അഹിംസയുടെ നാനാർത്ഥങ്ങൾ
- ഡോ. വേണു തോന്നയ്ക്കൽ

- Jan 4
- 4 min read
ഡോ. വേണു തോന്നയ്ക്കൽ എഴുതുന്നു.

അഹിംസ എന്ന പദം ധാരാളമായി ഉപയോഗിച്ചു കേൾക്കാറുണ്ട്. അതൊരു സംസ്കാരമാണ്. മതപരമായ എന്തോ ആണ് എന്ന് കരുതി അഹിംസ പരിപാവനമാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. അഹിംസ എന്ന് കേൾക്കുമ്പോൾ ഒരു പൊട്ടിത്തെറിയോടെ പ്രതികരിക്കുന്നവരെയും കാണാം.
ഇവരാരും കാര്യങ്ങളുടെ ഗൗരവം അറിഞ്ഞു പ്രതികരിക്കുന്നവരല്ല. ഒരു കൂട്ടർ മതപരമായ ചട്ടക്കൂട്ടിൽ വളർന്നതിന്റെ വെളിച്ചത്തിൽ അപ്രകാരം ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നു. ജനിച്ചു വളർന്ന ചുറ്റുപാട് തങ്ങളുടെ വാദത്തെ സാധൂകരിക്കുന്നുണ്ടാവും. താൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും മാത്രമാണ് ശരി എന്ന ധാരണ പുലർത്തുന്നവരുമുണ്ട്. അതിലേക്ക് ആളെ കൂട്ടുകയും തൻറെ ഭാഗം ജയിക്കാൻ വേണ്ടി വന്നാൽ മറ്റുള്ളവരെ കൊണ്ട് ആയുധമെടുപ്പിക്കുകയും ചെയ്യും.
അഹിംസക്കെതിരെ വാദിക്കുന്നവരിൽ ശാസ്ത്രീയമായി കാര്യങ്ങളെ കാണുന്നവരും ഉണ്ട്. തങ്ങൾക്കെതിരായ ഏത് ചിന്തയെയും എതിർക്കുമെന്ന് പ്രതിജ്ഞ എടുത്തവരേയും കാണാം. ഇവിടെ അന്തർധാരയായി ഒരു ഫാഷിസ്റ്റ് മനോഭാവം പ്രവർത്തിക്കുന്നു.
തെരുവുകൾക്ക് മനുഷ്യരെ കുരുതി കൊടുത്ത് ചോരപ്പുഴ കണ്ടാനന്ദിക്കുന്നവരെ കുറിച്ചല്ല ഇവിടെ പറയുന്നത്. മൃഗങ്ങളെ കൊല്ലുന്നതിനെ കുറിച്ചാണ്. ഏതു ജന്തു വിഭാഗത്തിൽപ്പട്ടവയുമാവാം. ഏതു തരം കൊലയിലും ചിലർ ആനന്ദം കാണുന്നു. ഉറുമ്പിനെയും കൊതുകിനെയും മുതൽ മനുഷ്യരെ വരെ കൊല്ലുന്നതിൽ വിനോദിക്കുന്ന ഒരു മനസ്സുണ്ട്. പലരിലും അത്തരം ഒരു മനസ്സ് പ്രവർത്തിക്കുന്നു. അതിന് മേൽ നിയന്ത്രണം ഏർപ്പെടുത്തി നാം സാമൂഹ്യ ജീവിയാവുന്നു. ചില പ്രത്യേക ഘട്ടങ്ങളിൽ ചിലരിൽ നിന്നും ആ പ്രാകൃത ജീൻ പുറത്തു വരുന്നത് കാണാം.
