top of page

നരിച്ചീറുകൾക്ക് ഇനിയും പറക്കാം

നിപാ വൈറസ് വീണ്ടും ഭീഷണി ഉയർത്തുമ്പോൾ..

ഡോ. വേണു തോന്നയ്ക്കൽ.



ആഗോളതലത്തിൽ ഭീകരനായി കരുതപ്പെടുന്ന ഒരു രോഗാണുവാണ് നിപാ വൈറസ്. 2018 ജൂൺ മാസത്തിലാണ് കേരളത്തിൽ നിപാ വൈറസ് ബാധ ആദ്യമായി കണ്ടത്. കോഴിക്കോട് ചെങ്ങരോത്ത് ഗ്രാമത്തിൽ രോഗം സ്ഥിരീകരിച്ചു. അനവധി പേർ രോഗം ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. പഴം തീനി നരിച്ചീർ (fruit bat) ആയിരുന്നു രോഗാണു വാഹകർ.


അന്ന് കോഴിക്കോട് ഉണ്ടായ അണുബാധ കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ബാധിച്ചു. കേരളത്തെ എരിതീയിൽ ആഴ്ത്തിയ നിപാ വൈറസ് പനി പിന്നെയും കേരള ജനതയെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തുകയാണ്. ഇന്നിപ്പോൾ കേരളം നിപാ വൈറസുകളുടെ ഹബ്ബ് ആയി മാറിയിരിക്കുന്നു. മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും മാത്രമല്ല വന്യ ജീവികൾക്കും നിപാ വൈറസ് പകരാം.


ഈ രോഗം ഒരു ഏഷ്യൻ ഉൽപന്നമാണ് എന്ന് പറയാം. ഇന്ത്യയിലും ബംഗ്ലാദേശിലും ആണ് രോഗം പൊതുവേ വ്യാപകമായി കാണപ്പെടുന്നത്.


രോഗലക്ഷണങ്ങൾ

അണുബാധയെ തുടർന്ന് 4 -14 ദിവസങ്ങൾക്കകം രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഈ കാലയളവാണ് ഇൻകുബേഷൻ സമയം (incubation period). ഇക്കാലത്താണ് രോഗാണു ശരീരത്തിൽ വളർന്നു പെരുകുന്നത്. ഇൻകുബേഷൻ സമയം 45 ദിവസം വരെ നീണ്ട കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


പനി, തലവേദന, ചുമ, ഓക്കാനം, ഛർദ്ദി, വയറു വേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെയാണ് രോഗാരംഭം. അപൂർവം ചില രോഗികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്നും വരാം. ഒരു രോഗിയിൽ ഇപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ മുഴുവനും കാണണമെന്നില്ല. രോഗ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും.


പ്രാഥമിക രോഗ ലക്ഷണങ്ങൾ പ്രകടമായി, വൈകാതെ പരിസര ബോധമില്ലായ്മ, ആശയക്കുഴപ്പം, അപസ്മാരം, മയക്കം, ശ്വാസ തടസ്സം, കണ്ഠ സ്തംഭനം, തുടങ്ങിയ ലക്ഷണങ്ങളോടെ പ്രശ്നം സങ്കീർണ്ണമാകുന്നു. ഒന്ന് രണ്ട് ദിവസങ്ങൾക്കകം രോഗം കൂടുതൽ വഷളാവുകയും രോഗി ബോധക്ഷയാവസ്ഥയിൽ പ്രവേശിക്കുകയും ചെയ്യുന്നു. മരണ നിരക്ക് 40 ശതമാനത്തിനും 60 ശതമാനത്തിനും (40-60%) മധ്യേയാണ്.


