top of page

കൊലവെറി പൂണ്ട കലാലയ രാഷ്ട്രീയം

ഡോ. ഷീബ ഷാജി എഴുതുന്നു 



ഒരു രാഷ്ട്രത്തിലെ ജനസമൂഹത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമൊക്കെയായ എല്ലാവിധ പ്രശ്നങ്ങളും നിവർത്തിപ്പിടിച്ചു അവരുടെ ജീവിതത്തെ ക്ഷേമകരമാക്കിത്തീർക്കാൻ സഹായിക്കുന്ന രാഷ്ട്രത്തെ സംബന്ധിച്ച പദ്ധതികളാണല്ലോ രാഷ്ട്രീയമെന്നത്. പ്രാദേശികമായ എല്ലാവിധ മാനങ്ങളെയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ജനതതിയെ ഒറ്റ ഭരണത്തിന്റെ കീഴിൽ ഒന്നായി വിന്യസിച്ചു ചേർത്തു നിർത്തുന്ന സുസംഘടിതമായ ഒരു വലിയ പൗരസമൂഹം. രാഷ്ട്രവും  പ്രാദേശിക അടിസ്ഥാനത്തിലുള്ള ഭാഷ, ദേശം, വസ്ത്രധാരണം, ആഹാരം, ജീവിതരീതി, സംസ്കാരം, തൊഴിലുകൾ, വിശ്വാസങ്ങൾ, ജാതി ചിന്തകൾ എന്നീ വൈജാത്യങ്ങൾക്കതീതമായി മാനവികതയിലും ഏകതാബോധത്തിലും ഊന്നിയ ഒരു സംസ്കൃതി വളർന്നു വരേണ്ടിയിരിക്കുന്നു. അതിന്റെ അഭാവമാണ് അക്രങ്ങൾക്ക് വഴിയൊരുക്കുന്നത്.


ഇതിന്റെതന്നെ ചെറുപതിപ്പുകളാണല്ലോ പ്രാദേശിക രാഷ്ട്രീയവും, അതിന്റെയും താഴെ തട്ടിലുള്ള കലാലയ രാഷ്ട്രീയവുമെല്ലാം. മനുഷ്യൻ പെരുമാറുന്ന മറ്റിടങ്ങളിൽ നിന്ന് തുലോം ഭിന്നമായി കാണേണ്ടതാണ് രാഷ്ട്രീയത്തെ. അതിനാൽ തന്നെ എവിടെയാണോ രാഷ്ട്രീയം കയ്യാളുമ്പോൾ നാടിനെ അസന്തുഷ്ടിയിലാക്കുന്നത്, അവർ രാഷ്ട്രസംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കെല്പുള്ളവരായിരിക്കില്ല. അജ്ഞതയുടെ  മുൾമുനകൾ അണിഞ്ഞ വെറും പൊയ് രൂപങ്ങളാകും അവർ. 


ഇതിൽ കലാലയ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അപ്രസക്തിയും പേർത്തും പേർത്തും പറഞ്ഞു കുഴഞ്ഞുപോയവരാണ് നമ്മൾ. ഏറ്റവും താഴെ തട്ട് എന്ന നിലയിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട ഇടവുമാണത്. സ്ഥാനങ്ങളും പദവികളും സമ്പത്തും അധാർമികതയ്ക്ക് വഴങ്ങിക്കൊടുക്കുന്നത് കണ്ടുനിൽക്കാനുള്ളതല്ല. ശക്തമായ പ്രതികരണങ്ങളും ഇടപെടലുകളും അവിടെ ആവശ്യമായി വരും. ഒരു സാമൂഹിക രോഗം കണക്കെ അന്തസ്സറ്റ രാഷ്ട്രീയം വിദ്യാലയങ്ങളിലും മറ്റു കലാലയങ്ങളിലും ഉരുത്തിരിഞ്ഞു വന്നാൽ നിഷ്കാസനം തന്നെയാകും അതിനുള്ള ഉത്തമ ഔഷധം. 


