top of page

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം വേണ്ടേ?

  • Jan 26
  • 2 min read

വാവ ബഷീർ.


സോഷ്യൽ മീഡിയ വഴിയുള്ള അപമാനിക്കലിന് അവസാനം ഉണ്ടായേ പറ്റൂ 
സോഷ്യൽ മീഡിയ വഴിയുള്ള അപമാനിക്കലിന് അവസാനം ഉണ്ടായേ പറ്റൂ 

സോഷ്യല്‍ മീഡിയ അതിരു കടക്കുകയാണോ എന്ന ചോദ്യം ഇന്ന് ഒരു ചർച്ചാവിഷയം എന്നതിനപ്പുറം ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തെ നേരിട്ട് തൊടുന്ന ഒരു യാഥാര്‍ഥ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. 


കഴിഞ്ഞ ദിവസം ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ, തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച ഒരു വീഡിയോയെ തുടര്‍ന്ന് ഒരു യുവാവ് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേരളം സമൂഹം വ്യാപകമായി ചർച്ച ചെയ്തതാണ്.  അതൊരു ഒറ്റപ്പെട്ട സംഭവം ആയിരുന്നില്ല. ഇന്ന് വളര്‍ന്നുവന്നിരിക്കുന്ന ഒരു സാമൂഹിക രോഗമാണ്  അതിലൂടെ വെളിവാക്കപ്പെട്ടത്. എന്തിലും ഏതിലും ഒരു സോഷ്യല്‍ മീഡിയ കണ്ടന്റ് കണ്ടെത്തണം എന്ന ചിന്തയോടെ  മനുഷ്യരുടെ സ്വകാര്യതയും ആത്മാഭിമാനവും ജീവിതവും വരെ ബലികഴിക്കുന്ന പ്രവണത  അപകടകരമായ വേഗത്തില്‍ വളരുകയാണ്.


എതീസ്റ്റ് ബുക്ക് ക്ലബ്ബിൽ അംഗം ആയാൽ പകുതി വിലയ്ക്ക് പുസ്തകങ്ങൾ കിട്ടും. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. 


ഇന്ന് പലര്‍ക്കും ജീവിതം അനുഭവിക്കാനുള്ള ഒന്നല്ല; അത് റെക്കോര്‍ഡ് ചെയ്യാനുള്ള ഒരു അസംസ്കൃത വസ്തുവായി മാറിയിരിക്കുന്നു. ഒരു അപകടം സംഭവിച്ചാല്‍ ആദ്യം കൈ നീളുന്നത് സഹായത്തിനല്ല, മൊബൈൽ ഫോണിലെ ക്യാമറയിലേക്കാണ്. ഒരു മനുഷ്യന്‍ തകര്‍ന്നുവീഴുമ്പോള്‍ അത് പലരും ഒരു ദുഃഖമായി കാണുന്നില്ല; മറിച്ച് സോഷ്യൽ മീഡിയയ്ക്കുള്ള കണ്ടന്റ് കിട്ടാനുള്ള  അസുലഭ  നിമിഷമായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരില്‍ പലരും ഒരു മരണവീട് പോലും കണ്ടന്റ്ക്കി ആക്കി  മാറ്റുന്ന മാനസിക രോഗികളായി മാറിയിരിക്കുന്നു എന്നത് അതിശയോക്തിയല്ല. കരയുന്ന അമ്മയും തളര്‍ന്ന ബന്ധുക്കളും പശ്ചാത്തല സംഗീതത്തോടൊപ്പം reels ആകുന്ന കാഴ്ചകള്‍ ഇന്ന് അപൂര്‍വ്വമല്ല.


ഇതിന്റെ അടിത്തറയായി  പ്രവര്‍ത്തിക്കുന്നത് “എങ്ങേനെയും ശ്രദ്ധ നേടിയെടുക്കുക” എന്ന ചിന്തയാണ് എന്ന് ലളിതമായി വിശേഷിപ്പിക്കാം. ലൈക്കുകള്‍, ഷെയറുകള്‍, വ്യൂസ്, റീച്ച് — ഈ വാക്കുകള്‍ മനുഷ്യ മൂല്യങ്ങളെക്കാള്‍ വലുതാകുമ്പോള്‍ അവിടെ കരുണയും ഉത്തരവാദിത്വവും നിഴലുകള്‍ ആവുന്നു. ലോകാരോഗ്യ സംഘടന പല റിപ്പോര്‍ട്ടുകളിലും സോഷ്യല്‍ മീഡിയ സമ്മര്‍ദ്ദവും ഓണ്‍ലൈന്‍ അപമാനവും മാനസികാരോഗ്യ തകര്‍ച്ചയ്ക്കും  ആത്മഹത്യാ പ്രവണതയ്ക്കും  കാരണമാകുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ, ഓരോ ദിവസവും നാം പുതിയ “വൈറല്‍ ദുരന്തങ്ങള്‍"  സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.


