എന്തുകൊണ്ട് ഫോയ്‌ഡ് ഇന്നും ജീവിക്കുന്നു?
- Aug 7
- 3 min read
Updated: Aug 10
കെ.ജി. ഗോപാൽ എഴുതുന്നു

ഒരു കാലത്ത് മനുഷ്യന് സ്വന്തം മനസ്സിനെക്കുറിച്ച് വളരെ കുറച്ചേ അറിയാമായിരുന്നുള്ളൂ.
ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഡോക്ടർമാർ പഠിച്ചു. ശ്വാസകോശം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അവർ മനസ്സിലാക്കി. തലച്ചോറിന്റെ ഘടനയെക്കുറിച്ചും അറിവ് വർധിച്ചു. എന്നാൽ മനുഷ്യന്റെ മനസ്സ്? ചിന്തകൾ എവിടെ നിന്നാണ് വരുന്നത്? ഭയങ്ങൾ എങ്ങനെ ജനിക്കുന്നു? ചില ഓർമ്മകൾ എന്തുകൊണ്ട് ജീവിതം മുഴുവൻ പിന്തുടരുന്നു? മനുഷ്യൻ എന്തുകൊണ്ട് ചിലപ്പോൾ സ്വന്തം താൽപര്യത്തിന് വിരുദ്ധമായി തന്നെ പെരുമാറുന്നു?
ഈ ചോദ്യങ്ങൾ ശാസ്ത്രത്തിന്റെ വിഷയമായിരുന്നില്ല.
അവിടെ നിന്നാണ് സിഗ്‌മണ്ട് ഫ്രോയ്ഡ് എന്ന ഒരു യുവ ഡോക്ടർ ഒരു ധീരമായ യാത്ര ആരംഭിച്ചത്.
കൊളംബസ് പുതിയ ഭൂഖണ്ഡം കണ്ടെത്തിയെന്ന് പറയാറുണ്ട്. ഡാർവിൻ ജീവന്റെ പരിണാമചരിത്രം തുറന്നുകാട്ടി. ഐൻസ്റ്റൈൻ പ്രപഞ്ചത്തെ കാണുന്ന നമ്മുടെ കാഴ്ചപ്പാട് മാറ്റി.
മനുഷ്യൻ സ്വന്തം മനസ്സിന്റെ രാജാവല്ല
ഫോയ്‌ഡിന് മുമ്പ് ഒരു പൊതുവിശ്വാസമുണ്ടായിരുന്നു.
നാം ചിന്തിക്കുന്നു. നാം തീരുമാനിക്കുന്നു. അതിനാൽ നമ്മുടെ മനസ്സിന്റെ പൂർണ നിയന്ത്രണം നമുക്കുണ്ട്.
ഫോയ്‌ഡ് പറഞ്ഞു:
"അല്ല. നിങ്ങളുടെ മനസ്സിന്റെ വലിയൊരു ഭാഗം നിങ്ങൾക്ക് തന്നെ അറിയില്ല."
ഈ ആശയം ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചു.
മനസ്സിന്റെ ആ അദൃശ്യലോകത്തെയാണ് അദ്ദേഹം അബോധമനസ്സ് (Unconscious) എന്ന് വിളിച്ചത്.
ഇന്ന് ഈ പദം ലോകത്തിലെ മിക്ക ഭാഷകളുടെയും ഭാഗമാണ്.
നമ്മുടെ ഓർമ്മകൾ, ആഗ്രഹങ്ങൾ, ഭയങ്ങൾ, കുറ്റബോധം, സ്നേഹം, വെറുപ്പ്, അപമാനം—ഇവയിൽ പലതും ബോധപൂർവമല്ലാതെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന ആശയം ഇന്ന് മനഃശാസ്ത്രത്തിലും ന്യൂറോസയൻസിലും വിവിധ രൂപങ്ങളിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഫോയ്‌ഡ് ആദ്യമായി മനുഷ്യനോട് പറഞ്ഞു: "നിങ്ങൾക്ക് നിങ്ങളെക്കുറിച്ച് അറിയുന്നത് വളരെ കുറവാണ്."