സമൂഹമായി കഴിയുന്ന ജീവ ജാതികളാണ് നാം. ഈ ആധുനിക കാലത്ത് പല സ്വഭാവ വിശേഷങ്ങളെയും സ്വയം അടക്കിയാണ് നാം സമൂഹത്തിന്റെ ഭാഗമാവുന്നത്. അത്തരം സ്വഭാവ വിശേഷങ്ങളാണ് പ്രാകൃത വാസനകൾ. സഹ ജീവികളെ മാത്രമല്ല ഏതു ജീവിയെയും കൊന്നും കൊല വിളിച്ചും മരണം കണ്ടും ആനന്ദിക്കുന്നത് ഒരു തരം പ്രാകൃത വാസനയാണ്. അത്തരം ജീനുകളെ തുറന്നു വിട്ട് ആനന്ദിച്ചിരുന്ന രാജാക്കന്മാരും പ്രഭുക്കളും മത രാഷ്ട്രീയ പ്രമാണിമാരും ഇന്നും നമ്മുടെയൊക്കെ മനസ്സുകളിൽ ജീവിക്കുന്നു. ഹിറ്റ്ലർ കൊലയിൽ ആനന്ദം കണ്ടവനാണ്. അത്തരക്കാരിൽ പലരെയും നാം വെള്ള പൂശി വിശുദ്ധരാക്കിയിട്ടുണ്ട്. ഈ ആധുനിക കാലത്തും നമുക്കിടയിൽ അത്തരക്കാരുണ്ട്.
എന്റെ പള്ളിക്കൂടക്കാലം. സ്കൂളിലേക്കുള്ള ദൂരം കുറവായതിനാൽ പുഴയോരത്തൂടെ ആയിരുന്നു ഞങ്ങളുടെ സ്കൂൾ യാത്ര. കൂട്ടത്തിൽ ഒരാൾ ചെറിയ കല്ലുകളുമായിട്ടാണ് വരിക. അവൻ പുഴയിൽ നോക്കി നടക്കും. തീർച്ചയായും ഒരു നീർക്കോലിയെ (വിഷമില്ലാത്ത ശുദ്ധ ജലപ്പാമ്പ്) കാണും. അതിനെ എറിഞ്ഞ് ചതച്ച് കൊന്നതിനു ശേഷമേ സ്കൂളിൽ എത്തുകയുള്ളൂ. അവൻ ഈ കൊലയിൽ ആനന്ദം കാണുകയാണ്. മറ്റൊരു ഹോബിയും അവനുള്ളതായി എനിക്കറിയില്ല. മൃഗങ്ങളെ വേട്ടയാടി ജീവിച്ച ഒരു പൂർവ്വ ചരിത്രവും നമുക്കുണ്ടല്ലോ.
മറ്റൊരു കൂട്ടരുണ്ട്. മൃഗങ്ങളെ കൊല്ലാൻ മാത്രമല്ല കൊല്ലുന്നതോ ആക്രമിക്കുന്നതോ കാണാൻ പോലും പ്രയാസമുള്ളവർ. അതവരുടെ മനോഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു. എൻറെ മകൾ വേദവതിക്ക് അത്തരം വീഡിയോ പോലും കാണുക പ്രയാസമാണ്. ടെലിവിഷനിൽ അനിമൽ പ്ലാനറ്റ് തുടങ്ങിയ ചാനലുകളിൽ ഇരപിടിയൻ മൃഗങ്ങളെ ആക്രമിക്കുന്ന ദൃശ്യം വരുമ്പോൾ അവൾ ചാനൽ മാറ്റും.
ചിലരുടെ മനോഘടന അത്തരത്തിലാണ് എന്നു വച്ച് ഭക്ഷണത്തിനായി ഒരു ഇരപിടിയന് മറ്റൊരു മൃഗത്തെ കൊല്ലാൻ പാടില്ല എന്ന് വാദിക്കാനാവുമോ? പക്ഷികളെയും മൃഗങ്ങളെയും കൊല്ലാൻ ഇഷ്ടപ്പെടാത്തവരും കൊല്ലുന്നത് കണ്ടു നിൽക്കാനാവാത്തവരും സസ്യ ഭോജികൾ ആണെന്ന് കരുതരുത്. ജന്തുക്കളെ കൊല്ലുന്നത് കണ്ടു നിൽക്കാനാവാത്ത മനോഘടനയുള്ള മാംസാഹാരികൾ ധാരാളമുണ്ട്.