നിപാ വൈറസ് (nipah virus) (NiV) മസ്തിഷ്കത്തെ ബാധിക്കുന്നതു മൂലം, ഇൻസെഫലൈറ്റിസ് (encephalitis), മസ്തിഷ്ക വീക്കം (inflammation), തീവ്രമായ ശ്വാസകോശ രോഗങ്ങൾ, ആദിയായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാം. ആസ്തമ (asthma), ന്യൂമോണിയ (pneumonia), ന്യൂമോതൊറാക്സ് (pneumothorax), പൾമൊനറി എമ്പോളിസം (pulmonary embolism), കോവിഡ് -19 (COVID -19), തുടങ്ങിയ രോഗങ്ങൾക്കും ശ്വസന വൈഷമ്യവും ശ്വാസകോശ പ്രശ്നങ്ങളും ഉള്ളതിനാൽ രോഗി അനുഭവിക്കുന്ന ശ്വസന വൈഷമ്യവും ശ്വാസകോശ പ്രശ്നങ്ങളും നിപാ പനിയുടേതാണെന്ന് സംശയാതീതമായി തെളിയിയ്ക്കപ്പെടണം.


ചില നിപാ രോഗികൾ രോഗത്തെ അതിജീവിക്കാറുണ്ട്. എന്നാൽ അവരിൽ നിരന്തരമായ ആശയക്കുഴപ്പം, വ്യക്തിത്വ തകരാറുകൾ, അടിക്കടിയുണ്ടാവുന്ന അപസ്മാരം, തുടങ്ങിയ മാനസിക- ശാരീരിക ആരോഗ്യ പ്രശ്നങ്ങളും കാണപ്പെടുന്നു. അത്തരം ആരോഗ്യ പ്രശ്നങ്ങൾ അവരിൽ ഏറെക്കാലം നിലനിൽക്കാം.


രോഗാണു

നിപാ വൈറസ് പനി വരുത്തുന്നത് നിപാ വൈറസുകളാണ് (nipah virus). ഏറെ അപകടകാരിയായ വൈറസുകളുടെ കൂട്ടത്തിലാണ് നിപാ വൈറസ് ഉൾപ്പെടുന്നത്. ഇതൊരു ആർ.എൻ.എ. വൈറസ് (RNA virus) ആണ്. ആർഎൻഎ വൈറസിൽ റൈബോ ന്യൂക്ലിക് ആസിഡ് ( ribo nucleic acid) ആണ് ജനിതക ഘടകം. ഒറ്റ ഇഴയിലാണ് (single stranded) ആർ.എൻ.എ. വൈറസ് ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. ജലദോഷം, ഇൻഫ്ലുവൻസ (influenza), പോളിയോമൈലൈറ്റിസ് (poliomyelitis) തുടങ്ങി അനവധി രോഗങ്ങൾക്കും കാരണം ആർ.എൻ.എ. വൈറസുകളാണ്.


നിപാ വൈറസ്
നിപാ വൈറസ്

നിപാ വൈറസ് മോണോനെഗവൈറേൽസ് ഓർഡറിൽ (order mononegavirales) പാരാമിക്സോവൈറിഡെ കുടുംബാംഗങ്ങളായ(family paramyxoviridae) നിപാ വൈറസ് സ്ട്രെയ്നുകൾ (virus strain) ഹെനിപവൈറസ് ജീനസിൽ (genus henipavirus) പെടുന്നു. മോണോനെഗാവൈറേൽസ് ഓർഡറിൽ ഉൾപ്പെടുന്ന അഞ്ചു തരം വൈറസ് സ്ട്രെയ്നുകളാണ് നിപാ പനി വരുത്തുന്നത്.

നിപാ പനി ഒരു ജന്തു ജന്യ രോഗമാണ് (zoonotic disease). മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളാണ് ജന്തു ജന്യ രോഗങ്ങൾ. ഇത്തരം രോഗങ്ങൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരുന്നു.


വെക്ടർ

പഴം തീനി വിഭാഗത്തിൽപ്പെട്ട ഒരിനം നരിച്ചീറുകളാണ് രോഗാണു വാഹകർ. ഈയിനം നരിച്ചീറുകൾ ചിറോപ്ടീറ ഓർഡറിൽ(order chiroptera) ടിറോപോഡിഡെ (family pteropodidae) കുടുംബത്തിൽ പെടുന്നു.


