ഉല്ലാസ് എരുവയുടെ ചെറുകഥ
- ഉല്ലാസ് എരുവ

- Jan 4
- 4 min read

"ഒരു രാജ്യം മറ്റൊരു രാജ്യത്തെ ഭരിക്കുന്നത് ശരിയല്ലെങ്കിൽ, ഒരു ജാതി മറ്റൊരുജാതിയെ ഭരിക്കുന്നതും ശരിയല്ല" - അംബേദ്‌കർ.
"ഹലോ.. മുരളിയല്ലേ?"
"അളിയാ..സന്തോഷേ..പറയെടാ "
അൽപ്പം പോലും സംശയിക്കാതെ മുരളി തിരിച്ചറിഞ്ഞപ്പോൾ സന്തോഷിന്റെ നെഞ്ചകത്തിന്ക്ഷണമാത്രമായൊരു വെയിൽ കിട്ടി.
കഴിഞ്ഞ മുപ്പതുവർഷമായി നേരിട്ടുള്ള ചെങ്ങാത്തം കുറവായിരുന്നിട്ടും, തുടർന്ന് ഫോൺ വിളിച്ച കൂട്ടുകാരിൽ ഒന്നിൽനിന്നുപോലും സന്തോഷിന് വ്യാജസ്തുതികൾ കേൾക്കേണ്ടിവന്നില്ല. ഉഴപ്പിപ്പോയ സൗഹൃദത്തിന്റെ ചതുപ്പിൽ നിന്നും ചീറിയടുക്കേണ്ടിയിരുന്ന പിത്തക്കൂറുകളുമായി മല്ലിടേണ്ടിവന്നില്ല. സൂചിക്കുഴിയിലൂടെ അനായാസം കടന്നുപോകുന്ന നൂലുപോലെ സന്തോഷിന്റെ ഫോൺ വിളികൾ കടന്നുപോയി.

മകന്റെ വിവാഹം നേരിൽകണ്ട് പറയാതെ, ഫോണിലൂടെ അറിയിച്ചതിലുള്ള പിണക്കം ചോരാൻ സാധ്യതയുള്ളിടങ്ങളിലൊക്കെ സന്തോഷ് മുൻകൂറായി ഖേദത്തിന്റെ തുണ്ട് തിരുകിയടച്ചു. കാസർകോട് മുതൽ കന്യാകുമാരിവരെയുള്ള സുഹൃത്തുക്കൾക്കായി കായംകുളത്ത് ലോഡ്ജുകൾ ബുക്കുചെയ്തു.
മുരളി ഭാര്യ മറിയവുമായി കാസർകോട്ടുനിന്നും രണ്ടുദിവസം മുന്നേ ടുറിസ്റ്റുവാനിൽ യാത്ര തുടങ്ങി. കല്യാണത്തിന്റെ തലേദിവസം മലപ്പുറത്തുള്ള അബുവിന്റെ വീട്ടിൽ എത്തിച്ചേർന്ന മറ്റ് സുഹൃത്തുക്കൾക്കൊപ്പം കായംകുളത്തേക്ക് യാത്രതിരിച്ചു.
വൈകുന്നേരമായപ്പോൾ കുട്ടനിറയെ വിറ്റുപോകാത്ത കുളിർക്കാറ്റും ഇടുപ്പിൽ തിരുകി കൊച്ചിക്കായലിലെ മുതുക്കിക്കാറ്റ് ടൂറിസ്റ്റുവാനിന്റെ ചില്ലിൽ വന്നുമുട്ടി. പുകഞ്ഞുനീറിയിരുന്ന ശരീരത്തിന്റെ ഓണംകേറാമൂലകളിലേക്ക് ഉടൽ ചുരത്തിയെത്താറുണ്ടായിരുന്ന ലോലമാരുതന്മാർ, മുട്ടിയിരിക്കാൻ കൂട്ടാക്കാതെ മാറിപ്പോയിരുന്ന ചൊറിയൻകൂട്ടുകാരന്റെ ശ്രേഷ്ഠതയോടെ, ഏസിക്കാറ്റിന്റെ മുന്നിൽനിന്നും തലതാഴ്ത്തി പിന്നോക്കം പൊയ്ക്കൊണ്ടിരുന്നു. അപ്പോൾ, സംഗീതത്തിനപ്പുറം സംഗീതം തിരയുന്നവനെപ്പോലെയിരുന്ന് മുരളി മറിയത്തിനെനോക്കി.