പ്രശ്നം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മാത്രമല്ല; അവ ഉപയോഗിക്കുന്ന മനുഷ്യരിലാണ്. AI കമ്പനികള്‍ പലതും അല്‍ഗോരിതങ്ങള്‍ വഴി ഈ പ്രവണതകള്‍ വളര്‍ത്തുമ്പോള്‍, ഉപയോക്താക്കള്‍ സ്വന്തം നീതി ബോധം കാറ്റില്‍ പറത്തുന്നു. “ഞാന്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്യും” എന്ന ന്യായം, കൂട്ടായ കുറ്റകൃത്യങ്ങളുടെ ഏറ്റവും അപകടകരമായ രൂപമാണ്. ഇവിടെ ഓരോ ഷെയറും, കമന്റും, views-ഉം ഒരു പങ്കാളിത്തമാണ് - പലപ്പോഴും ഒരു മനുഷ്യന്റെ തകര്‍ച്ചയിലേക്കുള്ള പങ്കാളിത്തം.


സ്വകാര്യത എന്ന ആശയം  പരിഹാസ്യമായി മാറിയിരിക്കുന്നു. ഒരാളുടെ ദുഃഖം അയാളുടേതല്ല; അത് പൊതുസമ്പത്താണ് എന്ന ധാരണ സമൂഹത്തില്‍ പതുക്കെ വേരൂന്നുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ നാളെ ആരുടെയും ജീവിതം സുരക്ഷിതമാവില്ല. ഇന്ന് മറ്റൊരാളുടെ ദുരന്തം കണ്ടന്റ് ആക്കുന്നവന് നാളെ സ്വന്തം ദുരന്തം ഒരു ട്രെന്‍ഡായി മാറുമ്പോള്‍ ചോദ്യം ചെയ്യാന്‍ അവകാശം നഷ്ടപ്പെടുകയാണ്.


ഈ പ്രവണതയ്ക്ക് മൂക്കുകയര്‍ ഇടേണ്ടത് അനിവാര്യമാണ്. നിയമപരമായ നിയന്ത്രണങ്ങളും പ്ലാറ്റ്ഫോം ഉത്തരവാദിത്തവും ഒരുപോലെ ആവശ്യമാണ്. അതിനൊപ്പം തന്നെ, ഏറ്റവും പ്രധാനമായി, ഓരോ ഉപയോക്താവും സ്വന്തം കൈവശമുള്ള ഫോണ്‍ ഒരു ആയുധമാകുന്ന നിമിഷം തിരിച്ചറിയേണ്ടതുണ്ട്.


 സോഷ്യല്‍ മീഡിയ മനുഷ്യനെ സേവിക്കേണ്ടതുണ്ട്; പക്ഷെ, അത് ധാര്‍മ്മിക പരിധികള്‍ ലംഘിച്ചായിരിക്കരുത്. ഇന്ന് നമുക്ക് മുന്നിലുള്ള ചോദ്യം ഇതാണ്: വൈറലാകുന്ന ഒരു പോസ്റ്റിന്റെ വിലയായി ഒരു മനുഷ്യജീവിതം നഷ്ടപ്പെടുമ്പോള്‍, ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, ആരാണ് യഥാര്‍ഥ കുറ്റവാളികള്‍? റീച്ചിനുവേണ്ടി എന്തും കണ്ടന്റ് ആക്കുന്നവരോ, അതോ, എന്തും ഏതും സത്യമോ മിഥ്യയോ എന്നൊന്നും ചിന്തിക്കാതെ  ലൈക്കും ഷെയറും വാരിക്കോരി നല്‍കുന്നവരോ? ഇത് സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page