ഇവിടെ നരച്ചീർ ഒരു റിസർവോയർ (reservoir) ആയി പ്രവർത്തിക്കുന്നു. റിസർവോയർ ഒരു ആതിഥേയ മൃഗമാണ്. രോഗാണു നരിച്ചീറിന്റെ ശരീരത്തിൽ അതിഥിയായി താമസിച്ച് മനുഷ്യർ ഉൾപ്പെടെ ഇതര ജീവ ജാതികൾക്ക് രോഗമുണ്ടാക്കുന്നു. അതേസമയം നരിച്ചീറിന് രോഗ ബാധ ഉണ്ടാവുന്നില്ല.


നരിച്ചീർ ഒരു സ്വാഭാവിക ആതിഥേയ മൃഗമാണ് (natural host). നരിച്ചീറിൽ നിന്നും പന്നിക്കും രോഗാണു ബാധ ഉണ്ടാവാം. പന്നിയിൽ നിന്നും മനുഷ്യർക്കും ഇതര ജീവജാതികൾക്കും രോഗം പിടി പെടാം. ഇവിടെ പന്നി മധ്യവർത്തിയായ ആതിഥേയ മൃഗമായി (intermediate host) പ്രവർത്തിക്കുന്നു.


നിപാ വൈറസ് രോഗം പഴം തീനി നരിച്ചിലൂടെ പകരുന്നു എന്ന വാർത്ത അഭ്യസ്തവിദ്യർ ഉൾപ്പെടെ പലരുടെയും മനസ്സുകളിൽ ഭയം വാരി വിതച്ചു. പേരക്ക ഉൾപ്പെടെ പഴങ്ങൾ കഴിക്കുന്നില്ല എന്ന് മാത്രമല്ല അതിനോട് ഒരുതരം ഭയമാണ് മിക്കവരും പ്രകടിപ്പിച്ചത്. നമുക്കിടയിലുള്ള ഒട്ടനവധി പ്രമുഖർ അക്കൂട്ടത്തിൽപ്പെടുന്നു.


അണുബാധ

അണു ബാധയേറ്റ വ്യക്തികൾ, നരിച്ചീർ, പന്നി, തുടങ്ങിയ ജീവ ജാതികളുമായി നേരിട്ടുള്ള സമ്പർക്കമോ അവയുടെ ശരീര സ്രവം, വിസർജ്ജ്യം, രക്തം, എന്നിവയിലൂടെയോ രോഗം പകരാം. രോഗികളുമായി നിരന്തര സമ്പർക്കമുള്ളവരിൽ രോഗം പകരാനിടയുണ്ട്.


നിപാ വൈറസ് ബാധയുള്ള പഴം തീനി നരിച്ചീർ സ്പർശിച്ചതോ കടിച്ചതോ ആയ പഴങ്ങളിലൂടെയും വൈറസ് ബാധയുണ്ടാവാം. കള്ള് ചെത്തുന്ന തെങ്ങുകളിൽ ചേക്കേറുന്ന അണു വാഹിനികളായ പഴം തീനി നരിച്ചീറുകൾ കള്ളു കുടങ്ങളിൽ നിന്നും കള്ളു (toddy) മോന്തുന്നു. അപ്രകാരം മലിനമായ കള്ള് ഉപയോഗിക്കുന്നവരിലും നിപാ വൈറസ് ബാധ ഉണ്ടാവാം. കിണറുകൾക്കുള്ളിൽ ചേക്കേറുന്ന ഇത്തരം നരിച്ചീറുകൾ കിണർ ജലത്തെ അണു മലിനമാക്കുകയും ആ വെള്ളം കുടിക്കുന്നവരിൽ അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.