മൃഗങ്ങളെ കൊല്ലുന്നതിൽ ആനന്ദം കാണുന്ന ധാരാളം സസ്യാഹാരികളും ഉണ്ട്. അത്തരം മനോഘടനയുള്ള മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഉണ്ട്. സസ്യ ഭോജിയായ കാണ്ടാമൃഗം യുദ്ധം ആഗ്രഹിക്കുന്ന ഒരു മൃഗമാണ്. യുദ്ധ തന്ത്രജ്ഞനായ ചാണക്യൻ സസ്യഭോജിയാണ്. ബുദ്ധ മതക്കാരെ മുച്ചൂടും കൊന്നു കൊല വിളിച്ചതാരാണ്. താലപ്പൊലിയുടെ ചരിത്രം പറയുന്നത് കൊലയുടെ രാഷ്ടീയമാണ്.
കൊന്നാൽ പാപം തിന്നാൽ തീരുമെന്നൊരു ചൊല്ലുണ്ട്. ഭക്ഷണത്തിന് അല്ലാതെയും കൊല ചെയ്യപ്പെടാം. അതിനും ന്യായവാദങ്ങൾ പലതുമുണ്ട്. മനുഷ്യർ മൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നു. ഇരപിടിയന്മാരായ മൃഗങ്ങൾക്ക് മറ്റു മൃഗങ്ങളെ കൊല്ലാതെ തരമില്ല. ഒരു സസ്യത്തിന്റെ നാശം മറ്റൊരു സസ്യത്തിന് നിലനിൽപ്പാവുന്നു. സസ്യങ്ങളെ ആഹാരമാക്കുന്ന മനുഷ്യരും ജന്തുക്കളും നടത്തുന്നത് ഒരർത്ഥത്തിൽ കൊല തന്നെയാണ്. സസ്യങ്ങളും ജീവികളാണ്. ജന്തുക്കളെ ഭക്ഷണമാക്കുന്ന സസ്യങ്ങളുമുണ്ട് (insectivorous plants).
അഹിംസ പ്രകൃതിയിൽ അപ്രായോഗികമാണ്. ഹിംസ ജൈവ ലോകത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്. കൊന്നും കൊല്ലപ്പെട്ടും തിന്നും തിന്നപ്പെട്ടുമാണ് ഈ ജൈവ ലോകം നിലനിൽക്കുന്നത്. ഇവിടെ തർക്കത്തിന് പ്രസക്തിയില്ല. ജൈവ ലോകം എന്നു പറയുമ്പോൾ വൈറസും ബാക്ടീരിയയും മുതൽ ആൽഗയും പനയും പ്ലാവും പട്ടിയും പൂച്ചയും ആനയും കടുവയും മനുഷ്യരും അങ്ങനെ ലക്ഷോപലക്ഷം ജീവ ജാതികൾ.
മരം മുറിക്കുന്നതു ഹത്യയാണ്. ജീവനുള്ള ഏത് രൂപത്തെ കൊല്ലുന്നതും പ്രാണ ഹത്യയാണ്. സസ്യങ്ങൾ ജീവ ജാതികളാണ്. അവയ്ക്ക് ജീവനുണ്ട്. ശാസ്ത്ര ജ്ഞാനം വേണ്ടത്ര ഇല്ലാത്ത ഒരു കാലത്ത് ജന്തുക്കൾക്ക് മാത്രമേ ജീവനുള്ളൂ എന്ന് നാം കരുതിയിരുന്നു. ആ ധാരണ തെറ്റാണെന്ന് ശാസ്ത്രം പറഞ്ഞു.
ഹിംസ ചെയ്യാത്തവർ ഈ ഭൂമുഖത്ത് ആരുമുണ്ടാവാനിടയില്ല. കടിച്ച കൊതുകിനെയും പഞ്ചസാര ഭരണിയിൽ കയറിയ ഉറുമ്പിനെയും കൊല്ലുന്നത് പ്രാണിഹത്യയല്ലേ? മലക്കറി തോട്ടത്തിൽ കയറിയ കീടത്തെയും നെല്ലിലെ ചാഴിയെയും തെങ്ങിൻ കുല നശിപ്പിക്കുന്ന കൊമ്പൻ ചെല്ലിയേയും കൊന്നത് കൊല തന്നെയല്ലേ? ഇതൊന്നും ഹിംസയുടെ ഗണത്തിൽ പെടുകയില്ലേ?
