണ് പ്രധാനം. ഭാഷയെ ആയുധമാക്കി വിഷയത്തെ വഴിതിരിച്ചുവിടുന്നത് നീതിയുള്ള വിമർശനമല്ല. ജനാധിപത്യത്തിൽ ആശയങ്ങൾക്കാണ് മുൻതൂക്കം; വ്യാകരണത്തിനോ ഉച്ചാരണത്തിനോ അല്ല.
%20(400%20x%20100%20px)%20(1).png)











Comments