പന്നി ഫാമുകളിലെ തൊഴിലാളികളിലായിരുന്നു നിപാ വൈറസ് രോഗം ആദ്യമായി കണ്ടത്. രോഗാണുവിന്റെ റിസർവ്വയറുകളായ (reservoir) നരിച്ചീറുകളിൽ നിന്നാണ് പന്നികൾക്ക് അണു ബാധയേറ്റത്. നിപാ വൈറസ് രോഗികളുമായി നിരന്തര സമ്പർക്കം ഉള്ളവർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. അവർക്ക് രോഗാണു ബാധ ഏൽക്കാനിടയുണ്ട്.


പന്നിയിറച്ചി (pork) വില കുറഞ്ഞ പോഷക സമൃദ്ധമായ ഒരു മാംസ്യാഹാരമാണ്. സാധാരണക്കാർ ആശ്രയിക്കുന്ന പോഷക സമ്പന്നമായ ഭക്ഷണമാണ് പന്നിയിറച്ചി. അതിനാൽ പന്നി ഫാമുകൾ വ്യാപകമായി കാണപ്പെടുന്നു. രോഗം പന്നിയെ ബാധിക്കുന്നതോടെ ആ തൊഴിലിൽ ഏർപ്പെട്ട് ജീവിക്കുന്നവരുടെയും പന്നിയിറച്ചി ഭക്ഷണമാക്കുന്നവരുടെയും നിലനിൽപ്പാണ് ബുദ്ധിമുട്ടിലാവുന്നത്.


രോഗനിർണയം

രോഗ ലക്ഷണങ്ങളും ലാബ് ടെസ്റ്റുകളും രോഗ നിർണയം ഉറപ്പു വരുത്താൻ സഹായിക്കുന്നു. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ - പോളിമറൈസ് ചെയിൻ റിയാക്ഷൻ (Reverse Transcription - Polymerase Chain Reaction) അഥവാ ആർ.ടി -പി.സി.ആർ.(RT-PCR) ടെസ്റ്റിലൂടെ നിപാ രോഗം നിർണയിക്കാവുന്നതാണ്. രോഗിയുടെ തൊണ്ടയിൽ നിന്നെടുക്കുന്ന സ്രവം, നട്ടെല്ലിൽ നിന്നും കുത്തിയെടുക്കുന്ന സെറിബ്രോസ്പൈനൽ ദ്രാവകം (cerebrospinal fluid), രക്തം, മൂത്രം എന്നിവ വിശകലനത്തിന് വിധേയമാക്കിയും നിപാ വൈറസിന്റെ സാന്നിധ്യം മനസിലാക്കാം.


ഒരാളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായതിനു ശേഷമേ ആർ ടി - പി സി ആർ ടെസ്റ്റ് ഫലപ്രദമാവുകയുള്ളൂ. എന്നാൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ ഐജിജി (IgG), ഐജിഎം (IgM), ടെസ്റ്റുകളിലൂടെ അയാളിൽ രോഗാണു ബാധയുണ്ടോ എന്നറിയാനാവും. അതിനാൽ ഒരാളിൽ നിപാ രോഗം സംശയിക്കപ്പെടുന്നുവെങ്കിൽ ഇപ്രകാരം ഒരു ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്. തന്മൂലം രോഗം കൂടുതൽ ആളുകളിലേക്ക് പകരാതെ മുൻകരുതലുകൾ എടുക്കാനാവുന്നു.


രോഗം ബാധിച്ച് മരിച്ച ഒരാളുടെ ശരീര കലകളിൽ നടത്തുന്ന ഇമ്മ്യൂണോ ഹിസ്റ്റോ കെമിസ്ട്രി ടെസ്റ്റിലൂടെയും (immuno histochemistry test) നിപാ വൈറസ് രോഗം ഉറപ്പിക്കാവുന്നതാണ്. നിപാ വൈറസ് മൂലമാണ് രോഗി മരിച്ചത് എന്ന് മനസ്സിലാക്കാം എന്നല്ലാതെ രോഗ ചികിത്സയിൽ ഈ ടെസ്റ്റിന് വലിയ പ്രാധാന്യമില്ല. അതേ സമയം രോഗ ബാധിത പ്രദേശത്ത് കൂടുതൽ മുൻ കരുതലുകളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കാനാവും.


