ഇവിടെയാണ് ഓർമ്മകൾ മുങ്ങി മരിച്ചത്
- Feb 3
- 3 min read
ഡോ. വേണു തോന്നയ്ക്കൽ.
ഓർമ്മകളുടെ നിഴൽ വീണ വഴികളിൽ പരതിയാണ് നാം പോയ കാലത്തെ കയ്പും മധുരവും തേടുന്നത്. ഇടറുന്ന ഓർമ്മകൾക്കിടയിൽ എവിടെയോ മറവി മണക്കുന്നുണ്ടാവും.
മസ്തിഷ്കത്തിൽ ഘനീഭവിക്കുന്ന വിവരങ്ങളാണ് ഓർമ. മസ്തിഷ്ക കോശങ്ങളിൽ നടക്കുന്ന ജൈവരാസ പ്രതി പ്രവർത്തനങ്ങളാൽ വിവരങ്ങൾ രേഖപ്പെടുത്തി ജൈവരസതത്ര ഫയലുകളിൽ സൂക്ഷിക്കുകയും വേണ്ടപ്പോൾ പുറത്തെടുക്കുന്നതുമാണ്.

ഓർമ്മയുടെ കെമിസ്ട്രി. വിവരങ്ങൾ സൂക്ഷിച്ച ഫയലുകൾക്കുണ്ടായ നാശത്താൽ മടക്കിയെടുക്കാൻ ആവാത്ത വണ്ണം വിവരങ്ങൾ നഷ്ടപ്പെടുന്നതാണ് മറവി. വേണ്ടത്ര ഉദ്ദീപനം നൽകിയാൽ അവയിൽ ചിലതൊക്കെ വീണ്ടെടുത്ത് ഓർമക്ക് ദാനം ചെയ്യാം. ഉറക്കം വിട്ടുണരാത്ത വിവരങ്ങളുടെ ഫയലുകളെ മറവിയുടെ പുസ്തക പുറങ്ങളിൽ പേര് ചേർത്ത് മറവിയുടെ പഗോഡകളിൽ സംസ്കരിക്കാം.
ഓർമകൾ ജീവിതത്തെ സമൃദ്ധിയേറ്റുന്നു. തകർന്ന ഓർമകളുടെ അവശിഷ്ടങ്ങൾ നിറഞ്ഞ ഭൂമികയാണ് മറവി. നാം ഏവരും ഓർമകൾക്കൊപ്പം മറവിയുടെ അവകാശികളാണ്. മറവിയുടെ മറവിൽ നടത്തിയ ഒളിച്ചു കളികളുടെ ഗന്ധം നമ്മിൽ പലരുടെയും മനസ്സുകളിൽ പൂത്തുലയുന്നുണ്ടാവും.
നാം മറവിയുടെ ഗുണഭോക്താക്കളാണ്. ഹൃദയം തപിക്കുന്ന ദുരന്തം പേറുന്ന ഓർമ്മകൾ. ഉറക്കം കെടുത്തുന്ന ദിനരാത്രങ്ങൾ. ദുഃഖത്തിന്റെ കനലുകളിൽ നമ്മെ തഴുകിയുറക്കുന്ന നല്ലൊരു സുഹൃത്താണ് മറവി. പ്രിയപ്പെട്ടവരുടെ അകൽച്ച, വിശ്വസ്തരുടെ ചതി, ഒരു പാത്രത്തിൽ ഉണ്ടുറങ്ങിയവരുടെ വേർപാട്, ഒക്കെയും നമ്മുടെ ശരീരത്തെയും മനസ്സിനെയും രാപകൽ അലട്ടുമ്പോൾ മറവി ഒരു അനുഗ്രഹമായെത്തി നിത്യ നിമിഷങ്ങളിൽ സമാധാനം ചൊരിയുന്നു.
വേദനകൾ മറന്ന് ജീവിതം സൗഖ്യ പൂർണ്ണമാക്കാൻ പ്രകൃതി നൽകിയ വരമാണ് മറവി. കാലവും മറവിയും കൂട്ടുകാരാണ്. അവ നമ്മുടെ മനസ്സിനേറ്റ മുറിവുകൾ കരിക്കുന്നു.