അടക്കമില്ലാത്ത വെള്ളച്ചാട്ടത്തിന്റെ ഉശിരോടെ ചിതറിക്കുതിച്ചിരുന്ന തലമുടി കല്യാണാവശ്യത്തിനായി മറിയം വെട്ടിനിരത്തി. തണുപ്പടിക്കാതെ തലയിൽ ചൂടിയിരുന്ന നീലസാരിത്തലപ്പ് ഒഴുകി മുരളിയുടെ മടിയിലേക്ക് വീണുകൊണ്ടിരിക്കെ, വെളുത്ത ബലൂണിന്റെ ആകൃതിയിൽ മറിയത്തിന്റെ തല മറനീക്കി തെളിഞ്ഞുവരുന്നത് മുരളി കണ്ടു. ഒരു മുല്ലപ്പൂപോലും തിരുകാനുള്ള ഇടം നൽകാതെ, യുദ്ധവിരാമഭൂമിയാക്കിയ, മുടിഞ്ഞുപോയ മുടിക്കാടിനെയോർത്ത് മുരളി നെടുവീർപ്പിട്ടു.
ഗ്രഹണസമയത്തെ ഞാഞ്ഞൂലിന്റെ അഹങ്കാരത്തോടെ തന്റെ തോളിലേക്ക് ചാഞ്ഞുവന്ന മറിയത്തിന്റെ തല മുരളി മെല്ലെ തടഞ്ഞുനിർത്തി. തീപ്പെട്ടിക്കൂടിൽപിടിച്ചിട്ട പിശാചിന്റെ പരവേശത്തോടെ പാന്റിന്റെ പോക്കറ്റിൽക്കിടന്ന് ഞറുമ്മിക്കൊണ്ടിരുന്ന ഫോൺ മുരളി വെളിയിലെടുത്തു.
പരിചയമില്ലാത്ത നമ്പർ. മറുതലയ്ക്കൽ മുരളിയല്ലേയെന്നു ചോദിച്ചുകൊണ്ടുള്ള സ്ത്രീശബ്ദം. അതേയെന്ന് പറഞ്ഞപ്പോൾ അവർ സ്വയം പരിചയപ്പെടുത്തി. സന്തോഷിന്റെ ഭാര്യ ശാന്തിയാണന്ന് പറഞ്ഞപ്പോൾ, കല്യാണയൊരുക്കങ്ങൾ എവിടെവരെയായിയെന്ന്, പൊതുമുതൽപോലെ അനേകംപേർക്ക് അവകാശപ്പെട്ട അന്വേഷണം മുരളി നടത്തി. നാട്ടുനടപ്പനുസരിച്ച്ലഭിക്കേണ്ടിയിരുന്ന മറുപടിക്കുപകരം മുരളിക്കുകിട്ടിയത് കുത്സിതമായൊരു പൊട്ടിക്കരച്ചിലായിരുന്നു.
യുദ്ധത്തിലേർപ്പെട്ടിരുന്ന രാജാവിനെപ്പോലെ നിർത്താതെയുള്ള കരച്ചിൽ കേട്ടുകൊണ്ടിരുന്ന മുരളിഇരമ്പിക്കുതിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റുവാനിന്റെ പടഹധ്വനിയിൽ പരിഭ്രമിച്ചു. ഡ്രൈവർക്ക് പിന്നിലിരുന്ന് കടിഞ്ഞാൺ വലിക്കും പോലെ കൈയ്യുയർത്തി വാൻ നിർത്താനൊരു പാഴ്ശ്രമം നടത്തി മണ്ടുഗണേശനായി. എങ്കിലും, സന്തോഷിന്റെ ഭാര്യ ശാന്തിയുമായുള്ള സമ്പർക്കം അറ്റുപോകാതിരിക്കാൻ ഫോൺ ആവുന്നത്ര ശക്തിയോടെ ചെവിയോട് ചേർത്തുപിടിച്ചു.