ഈ ഭൂമിയിൽ ആരും അടിമകളോ ചാവേറുകളോ അല്ല. മനുഷ്യന്റെ നിലനില്പിനായതെല്ലാം പ്രകൃതി ഒരുക്കി തരുന്നുണ്ട്. അതെല്ലാം എല്ലാവർക്കും അർഹതപ്പെട്ടതാണ്. അഹന്തയുടെ ഊറ്റത്താൽ തങ്ങൾ മാത്രമാണ് അധികാരികളെന്നും, തങ്ങളാണ് ലോകരെയും ലോകത്തെയും നിയന്ത്രിക്കുന്നതെന്ന കാഴ്ചപ്പാടും രാഷ്ട്രീയത്തെ ദൂഷിതമാക്കുന്നു. ഇവിടെ മറ്റുള്ളവരുടെ സേവകരായാണ് രാഷ്ട്രീയം കയ്യാളുന്നവർ തങ്ങളുടെ സ്ഥാനങ്ങളെ  കാണേണ്ടത്. തങ്ങളെ സ്ഥാനങ്ങളിലിരിക്കാൻ  കരണക്കാരായവരെ മറന്ന് നടത്തുന്ന വാചാടോപങ്ങളും കസർത്തുകളും വെറും നീർക്കുമിളകളാണ്. 

കുട്ടികളിൽ ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുന്നതിനുള്ള ഉപാധിയായാണ് സർക്കാരിന്റെ ചെറുരൂപമായ സ്കൂൾ പ്രധിനിധിസഭകൾ രൂപീകൃതമാക്കപ്പെട്ടത്. 


വിദ്യാർത്ഥി പങ്കാളിത്തമുള്ള ഇത്തരം സ്ഥാപനങ്ങളിൽ പൗരത്വ ശീലത്തിന്റെ ഫലപ്രദമായ ഒരു കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെന്ന് കാണാനാകും. അവിടെ എല്ലാവരും അംഗീകരിക്കപ്പെടേണ്ടവരും, എല്ലാവരുടെയും ആവശ്യങ്ങൾക്ക് തുല്യ വിലയുമാണ് കല്പിച്ചിരുന്നത്. പഠനത്തിന് പ്രാധാന്യമേറിയ ഇത്തരം മേഖലകളിൽ അതിന്റെ എല്ലാ പരിമിതികളും പരിധികളും ഉൾക്കൊണ്ടുതന്നെ കുട്ടികളുടെ ആവശ്യങ്ങളും പരാതികളും പരിഹാരങ്ങളുമായി ഏറെ സൗഹാർദ്ദമായ ഒരു ലക്ഷ്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. 


എന്നാൽ കാലക്രമേണ അത് സങ്കുചിതവും അനുചിതവും അതേസമയം വിപരീത വളർച്ചയുള്ളതുമായ ഒരു പ്രവർത്തന ശൈലിയിലേക്ക് മാറുകയായിരുന്നു. അവിടെ താൻപോരിമയും കക്ഷിരാഷ്ട്രീയവും പുറം രാഷ്ട്രീയ പ്രേരണകളും ഇടപെടലുകളും ചൂഷണങ്ങളും അസാന്മാർഗീകതയും ഒക്കെ പടർന്നു പറന്നു വളർന്ന് ഇന്നതിന്റെ അക്ഷരാർഥത്തിലുള്ള മാനങ്ങളിൽ നിന്നകന്ന് ഭീതിതമായ ഒരവസ്ഥയിലേക്ക് വീണുപോയിരിക്കുന്നു. കുട്ടികളെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് പൂർണമായ ധാരണയുള്ള യോഗ്യനായ ഒരു പൗരന് യോജിച്ച രീതിയിൽ അവന്റെ ബുദ്ധിയേയും ഹൃദയത്തേയും മാറ്റിയെടുക്കാനും ഒരു നല്ല ലീഡറും അനുയായിയും ആക്കി മാറ്റാൻ തക്കതായ ഒരു പദ്ധതിയാണ് ഇന്ന് കലാലയങ്ങളിൽ നിന്നും എടുത്തു മാറ്റാൻ ഇടയായിരിക്കുന്നത്.