എന്തിനേറെ പറയണം. നമുക്കൊരു അണുബാധ ഉണ്ടായാൽ നാം കഴിക്കുന്ന ആന്റിബയോട്ടിക്ക് എന്തിനുള്ളതാണ്? നമ്മുടെ ശരീരത്തിൽ കയറിയ രോഗാണുക്കളായ ബാക്ടീരിയയെ നശിപ്പിയ്ക്കാനുള്ള ഒരു തൻമാത്രയാണത്. തൂണിലും തുരുമ്പിലും ജീവൻ ദർശിക്കുന്നവർ പിന്നെയെങ്ങനെ സസ്യങ്ങളെ ആഹരിക്കും?
മനുഷ്യർ തന്ത്ര ശാലികളാണ്, യുക്തി ബോധമുള്ളവരാണ്, യുദ്ധതന്ത്രജ്ഞരാണ്, എന്നൊക്കെയുള്ള വിശേഷണം അർത്ഥവത്താവുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. വാദമുഖങ്ങൾ കൊണ്ട് സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുക. നമുക്ക് ചുറ്റിലും നിരന്തരം നടന്നു കൊണ്ടിരിക്കുന്നതും അതാണ്.
ഒരു മൃഗത്തെ കൊല്ലുമ്പോൾ അതിന്റെ ചെവിയിൽ ഓതിയാൽ പാപം കിട്ടില്ല എന്നത് ന്യായീകരണം. കൊന്നാൽ പാപം തിന്നാൽ തീരും എന്നതും ചെയ്യുന്ന പ്രവൃത്തിയെ ന്യായീകരിക്കാൻ ബുദ്ധിമാനായ മനുഷ്യന്റെ മറ്റൊരു തന്ത്രം. ഔഷധച്ചെടി ശേഖരിക്കുന്നതിന് മുമ്പ് അവയുടെ അനുവാദം വാങ്ങണമത്രേ. കയ്യിൽ ഊരിപ്പിടിച്ച വാളുമായി ഒരാൾ തന്നെ വധിക്കാൻ വരുമ്പോൾ അനുവാദം ചോദിച്ചാൽ സന്തോഷത്തോടെ തല നീട്ടി കൊടുക്കുന്ന ജീവജാതികളെ കുറിച്ച് ഒന്ന് സങ്കൽപ്പിക്കുക. അത്തരത്തിൽ കഥകൾ മെനഞ്ഞെടുത്തവരുടെ ഭാവനയും ബുദ്ധി തന്ത്രവും അപാരം. അതൊക്കെ വിശ്വസിക്കാൻ പൊതു സമൂഹവും.
ഇത്തരം മണ്ടൻ ന്യായ വാദങ്ങൾ കേട്ടിട്ടും ആധുനിക സമൂഹം മിണ്ടാതിരിക്കുന്നത് തർക്കങ്ങളിൽ പെട്ട് വിലയേറിയ സമയവും മന:സമാധാനവും നഷ്ടപ്പെടാതിരിക്കട്ടെ എന്ന് കരുതിയാവും.
അഹിംസാവാദവും സസ്യ ഭോജനവും മഹത്തരമാണെന്ന് വാദിക്കാനാവില്ല. അത്തരത്തിൽ ചിന്തിക്കുന്നവരുണ്ടാവാം. സസ്യ ഭോജനം എന്റെ ശീലമാണ്. എന്നാൽ സസ്യ ഭോജനം മാംസ ഭോജനത്തെക്കാൾ മഹത്തരമാണെന്ന് വാദിക്കാൻ എനിയ്ക്കാവില്ല. ഭക്ഷണ ശീലം മാറ്റാൻ ഏവർക്കും കഴിഞ്ഞെന്ന് വരില്ല. ഭക്ഷണ ശീലം മാറ്റാനുള്ള ശ്രമം പലരിലും ഉദര പ്രശ്നങ്ങൾക്ക് ഇടയാക്കിയേയ്ക്കാം. ഭക്ഷണ ശീലം ചെറു പ്രായത്തിൽ രൂപീകൃതമാവുന്നതാണ്. ഭക്ഷണം പിടിക്കുന്നില്ല എന്ന് പറഞ്ഞു വിലയേറിയ തൊഴിൽ ഉപേക്ഷിച്ച് വിദേശത്തു നിന്നും നാട്ടിൽ മടങ്ങി വരുന്നവരും അപൂവ്വമല്ല.