കാര്യത്തിനൊരു വ്യക്തത കിട്ടാനായി ക്ഷമയോടെ കാര്യങ്ങൾ തിരക്കാൻ ശ്രമിച്ചു. അവയിൽ പലതും തേങ്ങലുകളുടെ തുരങ്കത്തിലേക്ക് വീണുകാണാതായി. ഒടുവിൽ ഒച്ചയെടുത്ത് വണ്ടിനിർത്താൻ ആജ്ഞാപിക്കേണ്ടിവന്നു മുരളിക്ക്.
കാര്യം തിരക്കി വണ്ടിയിൽനിന്നും വെളിയിലേക്കിറങ്ങിയ അബുവിനോട് മുരളി ചങ്കിലെ തിരയടക്കി പറഞ്ഞു.
"എടാ..സന്തോഷിന്റെ ഭാര്യ ശാന്തിയുടെ ഫോൺ ആയിരുന്നു… നമ്മളാരും.. കല്യാണത്തിന് ചെല്ലണ്ടായെന്നാണ് അവൾ പറയുന്നത്…"
ഏങ്ങലും ഞെട്ടലിനുമൊപ്പം അബുവിന്റെ തലയും കണ്ണുംഅമ്പടാന്ന് തള്ളിപ്പുറത്തേക്കുവന്നു. മുരളി എണ്ണയിട്ട് ഉഴിഞ്ഞുകൊടുക്കുന്ന വൈദ്യന്റെ മൃദുത്വത്തോടെ വിശദീകരിച്ചു.
"അവളുപറയുന്നത്… സന്തോഷിന്റെ മനോനില കുറച്ചുനാളായി മോശമാണെന്നും, പലപ്പോഴും കൂട്ടുകാരെ വിളിച്ച് ഒന്നുകിൽ മോന്റെയോ മോളുടെയോ കല്യാണം അറിയിക്കാറുണ്ടെന്നും, അവൻ വിളിച്ച കോളുകൾ തിരഞ്ഞുപിടിച്ച്, അവർ ഇതുപോലെ വിവരം അറിയിക്കാറുണ്ടെന്നുമാണ്. തേങ്ങലിനിടയിൽ നിന്നും എനിക്കിത്രയേ നുള്ളിപ്പെറുക്കിയെടുക്കാനായുള്ളൂ…"
അവർക്കെല്ലാവർക്കും അപ്പോൾ അടിയന്തിരമായി വേണ്ടിയിരുന്നത് കുറച്ച് ശുദ്ധവായു ആയിരുന്നു, അതവിടെ ധാരാളമായി ഉണ്ടായിരുന്നിട്ടും, അവർക്കെല്ലാം വായൂമുട്ടൽ അനുഭവപ്പെട്ടു.
ആണുങ്ങളുടെ തലയിൽനിന്നും തലയിലേക്ക് പേനുകളെപ്പോലെ ഇഴഞ്ഞുകടിച്ചുകൊണ്ടിരുന്ന സ്വൈര്യക്കേട്, വാനിലുള്ളിലേക്കുകയറിച്ചെന്ന് ഉറങ്ങിക്കിടന്നിരുന്ന പെണ്ണുമ്പിള്ളമാരെ കുത്തിയെഴുന്നേല്പിച്ചു.
"ഇനിയിപ്പോ സന്തോഷിനെന്തെങ്കിലും പറ്റിയാൽത്തന്നെ, അന്വേഷിക്കേണ്ട ചുമതല നമുക്കില്ലേ? ഇവിടെവരെയെത്തിയിട്ട് ഒന്നുതിരക്കാതെ പോകുന്നത് ശരിയല്ല. എന്തായാലും നിങ്ങളൊന്നു സന്തോഷിനെ വിളിക്ക്."
തിരിച്ചുപോകാനുള്ള തീരുമാനത്തെ തടഞ്ഞുകൊണ്ട് മറിയ അങ്ങനെ പറഞ്ഞപ്പോൾ, ഗർഭസന്ധിക്ക് പരിഹാരമെന്നപോൽ തെളിഞ്ഞ അമ്പിളി മറിയയുടെ പിന്നിലായി പ്രത്യക്ഷപ്പെട്ടുനിന്നത് മുരളി കണ്ടു.