രോഗ പ്രതിരോധം

നിപാ വൈറസ് രോഗത്തെ ഔഷധങ്ങൾ കൊണ്ട് തളയ്ക്കുക ക്ലേശകരമോ അസാധ്യമോ ആകയാൽ രോഗാണുവിൽ നിന്നും അകന്നു കഴിയുകയാണ് ഉത്തമം. രോഗം പിടിപെട്ടവരുമായുള്ള സാമീപ്യം ഒഴിവാക്കാനോ അവരിൽ നിന്നും അകലം പാലിക്കാനോ കഴിയാത്ത ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, രോഗിയുടെ കൂട്ടിരിപ്പുകാർ, ബന്ധുക്കൾ, ആദിയായവർ രോഗ പ്രതിരോധത്തിന് വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. പന്നി ഫാമുകളിൽ പണിയെടുക്കുന്നവർക്ക് തങ്ങളുടെ തൊഴിലുപേക്ഷിച്ചു പോകാനാകാത്തതിനാൽ രോഗാണു ബാധ ഒഴിവാക്കാൻ വേണ്ട മാർഗങ്ങൾ എടുക്കണം.


നരിച്ചീറുകൾ സ്പർശിച്ചതോ കടിച്ചതോ ആയ പഴങ്ങൾ, നരിച്ചീകൾ ചേക്കേറുന്ന തെങ്ങുകളിൽ നിന്നോ പനകളിൽ നിന്നോ ശേഖരിക്കുന്ന കള്ള്, നരിച്ചീറുകൾ ചേക്കേറിയ കിണറ്റിലെ വെള്ളം എന്നിവ ഉപയോഗിക്കാതിരിക്കാം. അണു ബാധയുള്ള നരിച്ചീർ, പന്നി എന്നിവയുടെ വിസർജ്യം നേരിട്ട് സ്പർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഴിയുമെങ്കിൽ രോഗ ബാധിത പ്രദേശത്തു നിന്നും താൽക്കാലികമായി ഒഴിഞ്ഞു നിൽക്കുക.


നിപാ വൈറസിനെതിരെ ഫലപ്രദമായ നിർദ്ദിഷ്ട ഔഷധങ്ങൾ ഒന്നും ഇതിനകം കണ്ടെത്തിയിട്ടില്ലയെന്ന് കണ്ടല്ലോ. ശരീരം സ്വാഭാവികമായി രോഗാണുവിനെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. ഹ്യൂമൻ മോണോക്ലോണൽ ആൻറിബോഡി (human monoclonal antibody) കൊണ്ട് നിഷ്ക്രിയ പ്രതിരോധം അഥവാ പാസ്സീവ് ഇമ്മ്യൂണൈസേഷൻ (passive immunisation) തീർക്കാനാവുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ ഇനിയും ഗവേഷണങ്ങൾ വേണ്ടിയിരിക്കുന്നു. ഹേൻഡ്ര ജീ പ്രോട്ടീൻ (hendra g protein) തന്മാത്രകൾക്ക് നിപാ വൈറസുകൾക്കെതിരെ ശരീരത്തിൽ ആന്റിബോഡി (antibody) ഉൽപാദിപ്പിക്കാൻ ആവുമെന്നും കണ്ടെത്തിയിട്ടുണ്ട്.


ചികിത്സ

ഇത് ഒരു വൈറസ് രോഗമാകയാൽ ഇതിനെതിരെ ഫലപ്രദമായ നിർദിഷ്ട ഔഷധ ചികിത്സ ലഭ്യമല്ല. എങ്കിലും എസൈക്ലോവിയർ (acyclovir), ഫേവിപിരാവിയർ (favipiravir), റൈബവൈറിൻ (ribavirin) റംഡാസെവിയർ (ramdesivir), തുടങ്ങിയ ആന്റി വൈറൽ ഔഷധങ്ങൾ (anti viral drugs) പ്രയോഗിച്ചു വരുന്നു. ഇബോള (ebola) വൈറസിനെതിരെ കണ്ടെത്തിയതാണ് റംഡെസിവിർ. കോവിഡ് -19 നെതിരെയും ഇത് ഉപയോഗിച്ചു വരുന്നു.