സംസാരത്തിലൂടെ ചികിത്സ
ഇന്ന് ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്ത് പോകുമ്പോൾ അദ്ദേഹം രോഗിയോട് സംസാരിക്കും. ജീവിതത്തെക്കുറിച്ച് ചോദിക്കും. കുട്ടിക്കാലത്തെക്കുറിച്ച് ചോദിക്കും. ബന്ധങ്ങളെക്കുറിച്ച് ചോദിക്കും. ഇത് ഇന്ന് സാധാരണമാണ്. എന്നാൽ ഒരുകാലത്ത് മാനസികരോഗചികിത്സയുടെ ഭാഗമല്ലായിരുന്നു. ഫോയ്‌ഡാണ് രോഗിയുടെ ജീവിതകഥ തന്നെ ചികിത്സയുടെ ഭാഗമായി മാറ്റിയത്.
"സംസാരിക്കുന്നത് രോഗശാന്തിക്ക് സഹായിക്കും" എന്ന ആശയം ഇന്ന് സ്വാഭാവികമായി തോന്നാം. എന്നാൽ അതിന് പിന്നിൽ നിൽക്കുന്നത് ഫോയ്‌ഡിന്റെ വിപ്ലവമാണ്.

ഇന്ന് Cognitive Therapy, Psychodynamic Therapy, Trauma Therapy, Attachment Therapy തുടങ്ങി അനേകം ചികിത്സാരീതികൾ നിലനിൽക്കുന്നുണ്ടെങ്കിലും, രോഗിയുടെ അനുഭവങ്ങളെ ശ്രദ്ധയോടെ കേൾക്കുക എന്ന സംസ്കാരം സ്ഥാപിച്ചവരിൽ ഏറ്റവും പ്രധാനി ഫോയ്‌ഡാണ്.
കുട്ടിക്കാലം ജീവിതത്തെ രൂപപ്പെടുത്തുന്നു
ഒരു കുട്ടിയോട് ഇന്ന് ആരും പറയില്ല: "ഇതൊന്നും കാര്യമല്ല. വളരുമ്പോൾ മറന്നുപോകും." കാരണം, ഇന്ന് നമുക്കറിയാം. കുട്ടിക്കാല അനുഭവങ്ങൾ ജീവിതത്തെ രൂപപ്പെടുത്തുന്നു.
സ്നേഹം കിട്ടിയോ? ഭയം അനുഭവിച്ചോ? അപമാനിക്കപ്പെട്ടോ? അവഗണിക്കപ്പെട്ടോ? ഇവയെല്ലാം പ്രായപൂർത്തിയായ ശേഷമുള്ള വ്യക്തിത്വത്തിലും ബന്ധങ്ങളിലും ആത്മവിശ്വാസത്തിലും സ്വാധീനം ചെലുത്തും. ഇന്ന് ഈ ആശയം മനഃശാസ്ത്രത്തിന്റെ അടിസ്ഥാനസത്യങ്ങളിൽ ഒന്നാണ്. അതിനെ ആദ്യമായി ശക്തമായി മുന്നോട്ടുവച്ചത് ഫോയ്‌ഡായിരുന്നു.
സ്വപ്നങ്ങളെ സ്വർഗത്തിൽ നിന്ന് ഭൂമിയിലിറക്കിയ മനുഷ്യൻ
ആയിരക്കണക്കിന് വർഷങ്ങളായി സ്വപ്നങ്ങളെ മനുഷ്യർ ദൈവത്തിന്റെ സന്ദേശമായി കരുതി. ജ്യോതിഷികളും പുരോഹിതരും സ്വപ്നങ്ങൾക്ക് അർത്ഥം പറഞ്ഞു.
ഫോയ്‌ഡ് പറഞ്ഞു: "സ്വപ്നങ്ങൾ ദൈവത്തിന്റെ ഭാഷയല്ല. മനസ്സിന്റെ ഭാഷയാണ്."