" ഹലോ... സന്തോഷേ, ഞങ്ങള് എറണാകുളത്തെത്തി. ഹൈവേയുടെ പണിനടക്കുന്നതുകൊണ്ട് എത്താൻ കുറച്ചുരാത്രിയാകും. അവിടെ കാര്യങ്ങളൊക്കെ എവിടെവരെയായി?”
“ഇവിടെ കാര്യങ്ങളൊക്കെ ജോറായി നടക്കുന്നതു കണ്ടില്ലേ?”
സന്തോഷിന്റെ പിന്നിലായി അലങ്കാരങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ഹാളിലെ ദൃശ്യങ്ങൾ കണ്ടു,എല്ലാവരും പരസ്പരം നോട്ടപ്പയറ്റുനടത്തി. ദുശ്ശങ്കകൾ കുഴിച്ചിട്ടിരുന്ന കിണറ്റിലേക്കെന്നപോലെ സന്തോഷിന്റെ മൊബൈൽസ്ക്രീനിനുചുറ്റും നിന്ന് എല്ലാവരും എത്തിനോക്കി. ഉപയോഗമില്ലാത്ത ഉപകരണമായി സംശയം അവരുടെ മുന്നിൽ സ്തംഭിച്ചുനിന്നു.
മുരളി മൊബൈലിനെ ഓടിത്തളർന്ന പൈതലിനെ നെഞ്ചത്തിട്ടുറക്കുന്ന തഞ്ചത്തോടെ കിടത്തി മറിയത്തിന്റെ അരികിലിരുന്നു. അങ്ങനെയിരുന്നു കുഴഞ്ഞപ്പോൾ, മുൻസീറ്റിനുപിന്നിൽ കൈകൊരുത്തിട്ട് അതിനുള്ളിലൂടെ തല ഇറക്കിയിട്ടിരുന്ന് ചിന്തിച്ചു. സന്തോഷുമായി സംസാരിച്ചപ്പോൾ കുഴപ്പമൊന്നും കാണാൻ കഴിഞ്ഞില്ല. ആ നിലയ്ക്ക്, ശാന്തിയെന്തിനാണ് ഈ നേരത്ത് ഇങ്ങനെയൊരു കാര്യം ഫോൺ ചെയ്തുപറഞ്ഞത്? ഇനി ഞങ്ങളെ പറ്റിക്കാൻ ആരെങ്കിലും ചെയ്ത പണിയാകുമോ? അതോയിനി കുഴപ്പം ശാന്തിക്കായിരിക്കുമോ?
“പെണ്ണുങ്ങളുടെ തേങ്ങലു കേക്കാനത്രക്കു കൊതിയാണേൽ ഇപ്പൊത്തന്നെ വിളിക്ക്."
ചുരുണ്ടുകിടന്ന ചവിട്ടുമെത്ത നിവർത്തിയിടുന്ന കാൽവഴുക്കത്തോടെ മറിയ പറഞ്ഞു.
മുരളി ഞെട്ടി. തലപൊക്കി മറിയത്തിനെ നോക്കി. അതിന് ഞാൻ അവളോടൊന്നും പറഞ്ഞില്ലല്ലോ എന്ന് ചിന്തിച്ച്, മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് തോണ്ടിയെടുക്കാനുള്ള സാമർഥ്യമൊക്കെ കളഞ്ഞുകുളിച്ച തന്റെ ഉടയതമ്പുരാന്മാരോട് മുരളി പരിഭവിച്ചു.
കായംകുളത്തെ ലോഡ്ജിലെത്തിയപ്പോഴേക്കും മറ്റ് സുഹൃത്തുക്കളെല്ലാം മുറിയടച്ച് ഉറങ്ങിയിരുന്നു.മൂടിവെച്ചിരുന്ന രഹസ്യത്തിനു പുറത്തേക്ക് ചെന്നടിഞ്ഞ് ദഹനക്കേടുണ്ടാക്കാതിരിക്കാനായി എല്ലാവരും ആഹാരം കഴിച്ചെന്നുവരുത്തി, കിടന്നുറങ്ങി.
രാവിലെ സുഹൃത്തുക്കളുടെ ദോഷമില്ലാത്ത കണ്ണുകൾ മുരളിയെ നോക്കി പ്രകാശിച്ചു. കടലായിരുന്നിടം കരയായി മാറിയിരിക്കുന്ന അത്ഭുതം കണ്ട് മുരളി തിരികെ മുറിയിലേക്ക് നടന്നു.