രോഗത്തിന് സ്വയം ചികിത്സ അരുത്. വൈദ്യശാസ്ത്രത്തിൽ വിദഗ്ധനായ ഒരു ഡോക്ടറുടെ സേവനം തേടി രോഗ നിർണയം നടത്തി രോഗം ഉറപ്പു വരുത്തേണ്ടതാണ്. പനി, ശരീര വേദന, തുടങ്ങിയ രോഗ ലക്ഷണങ്ങൾക്ക് പാരസെറ്റമോൾ (paracetamol) തുടങ്ങിയ ഔഷധങ്ങൾ നൽകാവുന്നതാണ്. ക്ഷീണത്തിന് പഴച്ചാറുകളോ ഇളനീരോ ആവാം.


എന്നാൽ രോഗം സങ്കീർണ്ണം ആവുകയാണെങ്കിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉള്ള ആശുപത്രിയുടെ സേവനം തീർച്ചയായും വേണ്ടതാണ്.


ചരിത്രം

ഏഷ്യൻ വൻകരയുടെ മിക്ക പ്രദേശങ്ങളിലും നിപാ വൈറസ് രോഗം ബാധിച്ചുവെങ്കിലും ഇന്ത്യ, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ആണ് അതിദാരുണമാം വിധം രോഗം പൊട്ടിപ്പുറപ്പെട്ടത്. നിപാ വൈറസ് ബാധ ആദ്യമായി കണ്ടത് 1998 സെപ്തംബറിൽ മലേഷ്യയിൽ ആയിരുന്നു. പന്നികളെയും പന്നി കർഷകരെയും രോഗം ബാധിച്ചു. 1999 മെയ് മാസത്തിൽ പിന്നെയും രോഗം പിടിപെട്ടു. അക്കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 265 കേസുകളിൽ 15 പേർ മരിച്ചു. അക്യൂട്ട് എൻസെഫലൈറ്റിസ് പിടിപെട്ടായിരുന്നു നിപാ വൈറസ് രോഗികളുടെ അന്ത്യം. രോഗ കാലത്ത് ലക്ഷക്കണക്കിന് പന്നികളെയാണ് കൊന്നൊടുക്കിയത്.


മലയ യൂണിവേഴ്സിറ്റി മെഡിക്കൽ ഫാക്കൽറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ഈ രോഗത്തെ (acute encephalitis) കുറിച്ചും രോഗം വരുത്തുന്ന വൈറസിനെ കുറിച്ചും പഠിച്ചത്. നിപാ വൈറസിനെ 1999 ൽ വേർതിരിച്ചെടുക്കുകയുണ്ടായി. രോഗം ബാധിച്ചത് മലേഷ്യയിലെ സൂടയ് (sungai) ഗ്രാമത്തിൽ ആയിരുന്നു. അതിനാൽ വൈറസിനെ സൂടയ് നിപാ വൈറസ് (sungai nipah virus) എന്ന് വിളിച്ചു.


നിപാ വൈറസ് രോഗം അതിശക്തമായി പടർന്നു പിടിച്ചത് ബംഗ്ലാദേശിലാണ്. 2001 ഏപ്രിൽ- മെയ് മാസങ്ങളിൽ ആണ് ആദ്യമായി ബാധിച്ചത്. ഇതിനകം എട്ട് തവണ നിപാ പിടിപെട്ടു.


ഇന്ത്യയിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടത് 2001 ൽ ബംഗാളിലെ സിലിഗുരിയിലായിരുന്നു. അന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 66 കേസുകളിൽ 49 പേർ മരിച്ചു. ബംഗാളിൽ നാദിയയിലാണ് രണ്ടാമത് നിപാ പടർന്നു പിടിച്ചത്. അത് 2007 ൽ ആയിരുന്നു. മൂന്നാമത് കേരളത്തിലും.

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page