മറവി ചൊരിയുന്ന അനുഗ്രഹ വർഷത്താൽ നനുത്ത സ്വപ്നം പുതച്ചുറങ്ങുമ്പോഴും മറവി സമ്മാനിച്ച ചതി നമുക്ക് തികട്ടുകയാണ്. വളരെ നാളത്തെ പ്രതീക്ഷകളും ആഗ്രഹങ്ങളും യാഥാർഥ്യമാവുന്ന ഒരു വിദേശ യാത്രയ്ക്ക് പാസ്പോർട്ട് മറന്നത്. രാത്രി പകലാക്കി പഠിച്ച ജീവിതത്തിൻറെ വഴി തെളിയുന്ന ഒരു പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് മറന്നത്. ഇത്രയും കാലത്തെ ജീവിത പ്രാരാബ്ധങ്ങൾക്ക് അറുതി വരുത്തുന്ന മുഖാമുഖത്തിന് സർട്ടിഫിക്കറ്റുകൾ മറന്നത്.
മറവിയുടെ മഹാമൗനങ്ങളിൽ നാം തേരട്ടകളെ പോലെ ചുരുളുകയാണ്. മറന്നു പോയി എന്ന തിരിച്ചറിവ് ബോധത്തിന്റെ അറകളിൽ ഭദ്രം. അതിനും കൂടിയാവാതെ പോയാലോ? അത്തരം അവസ്ഥകളിൽ ജീവിക്കുന്നവരും ഉണ്ട്.
ഓർമ്മകളുടെ കണ്ടീഷൻ ചെയ്ത അനുഭവങ്ങളുടെ തിരി വെട്ടത്തിലാണ് നിത്യ വൃത്തികളിൽ പെട്ട് ജീവിതം നടത്തുന്നത്. ഇഷ്ടപ്പെട്ട വസ്ത്രം, ഭക്ഷണം, പുസ്തകങ്ങൾ, പരിചിതമായ വഴിയിടങ്ങൾ, ഇഷ്ട ജനം, പഠിച്ച വിദ്യാലയങ്ങൾ, അങ്ങനെ എത്രയോ ഓർമകൾ.

ഓർമകൾ അപൂർണ്ണമാവാം. അപൂർണമെന്ന തോന്നലും ഉണ്ടാക്കാം. അത്തരമൊരു ബോധത്തിന്റെ തിരിയും പിടിച്ച് ഓർമകളുടെ കയത്തിലേക്ക് ഊളിയിട്ട് എവിടെയോ ഒളി പാർത്തിരിക്കുന്ന ഓർമകളെയും കൂട്ടി മടങ്ങാം.
ഓർമകളാണ് നമ്മുടെ ജീവിതത്തിൽ മധുരം പുരട്ടുന്നത്. കോളേജ് കാമ്പസിൽ മാഞ്ചോട്ടിൻ തണലിൽ കാമുകിക്കൊപ്പം സ്വപ്നം തീർത്ത പകലുകൾ. ചൂടും ചൂരും മാറാത്ത ആദ്യ രാവിൻറെ ഓർമകൾ. സ്വന്തം പുരുഷനിൽ നിന്നും ഗർഭം ധരിച്ച വിവരം അറിഞ്ഞ നിമിഷത്തെ പൊതിഞ്ഞ സുഖ സമൃദ്ധി. ആദ്യമായി മാതൃത്വം അനുഭവിച്ചത്. നടത്തിയ യാത്രകൾ. കണ്ണുകളെ പൊതിഞ്ഞ കൊതിപ്പിക്കുന്ന കാഴ്ചകൾ.
ഒക്കെയും ഓർമകളാണ്. ഓർമകൾക്കൊപ്പമാണ് നാം ജീവിക്കുന്നത്. ജീവിതം അർത്ഥപൂർണ്ണമാക്കുന്നതും ജീവിതത്തെ കൊതിപ്പിക്കുന്നതും ഓർമകളാണ്. ഓർമകൾ തെളിക്കുന്ന തിരി നാളത്തിൽ നാം ജീവിതം ധന്യമാക്കുകയാണ്.