പത്തായത്തിൽ കൂരതേടുന്ന നരിച്ചീറുകളുടെ ലയത്തോടെ മുരളി മറ്റുള്ളവർക്കൊപ്പം വിവാഹപ്പന്തലിലേക്കുകയറി. കാണാൻ കൊതിച്ച കുഞ്ഞ് രൂപവിശേഷമില്ലാതെ വയറ്റിൽ കിടന്നുമറിയുന്നതിന്റെ നോവോടെ, കൂട്ടത്തിൽനിന്നും തെറ്റിപ്പോന്ന മൃഗത്തിന്റെ കെറുവോടെ, മുരളി ഹാളിന്റെ കോണിലിരുന്നു.
എല്ലാവരുടേയും പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട്, ജീൻസും ടീഷർട്ടും ധരിച്ച്, സന്തോഷ് മൈക്കും കയ്യിലേന്തി വേദിയിലേക്ക് വന്നു.
"സുഹൃത്തുക്കളേ, എല്ലാവർക്കും സ്വാഗതം. ഇത് ആചാരപ്രകാരം കൊള്ളാവുന്ന ഒരു മുഹൂർത്തമല്ല. ഞാൻ സുഹൃത്തുക്കളെ വഞ്ചിക്കാനായി തിരഞ്ഞെടുത്ത നേരവുമല്ലിത്."
സന്തോഷ് അങ്ങനെ പറഞ്ഞു തുടങ്ങിയപ്പോൾ, മുൻപ് ഉണ്ടായിട്ടില്ലാത്ത പരവശത അടക്കിപ്പിടിച്ച് കല്യാണം കാണാനെത്തിയവർ ഇരുന്നു.
സന്തോഷിനു പിന്നിലായി, അയാൾക്കൊപ്പം പ്രായമുള്ള ഒരു സ്ത്രീ തൊഴുകയ്യോടെ വന്നുനിന്നു. അവിടെ കൂടിയിരുന്നവരിൽ ആർക്കുംതന്നെ ആ സ്ത്രീയെ മുൻപ് കണ്ടു പരിചയമില്ലായിരുന്നു. വധുവരന്മാരുടെ ജനിത്വർ എന്ന നിലയിൽ സന്തോഷിനൊപ്പം എല്ലാവരും ശാന്തിയെയാണ് അവിടെ പ്രതീക്ഷിച്ചത്.
“ഇന്ന് ഞാനും തങ്കവുമായി വിവാഹിതരാവുകയാണ്. അതിന് സാക്ഷ്യംവഹിക്കാനായി നിങ്ങൾ വരണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ, നിങ്ങളിലെത്രപേർ ഇവിടെ കാണുമായിരുന്നു?”
ഉണങ്ങിയ തേങ്ങക്കുള്ളിൽ കിടന്നുകിലുങ്ങുന്ന കുരുകണക്കെ സന്തോഷിന്റെ ശബ്ദം കാണികളുടെ ഉള്ളിലേക്ക് പ്രവേശിച്ചു. സ്പഷ്ടത കിട്ടാതിരുന്നവരിൽ ചിലർ തിരിഞ്ഞും മറിഞ്ഞും അടുത്തിരുന്നവരെ നോക്കി.
“വേണമായിരുന്നേൽ ഞങ്ങൾക്കീചടങ്ങൊഴിവാക്കി, ആരെയുമറിയിക്കാതെ പരസ്പര ധാരണയോടെ ഒരുമിച്ചു കഴിയാമായിരുന്നു.
അങ്ങനെ ചെയ്തിരുന്നേൽ, ഈ വിവാഹം ഒരു നെറികേടാകുമായിരുന്നു."
അങ്ങനെ പറഞ്ഞപ്പോൾ സന്തോഷിന്റെ അകം നനയുകയും പുറം തെളിയുകയും ചെയ്തു. രണ്ട് അനുഭവത്തിന്റെ മിശ്രണത്തോടെ സന്തോഷ് തങ്കത്തിന്റെ അടുത്തേക്ക് ചേർന്നുനിന്നു. തങ്കം സന്തോഷിന്റെ കരം ഗ്രഹിച്ചു. ആ കൈക്കരുത്തിനുള്ളിൽ കളിപ്പാട്ടമായി സന്തോഷ് ഒതുങ്ങിനിന്നു.