കുട്ടികൾക്ക് അവരുടെ വോട്ടവകാശത്തെ ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കാൻ അവസരം കിട്ടുകയും ജനാധിപത്യപരമായ ഇടങ്ങളിൽ ചർച്ചകൾ നടത്താനും സ്വയം വെളിപ്പെടുത്താനും, വിലയിരുത്താനും വിധിനിർണയങ്ങൾ നടത്താനുമുള്ള വിപുലമായ സാധ്യതകളായിരുന്നു കലാലയ രാഷ്ട്രീയം വഴി ലഭിച്ചിരുന്നത്. ലൈബ്രറികൾ, കായിക വിനോദങ്ങൾ, സാംസ്കാരികവും സാമൂഹ്യവുമായ എല്ലാവിധ പ്രവർത്തനങ്ങളിലൂടെയുമൊക്കെ സഞ്ചരിച്ച്  അറിവും അനുഭവവും ആർജ്ജിതമാക്കാനും അതേസമയം സുദൃഡവും അനുകരണീയവുമായ അധ്യാപക വിദ്യാർഥി അനധ്യാപക ബന്ധങ്ങൾ നിലനിർത്താനും ഇത് വഴിയൊരുക്കിയിരുന്നു. കുട്ടികൾ സ്വമേധയാ ഉത്തരവാദിത്വങ്ങൾ എടുക്കുകയും അച്ചടക്കത്തിന് ഭാഗഭാക്കാകുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന്  എല്ലാ മനുഷ്യരുടെയും സമാധാനത്തെ തകർത്തുകളയും വിധം കലാലയ രാഷ്ട്രീയം അധഃപതിച്ചിരിക്കുന്നു. നാളെയുടെ വിളക്കുകളായ ഈ കുട്ടികൾ ആളി തിരികത്തി എരിഞ്ഞടങ്ങുംവിധം നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. 


ഇതെല്ലാം ഇത്രയും അധഃപതിക്കാൻ കാരണങ്ങൾ ഏറെയുണ്ടെങ്കിലും ചില അധ്യാപകരുടെയും മേധാവികളുടെയും ദുരഭിമാനവും അജ്ഞതയും തങ്ങളുടെ നിലപാടുകളിലും ധാർമ്മികതയിലും ഉറച്ചു നിൽക്കാനുള്ള ഭയവും വാഗ്ദാനങ്ങളുടെയും മോഹങ്ങളുടെയും വഴികളിലെ താൽക്കാലിക ഭ്രമങ്ങളും ബാഹ്യരാഷ്ട്രീയ പ്രേരിതമായി കുട്ടികളും അധ്യാപകരും എടുക്കുന്ന തീരുമാനങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാപ്തിക്കുറവും മറ്റും രാഷ്ട്രീയത്തെ വഴിതിരിച്ചു വിടുന്നുണ്ട്. അക്ഷരഭൂമിയിലാണ് താൻ നിൽക്കുന്നതെന്നുപോലുമറിയാതെ അറിവിനെയും അക്ഷരത്തെയും മറന്നു പോകുന്നവരായി മാറുന്ന നേതാക്കൾ. മദ്യം, മയക്കുമരുന്ന് വ്യക്തികളുടെ ആരോഗ്യത്തിനും നിലനിൽപ്പിനും വിഘാതമായി നിൽക്കുന്ന ഒട്ടനവധി പ്രതിലോമ സംവിധാനങ്ങളിലൂടെ കയറിയിറങ്ങി കാഴ്ചയില്ലാത്തവരായും പ്രജ്ഞാമാന്ദ്യമുള്ളവരായും മാറിയിരിക്കുന്നു ഇന്ന് രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന മിക്കവാറും വിദ്യാർഥികൾ. തങ്ങൾ പറയുന്നത് അംഗീകരിക്കാത്തവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി കരുതുന്നു. സതീർഥ്യനെയും മിത്രത്തെയും മാത്രമല്ല ഒരു മനുഷ്യന്റേയും ജീവനെടുക്കാൻ ഉള്ള സ്വാതന്ത്ര്യം തങ്ങൾക്കില്ല എന്ന് അവർ അറിയുന്നില്ല. 