ഒരു തൂവൽ നിഴൽ പോലും ശേഷിപ്പിക്കാതെ ഓർമകൾ മരിക്കുകയാണെന്ന് കരുതുക. ഓർക്കാൻ മധുരമുള്ള ബാല്യകാലം മറക്കുന്നു. ഇണയോടൊപ്പം പാടി നടന്ന പ്രണയ കാലം മറക്കുന്നു. കുട്ടിക്കാലത്ത് നടന്ന വഴികൾ. കളിച്ചു നടന്ന പറമ്പും പാടവും വീടും വീട്ടുവളപ്പും. പഠിച്ച സ്കൂളും ക്ലാസ് മുറികളും അധ്യാപകരും കൂട്ടുകാരും. ഒക്കെയും മറക്കുന്നു. അവയൊക്കെയും നമ്മുടെ മനസ്സുകളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ്. അവ മനസ്സിൽ നിന്നും എന്നന്നേക്കുമായി അഴിഞ്ഞു പോവുകയാണ്.
ഒരു ജീവിത കാലമത്രയും ഒപ്പം ഉണ്ടുമുറങ്ങിയും ജീവിതം പങ്കിട്ട ഇണയെ മറക്കുന്നു. ചോറ് വാരി കൊടുത്തും താരാട്ടു പാടിയുറക്കിയും ഒപ്പം നടത്തിയും വലുതാക്കിയ മക്കളെ മറക്കുന്നു. പത്തു മാസം മധുര സ്വപ്നങ്ങൾ കണ്ട് ഗർഭത്തിൽ പേറിയ മക്കളുടെ പേരു പോലും മറക്കുന്നു.
താൻ ഒരു ജന്മം മുഴുവനും അധ്വാനിച്ച് ഉണ്ടാക്കിയ ധനം. കഷ്ടപ്പെട്ടുണ്ടാക്കിയ ഏറ്റവും വലിയ മോഹമായ വീട്. വീട്ടിലേക്കുള്ള വഴികളും വീട്ടിലെ മുറികളും മറക്കുന്നു. ഭക്ഷണം കഴിക്കാനും വേഷം ധരിക്കാനും കൂടി മറക്കുന്നു. എന്തിനേറെ, ഉണ്ണാൻ ഒരു ഉരുള ഉരുട്ടുമ്പോൾ വിഴുങ്ങിയ ഉരുള കൂടി മറക്കുകയാണ്.
പഠിച്ചു നേടിയ ബിരുദങ്ങൾ, പ്രജ്ഞ അക്ഷരമാക്കി എഴുതിക്കൂട്ടിയ പ്രിയപ്പെട്ട കൃതികൾ, പാടി നടന്ന പാട്ടുകൾ, ലഭിച്ച അംഗീകാരങ്ങൾ, മറക്കുന്നു. ഒക്കെയും സ്വന്തം കൈവെള്ളയിൽ ഇരിക്കുമ്പോഴും തിരിച്ചറിയാനാവാവുന്നില്ല. ഓർമ്മകളുടെ കൂടാരം മുന്നിൽ കൊട്ടിയടയ്ക്കുകയാണ്.
ഓർമ എന്നൊന്ന് ഇല്ലാതാവുകയാണ്. താൻ ജീവ പ്രപഞ്ചത്തിലെ ഒരംഗം കൂടിയല്ലാതാകുന്നു. ഒരു ജീവി ഈ ഭൗതിക പ്രപഞ്ചത്തിൽ സ്വയം അലിഞ്ഞില്ലാതാകുന്ന കാഴ്ച എന്ത് വേദനാജനകമാണ് അപ്രകാരമൊരു മഹാദുരന്തമാണ് മറവി രോഗം.
ഒരാൾ ആ വ്യക്തി ആവുന്നത് സ്വന്തം ചുറ്റുപാടുകളിലൂടെയാണ്. ചുറ്റുപാടുകൾ നൽകുന്ന തിരിച്ചറിവുകളിലൂടെയാണ്. അത്തരം ബോധതലങ്ങളിൽ നിന്നും മോചിതമായി ഒരു യന്ത്രത്തിന്റെ ചട്ടക്കൂടിലേക്ക് മാറുന്ന അവസ്ഥ.