തടവ് കഴിഞ്ഞിറങ്ങി വരുന്ന കാൽപ്പെരുമാറ്റത്തോടെ അവരുടെ ജീവിതം പുറത്തേക്ക് നടന്നിറങ്ങി വന്നു.
മുട്ടറ്റം വെള്ളത്തിൽ കറ്റ കെട്ടിക്കൊണ്ടിരുന്ന തങ്കം ഒരു മുത്തുമണി എവിടെയോ മുങ്ങിത്താഴുന്ന സ്വനം കേട്ടു. നീർപ്പന്നിയുടെ വിഴുങ്ങിത്തീരാറായ തൊണ്ടയിൽ കൈകുത്തിയിറക്കി പിടിച്ചെടുത്ത മിടുക്കോടെ, സന്തോഷിനെ പൊട്ടക്കുളത്തിൽ നിന്നും തങ്കം കരയ്ക്കു വലിച്ചിട്ടു. അന്നു മുതൽ, താൻ മുങ്ങിയെടുത്ത മുത്തിന്റെ അവകാശത്തോടെ തങ്കം സന്തോഷിനു ചുറ്റും ശ്രദ്ധയോടെ ലയിച്ചു നടന്നു.
ഒരുദിവസം, തന്റെയുള്ളിൽ മുടിചൂടിനിന്ന സന്തോഷ്, പെട്ടന്നു പൊട്ടി വീണ മഴയിൽ ക്ഷൗരം ചെയ്തുകളഞ്ഞ മുടിയായി ഒഴുകിപ്പോകുന്നത് തന്റേടമില്ലാതെ നിന്നുകാണാനേ കണ്ടത്തിപ്പണിക്കാരിയായ തങ്കത്തിനായുള്ളൂ. ജീവൻ തിരിച്ചു നല്കിയവൾക്ക് ജീവിതം ദാനം ചെയ്തു നിൽക്കുന്നത് കണ്ടുനിൽക്കാൻ തീണ്ടലുള്ളവർക്കാകാഞ്ഞതിനാൽ, സന്തോഷിന് ഡൽഹിയിൽ ജോലിതരപ്പെടുത്തിക്കൊടുത്ത് പറഞ്ഞയച്ചു.
ഒരു കളിച്ചതിയുടെ നേരമ്പോക്കോടും കൊലച്ചതിയുടെ കയ്യടക്കത്തോടും സന്തോഷിന്റെ ചേട്ടത്തിയമ്മ, പുതുപ്പെണ്ണിന്റെ യുക്തിയോടെ, തുടർന്നുള്ള വിഷയം കൈകാര്യംചെയ്ത് ഉത്തമസ്ത്രീയായി. അതിനായി ചേട്ടത്തിയമ്മ തിരഞ്ഞെടുത്ത കൊള്ളാവുന്ന മുഹൂർത്തം, ഏപ്രിൽ മാസത്തെ വിഡ്ഢിദിനമായിരുന്നു.
തങ്കം പതിവുപോലെ പണിക്കായി വീട്ടിലെത്തിയപ്പോൾ, ചേട്ടത്തിയമ്മ സംസാരിച്ചുകൊണ്ടിരുന്ന ഫോൺ പെട്ടന്ന് വെച്ച്, വിയർത്ത മുഖം കണ്ണിൽക്കൂട്ടിച്ചേർത്തുതുടച്ച്, പെറ്റമ്മയുടെ കരുതലോടെ തങ്കത്തിന്റെ അരികിലേക്ക് വന്ന്, നീ കരയുകയോ ഈ വിവരം പുറത്താരും അറിയുകയോ ചെയ്യരുതെന്ന വിശേഷജ്ഞാനിയുടെ താക്കീതോടെ, സന്തോഷ് വിവാഹം കഴിച്ചു എന്ന വിവരം, സർവ്വരാജ്യനിർഭാഗ്യവതികൾക്കും വേണ്ടിയായി, പെൺകുലമെന്നും ആൺകുലത്തിന് കള്ള് ചെത്തിക്കുടിക്കാനുള്ള കൂമ്പ് മാത്രമാണു മോളേയെന്ന്, പ്രയോഗചാതുര്യത്തോടെ പറഞ്ഞപ്പോൾ, ഒരു ജാതി മറ്റൊരു ജാതിയെ വിഴുങ്ങുന്ന ഒച്ച കരയിലെ പ്രമാണിത്തം കേട്ടതേയില്ല.