അദ്ദേഹത്തിന്റെ എല്ലാ വ്യാഖ്യാനങ്ങളും ഇന്ന് അംഗീകരിക്കപ്പെടുന്നില്ല.
പക്ഷേ, സ്വപ്നങ്ങളെ അന്ധവിശ്വാസത്തിൽ നിന്ന് ശാസ്ത്രീയ അന്വേഷണത്തിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. അതൊരു ചരിത്രസംഭവമായിരുന്നു.
മതത്തെക്കുറിച്ചുള്ള ഫോയ്‌ഡിന്റെ ധീരമായ വിശകലനം
ഫോയ്‌ഡിനെ ലോകം എന്നും ഓർക്കുന്നത് മനഃശാസ്ത്രജ്ഞനായി മാത്രമല്ല. മതത്തെ മനഃശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്ത ആദ്യത്തെ മഹാന്മാരിൽ ഒരാളായിട്ടുമാണ്.

അദ്ദേഹത്തിന്റെ പ്രസിദ്ധമായ The Future of an Illusion എന്ന പുസ്തകത്തിൽ അദ്ദേഹം ചോദിക്കുന്നു: മനുഷ്യൻ എന്തുകൊണ്ടാണ് ദൈവത്തിൽ വിശ്വസിക്കുന്നത്? ശാസ്ത്രീയ തെളിവുകൾ കൊണ്ടോ?
അല്ല. മനഃശാസ്ത്രപരമായ ആവശ്യങ്ങൾ കൊണ്ടാണ്.
ഇടിമിന്നലിനെയും മരണത്തെയും രോഗത്തെയും പ്രകൃതിയുടെ ശക്തികളെയും ഭയക്കുന്ന മനുഷ്യൻ ഒരു സർവശക്തനായ പിതാവിനെ സൃഷ്ടിക്കുന്നു. കുട്ടി അച്ഛന്റെ കൈ പിടിച്ച് സുരക്ഷിതനാകുന്നതുപോലെ, മുതിർന്ന മനുഷ്യൻ ദൈവവിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുന്നു. അതിനാൽ മതം യാഥാർത്ഥ്യത്തിന്റെ കണ്ടെത്തലല്ല; ആഗ്രഹത്തിന്റെ സൃഷ്ടിയാണ്.
ഈ ആശയം ഇന്നും മതവിമർശനത്തിലെ ഏറ്റവും സ്വാധീനമുള്ള ആശയങ്ങളിലൊന്നാണ്. റിച്ചാർഡ് ഡോക്കിൻസ് മുതൽ ക്രിസ്റ്റഫർ ഹിച്ചൻസ് വരെ നിരവധി ആധുനിക മതവിമർശകരുടെ വാദങ്ങളിൽ ഫോയ്‌ഡിന്റെ സ്വാധീനം കാണാം.
എന്തുകൊണ്ട് ഫോയ്‌ഡ് ഇന്നും ജീവിക്കുന്നു?
ഫോയ്‌ഡിന്റെ എല്ലാ സിദ്ധാന്തങ്ങളും ഇന്ന് അംഗീകരിക്കപ്പെടുന്നില്ല. അത് അത്ഭുതകരവുമല്ല. ഡാർവിൻ പറഞ്ഞ എല്ലാ വിശദാംശങ്ങളും ഇന്ന് ശരിയല്ല. ന്യൂട്ടന്റെ ഭൗതികശാസ്ത്രം മുഴുവൻ ഇന്നത്തെ ശാസ്ത്രമല്ല. എന്നാൽ അവർ തുറന്ന ശാസ്ത്രീയ വഴികൾ ഇന്നും തുടരുന്നു.
ഫോയ്‌ഡിന്റെ കാര്യവും അങ്ങനെ തന്നെയാണ്. അദ്ദേഹം മനഃശാസ്ത്രത്തിന് ഉത്തരങ്ങൾ മാത്രമല്ല നൽകിയത് . പുതിയ ചോദ്യങ്ങളും നൽകി.