മിക്ക വ്യാധികളും രോഗിയെ വേദന തീറ്റിക്കുന്നതാണ്. മുറിവുകൾ പഴുത്തും തൊലി ചീഞ്ഞു പൊട്ടി കിടക്കയോടൊട്ടിയും കൈകാലുകൾ തളർന്നും നാവു കുഴഞ്ഞും ശരീരം തകർന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാനാവാതെ അവിടെ തന്നെ മലമൂത്ര വിസർജനം നടത്തിയും കഴിയുന്ന രോഗി. സ്വന്തം ജീവൻ എടുക്കേണമേ എന്നെ ഈ ദുരിതക്കയത്തിൽ നിന്ന് രക്ഷിക്കേണമേ എന്ന് എത്രയോ പ്രാവശ്യം മനസ്സുരുകി ആഗ്രഹിച്ചിരിക്കുന്നു.
ശരീരത്തിനാണ് അവശത. മനസ്സും ചിന്തയും ഉണർന്നിരിക്കുന്നു. അവരുടെ ഓർമ്മക്കൂടുകളിൽ ആത്മാക്കൾ വേദനകളുടെ എണ്ണമെടുക്കുകയാണ്.
മറവി രോഗികളിൽ അവരുടെ നിറം കെട്ട ആത്മാക്കൾ മേനി കൂടിനുള്ളിൽ ലക്ഷ്യം കെട്ടലയുകയാണ്. തിരിച്ചറിവ് നഷ്ടപ്പെട്ട ആത്മാക്കളുടെ രോദനമാണ് അവിടെ നിറയുന്നത്.
താൻ ഒരു രോഗിയാണ് എന്ന തിരിച്ചറിവ് പോലും നഷ്ടമാകുന്ന രോഗാവസ്ഥ. ശാരീരികമായ ഇതര ബുദ്ധിമുട്ടുകൾ രോഗി അനുഭവിക്കാത്തതിനാലും അതേക്കുറിച്ച് ഒരു ബോധം കൂടി ശേഷിക്കാത്തതിനാലും തൻറെ ജീവനെടുത്ത് ഈ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കേണമേ എന്ന ആഗ്രഹങ്ങൾക്കോ പ്രാർത്ഥനകൾക്കോ അവിടെ ഇടമില്ല.
രോഗ തീവ്രതയിൽ പോലും കാലിക പ്രപഞ്ചത്തിന് നേരെ മൗനം പുലർത്തി പ്രകൃതിയുടെ നടത്തിപ്പുകളുടെ ഭാഗമായി തീർത്ത ഇരുട്ടറകൾക്കുള്ളിൽ അകപ്പെട്ട് നമുക്കൊപ്പം കഴിയുകയാണ്. താൻ ഒരു രോഗി എന്ന ചിന്തയ്ക്ക് കൂടി ഇവിടെ സ്ഥാനമില്ല. എന്നാൽ വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളിൽ നിന്നും ഓർമകളിൽ നിന്നും ലോക കാഴ്ചകളിൽ നിന്നും രോഗി മുക്തമാണ്. അത്തരം ഒരു ചിന്ത ക്രൂരമാണെങ്കിലും അതൊരു യാഥാർത്ഥ്യമാണ്.
ഇതുവരെയുള്ള ജീവിതത്തിൽ താനെന്ത് നേടി? സമൂഹത്തിന് താനെന്തു നൽകി? നേടിയതും നൽകിയതും ഒക്കെയും നിസ്സാരം. പലവിധ ദാർശനിക ചോദ്യങ്ങളുമായി ഒരു തത്വജ്ഞാനിയുടെ വേഷമിട്ട് മരണവഴി നോക്കി കിടക്കുന്നവർ. അതിനിടയിൽ ഊറിയിറങ്ങുന്ന കണ്ണീരിൽ അത്തരം ചിന്തകളും ഓർമകളും അലിഞ്ഞിറങ്ങും. ഓർമകൾ മരിച്ചവന് ഓർക്കാനും കരയാനും എന്തിരിക്കുന്നു?