ഉലഞ്ഞുനിൽക്കുമ്പോൾ വേണം ഊന്നുവടി ഊരാൻ എന്നറിയാവുന്നവർ തങ്കത്തിന്റെ തേങ്ങലുകൾ അടക്കിവെയ്ക്കാനുള്ള തുരങ്കവും കണ്ടെത്തി.
സന്തോഷിനെ പരിചരിച്ചതു പോലെത ന്നെ പരിത്യജിക്കാനുള്ള പൂർണ ഉത്തരവാദിത്വം പരിചാരികയ്ക്കു നല്കി. അതിന് പാരിതോഷികമായി, തങ്കത്തിന്റെ കല്ല്യാണത്തിന് വന്ദിപ്പോടെ ലഭിച്ചത്, രണ്ടുപവനും നാലുപറ അരിയുമായിരുന്നു.
മൈലുകൾക്കപ്പുറം ദൂരത്തേക്ക്, മലയപർവ്വതത്തിന്റെ താഴ്വരയിലേക്ക്, ബന്ധുകുലത്തിൽ നിന്നും കണ്ടെത്തിയ, നുകം വെയ്ക്കാറായ കരിമുത്തിന് തടുക്കാനായി തങ്കത്തിന്റെ കൈപിടിച്ചുനൽകി. പോകുമ്പോൾ, കൈകൊണ്ടു ചെയ്താൽ വാ കൊണ്ടു തിന്നാം എന്ന പഴമൊഴി അമ്മൂമ്മ കൊച്ചുമോൾക്ക് അനുഗ്രഹമായി നൽകി.
തന്റെ അഭാവം മുതലെടുത്ത് ഇങ്ങോട്ട് ചെയ്ത നെറികേടിന് തക്കവിധം അങ്ങോട്ട് ചെയ്യാൻ സന്തോഷ് ഊഴം കാത്തിരുന്നില്ല. ഭവിക്കേണ്ടത് ഭവിക്കും എന്നമട്ടിൽ സംസാരത്തെ അനുഭവിക്കാൻ തീരുമാനിച്ച് ശാന്തിയെ ഇണയായി തിരഞ്ഞെടുത്തു. പകരം, ഓട്ടവീണ കപ്പലിലേക്ക് കയറിക്കൊണ്ടിരുന്ന വെള്ളമായി ദാമ്പത്യം സന്തോഷിനെ മുക്കികൊണ്ടിരുന്നു.
വാത്സ്യായപ്രിയനായ കരിമുത്തിന്റെ അടിയിൽ തങ്കം കട്ടപിടിച്ചുകിടന്നു. കരിമുത്തിന്റെ ഹുംകാരത്തെ മനോരാജ്യം കൊണ്ട് തടുത്തു. എന്നിട്ടും തങ്കം പലമാതിരി കുഞ്ഞുങ്ങളെ പ്രസവിച്ചു. തൊട്ടിലിലും തൊടിയിലുമായി ചിതറിക്കിടന്നവരെ നോക്കാതെ തങ്കം, അതിൽനിന്നും എങ്ങനെ രക്ഷപെടാമെന്ന വിദ്യ ആലോചിച്ച് വെറുതെ വാവ് കൊണ്ടു, രക്തസമ്മർദ്ദം കൂട്ടി.
തങ്കത്തിന്റെ അമ്മാവനൊപ്പം നേപ്പാളിലേക്ക് ഒളിച്ചോടിപ്പോയ, തങ്കത്തിന്റെ കൂട്ടുകാരി സരളയെ കഠ്മണ്ഡുവിൽ വെച്ച് സന്തോഷ് കണ്ടില്ലായിരുന്നുവെങ്കിൽ, തങ്കത്തിന്റെ ജീവിതം കരിമുത്തുവിന്റെ ഗുഹയിലും സന്തോഷിന്റെ ദാമ്പത്യം ശാന്തിയുടെ തപോവനത്തിലുമായി തീർന്നുപോകുമായിരുന്നു.