ഭൂലോകമെങ്ങും യുദ്ധങ്ങളുടെ ഘോഷയാത്രകളാണ്. അതൊരു തുടർച്ചയാണ്. ഓരോ വർഗ്ഗം ജീവികളും സ്വന്തം നില നിൽപ്പിനായി യുദ്ധങ്ങളിൽ ഏർപ്പെടുന്നു. ഭക്ഷണത്തിന് മാത്രമല്ല നില നിൽപ്പിനായും ജീവ ജാതികൾ യുദ്ധങ്ങൾ നയിക്കുന്നു.
ജീവ ജാതികൾ യുദ്ധങ്ങളിൽ ഏർപ്പെടുന്നില്ലായെന്ന് വെറുതെയൊന്ന് സങ്കൽപ്പിക്കുക. എന്താവും ഫലം? നാം ശാന്തരായി സസുഖം ജീവിക്കും എന്നാണോ പറയാൻ പോകുന്നത്? എന്നാൽ തെറ്റി. ജൈവ ലോകം ആകെ തകിടം മറിയും. ജീവികളുടെ സർവ്വനാശമാവും ഫലം.
ഈ ജൈവ ലോകത്തുള്ള മുഴുവൻ ജീവ ജാതികളും തിന്നും തിന്നപ്പെട്ടും പരസ്പരം കണ്ണി കോർക്കുകയാണ്. ആവാസ വ്യവസ്ഥയിലെ ഭക്ഷ്യ ശൃംഖലയിൽ കോർത്ത കണ്ണികളാണ് ഓരോ ജീവി വർഗ്ഗവും. ഒരു വർഗ്ഗം ജീവിയുടെ അഭാവം ഭക്ഷ്യ ശൃംഖല മുറിഞ്ഞ് ആകെ താറുമാറായി ആവാസ വ്യവസ്ഥ തകരാനിടയാക്കുന്നു.
ജീവ ലോകത്ത് ഇരപിടിയന്മാരായ ജീവ ജാതികൾ ഇല്ല എന്ന് തന്നെ കരുതുക. വൈകാതെ സസ്യങ്ങളെ ആഹരിക്കുന്ന പ്രാഥമിക ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി പെരുകും. അതിൻറെ ഫലം ഏറെ ഭീതിദമായിരിക്കും. ഭക്ഷ്യോൽപാദകരായ സസ്യങ്ങളുടെ സംഖ്യ അനുദിനം കുറയും. അതേത്തുടർന്ന് ജീവജാതികൾ പട്ടിണിയിലാവും.
പിന്നത്തെ കഥ പറവാനുണ്ടോ!
മുഴു പട്ടിണിയാവും ഫലം.
ജനം കൊട്ടാരങ്ങളും സുഖ സൗകര്യങ്ങളും വിട്ട് തെരുവിലിറങ്ങും. പരസ്പരം കടിച്ചു കീറി രുധിരം മോന്തും. ചോരയുടെ ഗന്ധമെങ്ങും നിറയും. വിശപ്പിൽ വയറു കരിയുന്ന ഗന്ധം ചുടു ചോരയുടെ മണത്തിൽ ലയിച്ചു ചേരും.
തത്വചിന്തയും ശാസ്ത്രവും സാഹിത്യവും കഥയും കവിതയും വിശപ്പിന്റെ വിളിയിൽ ആർക്കും വേണ്ടാത്ത നാണയങ്ങളായി മാറും. യുദ്ധങ്ങളിലൂടെ വംശ വർദ്ധന തടയുന്ന ഒരു ജൈവീയ മാർഗവും നിലവിലുണ്ട്. യുദ്ധം ഭക്ഷണത്തിനും നിലനിൽപ്പിനും മാത്രമല്ല, മറ്റൊരു വർഗ്ഗത്തിനു മേൽ ആധിപത്യം ഉറപ്പിക്കാനുമുള്ളതുമാണ്.
%20(400%20x%20100%20px)%20(1).png)











Comments