മനുഷ്യൻ എന്തുകൊണ്ട് കള്ളം പറയുന്നു? എന്തുകൊണ്ട് സ്വന്തം വികാരങ്ങളെ തന്നെ മറയ്ക്കുന്നു? എന്തുകൊണ്ട് ബാല്യകാല അനുഭവങ്ങൾ ജീവിതം മുഴുവൻ പിന്തുടരുന്നു? എന്തുകൊണ്ട് ചില വിശ്വാസങ്ങൾ യുക്തിയേക്കാൾ ശക്തമാകുന്നു? ഈ ചോദ്യങ്ങൾ ഇന്ന് ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ ഇപ്പോഴും പഠിക്കപ്പെടുന്നു.
ഫോയ്‌ഡിനെക്കുറിച്ചുള്ള ചില വിമർശനങ്ങൾ
ലൈംഗികതയ്ക്ക് അദ്ദേഹം ചിലപ്പോൾ അമിതപ്രാധാന്യം നൽകിയെന്ന വിമർശനമുണ്ട്. ചില സിദ്ധാന്തങ്ങൾ പരീക്ഷണാത്മകമായി പരിശോധിക്കാൻ പ്രയാസമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ത്രീകളെക്കുറിച്ചുള്ള ചില അഭിപ്രായങ്ങൾ ഇന്ന് കാലഹരണപ്പെട്ടവയായി കണക്കാക്കപ്പെടുന്നു.
പക്ഷേ ഈ വിമർശനങ്ങൾ അദ്ദേഹത്തിന്റെ ചരിത്രപ്രാധാന്യം ഇല്ലാതാക്കുന്നില്ല. റൈറ്റ് സഹോദരന്മാരുടെ ആദ്യവിമാനം ഇന്ന് ആരും പറത്തുന്നില്ല. എന്നാൽ മനുഷ്യൻ പറക്കാൻ പഠിച്ചത് അവിടെ നിന്നാണ്. അതുപോലെ, ഇന്നത്തെ മനഃശാസ്ത്രം ഫോയ്‌ഡിന്റെ പുസ്തകങ്ങൾ അതേപടി ആവർത്തിക്കുന്നില്ല. എന്നാൽ മനസ്സിനെ ശാസ്ത്രീയ അന്വേഷണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത് ഫോയ്‌ഡാണ്.
ഒരു മനുഷ്യൻ, ഒരു വിപ്ലവം
ചില മനുഷ്യർ പുതിയ ഉത്തരങ്ങൾ നൽകുന്നു. ചിലർ പുതിയ ചോദ്യങ്ങൾ ചോദിക്കുന്നു. ചരിത്രത്തെ മാറ്റുന്നത് രണ്ടാമത്തെ വിഭാഗമാണ്.
സിഗ്‌മണ്ട് ഫോയ്‌ഡ് മനുഷ്യന്റെ ഉള്ളിലേക്ക് ഒരു കണ്ണാടി പിടിച്ചു. ആ കണ്ണാടിയിൽ മനുഷ്യൻ ആദ്യമായി കണ്ടത് തന്റെ മുഖമല്ല. സ്വന്തം മനസ്സിന്റെ ആഴങ്ങളായിരുന്നു. ആ യാത്ര ഇന്നും അവസാനിച്ചിട്ടില്ല. മനഃശാസ്ത്രം ഇന്നും മുന്നോട്ടുപോകുന്നു. പക്ഷേ, ആ യാത്രയുടെ ആദ്യത്തെ വലിയ ഭൂപടത്തിൽ എഴുതിയിരിക്കുന്ന പേര് ഇന്നും സിഗ്‌മണ്ട് ഫോയ്‌ഡ് എന്നു തന്നെയാണ്.
(തുടരും... )

ഫ്രോയ്ഡിന്റെ "The Interpretation of Dreams" മലയാള പരിഭാഷ ഇപ്പോൾ ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിൽ കിട്ടും. ഈ ലിങ്കിൽ വിവരങ്ങൾ കിട്ടും. സ്വപ്നങ്ങളുടെ അപഗ്രഥനം.
%20(400%20x%20100%20px)%20(1).png)











Comments