സരള നൽകിയ വിലാസവുമായി സന്തോഷ് തങ്കത്തിനെ തേടി. ഗുഹാനാഭിയിലേക്കുള്ള കസ്തൂരിയും മണത്ത്, തുലാക്കള്ളനെപ്പോലെ സന്തോഷ് തങ്കത്തിന്റെ മേടയിലെത്തി. അഞ്ചെട്ടു പെറ്റ് പഴമ്പാച്ചിയായി പോകാതെ, മധുരവും പാകത്തിന് രസവുമായി, കൗമാര്യത്തോടെ തങ്കം സന്തോഷിനെ നോക്കി. കരിങ്കല്ലുകൾ പൊട്ടിയൊലിച്ചു. കരിമ്പനകൾ ഉലഞ്ഞു. കിളികൾ പറന്നുയർന്നു.
വന്യമൃഗങ്ങളിൽനിന്നും, പട്ടിണിയിൽനിന്നും, രോഗങ്ങളിൽനിന്നും തങ്കത്തിന് രക്ഷനൽകിയ അടുക്കളയിൽ അവൾ നയിച്ച യുദ്ധത്തിന്റെയും പ്രേമത്തിന്റെയും സ്വപ്നത്തിന്റെയും പാടുകൾ അടയാളപ്പെടുത്തിയിരുന്നു. അവർ ആ അടുക്കളയിൽ കിടന്നു. ഒരുമിച്ചു മദ്യപിച്ചു. ഒരുമിച്ചു പുകവലിച്ചു. ആടുകയും പാടുകയും ചെയ്തു. ഒരു രാജ്യം മറ്റൊരുരാജ്യത്തിൽ നിന്ന് സ്വാതന്ത്ര്യമാകുന്നതിലെ സുഖം അവർ അതിൽ ആഘോഷിച്ചു.
ഇങ്ങോട്ടുചെയ്ത നെറികേടിനു തക്കവിധം അങ്ങോട്ട് ചെയ്യുന്ന വീറോടെ, ജാതിയെ ഉന്മൂലനം ചെയ്യാനുള്ള മംഗല്യമാലകൾ അംബേദ്കറിൽ നിന്ന് സന്തോഷും, പെരിയാറിൽ നിന്ന് തങ്കവും എടുത്ത് പരസ്പരം ചാർത്തി.അവർ കൈപിടിച്ച്, മാനവികാംശം അർഹിക്കുന്ന പൗരന്മാരായി വേദിയിൽനിന്നും ഇറങ്ങിവന്നു. സദസ്സിലുള്ളവർ മനുഷാസ്തിത്വത്തിന്റെ സത്തകൾ ഉൾക്കൊണ്ട് എഴുന്നേറ്റുനിന്ന് കൈയ്യടിച്ചു.
മുരളി ദമ്പതികൾക്ക് ആശംസകൾ അറിയിക്കാനായി അവരുടെ അരികിലേക്കു ചെന്നു. ശാന്തി എവിടെ എന്ന ചോദ്യം സന്തോഷിന്റെ കണ്ണിലേക്കിട്ടു. മാർദ്ദവമില്ലാതെ സമയം കടന്നുപോയി. വായു കയറാനായി ഭിത്തി ദ്വാരം തിരയുന്ന വിമ്മിഷ്ടത്തോടെ അവരുടെ നോട്ടം ആൾക്കൂട്ടത്തിൽ അലഞ്ഞു.
മൊട്ടയടിച്ച മസ്തിഷ്‌കത്തിൽ കടലമാവിന്റെ നിറമുള്ള ചന്ദനം പൂശി, ചെമ്പട്ട് പുതച്ച്, ഗോമുഖിയെപ്പോലെ നിന്ന ശാന്തിയുടെ ഇരട്ടക്കുളമ്പുള്ള കാൽച്ചുവട്ടിൽ അവരുടെ കണ്ണുകോച്ചി നിന്നു.
%20(400%20x%20100%20px)%20(1).png)











Comments