ചരിത്രം മരിച്ച ഭൂമികയുടെ ഉടയോനാണ് മറവി രോഗി. അയാൾക്ക് പ്രശ്നങ്ങളും പ്രതീക്ഷകളും ഇല്ല. വേദനകളും സങ്കടങ്ങളുമില്ല. മോഹങ്ങളും മോഹ ഭംഗങ്ങളുമില്ല.
രോഗി അല്ല രോഗിക്കൊപ്പം കഴിയുന്നവരും രോഗിയെ സ്നേഹിക്കുന്നവരുമായ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, എന്നിവരാണ് വേദനിക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതും. എപ്പോഴും കളിയും ചിരിയുമായി ഭാര്യക്കും മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പൊതുകാര്യ പ്രസക്തനായ കുടുംബനാഥൻ. പെട്ടെന്ന് എല്ലാം മറക്കുകയാണ്. അത്തരം ഒരു അവസ്ഥ വെറുതെ ഒന്ന് ഓർത്തു നോക്കുക.
മഹാ ദുരന്തം.
ആ കുടുംബത്തിൻറെ മാനസികാവസ്ഥ ഒന്ന് സങ്കൽപ്പിക്കുക. നിങ്ങളുടെ ഭാവനയുടെ ആഴവും പരപ്പുമനുസരിച്ച് പ്രശ്നത്തിന്റെ സങ്കീർണത മനസ്സിലാക്കാനാവും.
ഇത് ഒരു മസ്തിഷ്ക തകരാറാണ്. നാഡീകോശങ്ങളിൽ നടക്കുന്ന ജൈവരാസ പ്രതി പ്രവർത്തനങ്ങളുടെ ക്രമരാഹിത്യമാണ് കോശ പ്രവർത്തനങ്ങളുടെ സ്വാഭാവികത അവതാളത്തിലാക്കുന്നത്.
മറവി രോഗത്തെ തടയാനാവില്ല. അതൊരു പ്രാപഞ്ചിക യാഥാർത്ഥ്യമായി നമ്മെ വന്നു തൊടും. ബൗദ്ധിക വ്യായാമം കൊണ്ടും ചിന്തയുടെ അനന്യത കൊണ്ടും ഭക്ഷണ മാത്രയിലെ പോഷക സമൃദ്ധി കൊണ്ടും കാത്തിരിക്കുന്ന മറവിയെ പിന്നെയും കാതമകലേക്ക് കുടിയിരുത്താം. മറവിയുടെ തമസിലേക്ക് ഒരു തുള്ളി വെളിച്ചമിറ്റിക്കാം.
ഏതു നിമിഷവും ഇവർ വീടുവിട്ടിറങ്ങുകയും വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്യാം. ആൾക്കൂട്ടങ്ങളിലേക്ക് നമുക്കവർ കളവു പോകാം. രോഗി പരിചരണം വലിയ വിഷയമാണ്. മറവി രോഗിയെ പരിചരിക്കുന്നവർക്ക് കൗൺസിലിംഗും വിദഗ്ദ്ധ പരിശീലനവും വേണ്ടിയിരിക്കുന്നു. രോഗിയെ പരിചരിക്കുന്നവർക്കു വേണ്ടത് ജ്ഞാനത്തിലുപരി ക്ഷമയെന്ന മഹാസിദ്ധിയാണ്. ക്ഷമ എത്ര പേർക്കുണ്ടാവും?
രോഗിയുടെ ശരീരത്തിൽ പേരും വിലാസവും ഫോണും രേഖപ്പെടുത്തിയ ഒരു അടയാളം സൂക്ഷിക്കുന്നത് നന്നായിരിക്കും. പ്രാദേശിക ഭരണകൂടങ്ങൾ ഉൾപ്പെടെ ഭരണ സംവിധാനം ഇത്തരക്കാരുടെ പരിചരണത്തിന് മുഖ്യ പ്രാധാന്യം കൽപ്പിക്കേണ്ടതാണ്. മുദ്രാവാക്യമല്ല പ്രവൃത്തിയാണ് പ്രധാനം.
%20(400%20x%20100%20px)%20(1).png)











Comments