ഇവർ അപരന്റെ ഇഷ്ടത്തിനും അധികാരത്തിനും  അവകാശത്തിനും സ്വാതന്ത്ര്യത്തിനും കൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഈ ഭൂമുഖത്തു തന്നെപ്പോലെ തന്നെയാണ് അപരനും എന്ന തോന്നൽ ഇവർക്കുണ്ടാകേണ്ടതുണ്ട്. ഈ ഭൂമിയെയും ഇവിടുള്ള മനുഷ്യരെയും കാഴ്ചകളെയും പുരോഗതികളെയും മറ്റുള്ളവരുടെ പ്രയത്നങ്ങളെയും അറിയാനുള്ള ഒരു മനസുണ്ടാകണം.


ജീവിതം എന്തെന്നറിയിക്കുന്ന പാഠഭാഗങ്ങൾ ഇന്ന് പാഠസഞ്ചയങ്ങളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഒരു തുലാസിന്റെ രണ്ടു തട്ടും എന്നപോലെതന്നെ ജീവിതവും തുലനത്തിലാക്കാൻ ചുറ്റുമുള്ള അറിവുകൾക്കൊപ്പം സത്താപരമായ അറിവുകളും സ്വാംശീകരിക്കേണ്ടിയിരിക്കുന്നു.


എല്ലാം തകിടം മറിഞ്ഞു കിടക്കുകയാണെങ്കിലും ഒന്ന് നിവർത്തിവെയ്ക്കാൻ സാധ്യതയുണ്ടെങ്കിൽ ലോകത്തെ ലോകമാക്കുന്ന, ജനതയെ ജനതയാക്കുന്ന, ജീവിതത്തെ ജീവിതമാക്കുന്ന, രാഷ്ട്രത്തെ രാഷ്ട്രമാക്കുന്ന, വിദ്യാഭ്യാസമെന്ന പ്രക്രിയ ഉടച്ചുവാർത്തു പ്രോജ്വലിപ്പിക്കുക തന്നെ വേണം. 


രാഷ്ട്രീയത്തിന്റെ പേരിൽ പോരടിക്കുമ്പോൾ പോരടിക്കുമ്പോൾ എല്ലാ രാഷ്ട്രീയത്തിനുമപ്പുറം ഒരു ജീവിതമുണ്ടെന്നും അത് ജീവിച്ചുതീർക്കാനുതകുന്ന എല്ലാവിധ സന്നാഹങ്ങളുമുള്ള ഒരു ഭൂമിയുണ്ടെന്നും അതിനു മാറ്റുകൂട്ടുവാൻ സർവ സംവിധാനങ്ങങ്ങളും ഒരുക്കിയ മാനവ ധിഷണയുണ്ടെന്നും അവർ അറിഞ്ഞിരുന്നെങ്കിൽ!


മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും നിലപാടുകളെയും തിരിച്ചറിയാൻ  ചെറുതലം തൊട്ടേ  സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ! നേട്ടങ്ങളുടെ പട്ടിക നീട്ടിവലിക്കാൻ തത്രപ്പെടുന്ന മുതിർന്ന പൗരന്മാർ കുറച്ചെങ്കിലും സമയം ഇളംതലമുറയ്ക്കായി മാറ്റിവച്ചെങ്കിൽ! തന്റെ ഭാവിയോടൊപ്പം വളർന്നുവരുന്നവരുടെ ഭാവിയും ശോഭനമാക്കാൻ മത്സരിച്ചിരുന്നെങ്കിൽ! ഒരാളുടെ രക്തം വാർന്നു വീഴുമ്പോൾ ഭൂമിയെ പ്രകമ്പനം കൊള്ളിക്കും വിധം വാഗ്വിലാസങ്ങൾ ഉണ്ടായാൽ മതിയാകുമോ! ഇത്തരം അക്രമങ്ങൾ ശാശ്വതമായി ഇല്ലാതാക്കാൻ ഏറ്റവും തിളക്കമുള്ളതും സുന്ദരവും കാമ്പേറിയതും സമഗ്രവുമായ നിയമസംഹിതകളുള്ള നമുക്ക് കഴിയാത്തതെന്തേ? അറിവാണെല്ലാം, അതിലൂടെയാണ് യഥാർഥ സ്വാതന്ത്ര്യം എന്നെല്ലാവരും അറിഞ്ഞിരുന്നെങ്കിൽ!

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page