തേരാളി ഹെൽപ് ലൈൻ തൃശ്ശൂരിൽ ആരംഭിച്ചു
- Jan 30
- 1 min read
യുക്തിബോധത്തിന്റെയും മാനവികതയുടെയും ഒരു കൈത്താങ്ങ്.

ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും “തേരാളി ഹെൽപ് ലൈൻ” ആരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ യുക്തിവാദി സംഘം സംസ്ഥാന സമിതി അറിയിച്ചു.
വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആളുകൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ, ആശയക്കുഴപ്പങ്ങൾ, ഒറ്റപ്പെടൽ, ജീവിതപ്രശ്നങ്ങൾ എന്നിവ കേൾക്കാനും, അവ യുക്തിപരമായി ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ തേടാനും സഹായിക്കുകയാണ് ഹെൽപ് ലൈൻ ലക്ഷ്യമാക്കുന്നതെന്ന് റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് സനൽ ഇടമറുക് പറഞ്ഞു.
ആദ്യഘട്ടം: തൃശ്ശൂർ ജില്ല
ആദ്യ ഘട്ടമായി തൃശ്ശൂർ ജില്ലയിലാണ് തേരാളി ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് മതരഹിതരായ കുടുംബങ്ങൾക്കും കുട്ടികളുടെ സ്കൂൾ അഡ്മിഷൻ, വിവാഹം, മരണം, എന്നീ ഘട്ടങ്ങളിൽ പിന്തുണ നൽകാനും, നിയമ സഹായം, മെഡിക്കൽ ഉപദേശങ്ങൾ തുടങ്ങിയവ ആവശ്യമായി വരുമ്പോൾ അതാത് മേഖലയിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് സഹായ ഹസ്തം നൽകാനും തേരാളി ഹെൽപ് ലൈൻ ശ്രദ്ധിക്കുമെന്ന് ത്യശ്ശൂരിലെ തേരാളി ഹെൽപ്‌ലൈൻ അഡ്മിനിസ്ട്രേറ്റർ റെന്നി ആന്റണി വ്യക്തമാക്കി.
ഹെൽപ് ലൈൻ സേവനം ആദ്യ ഘട്ടത്തിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെയാവും ലഭ്യമാവുക. ആവശ്യകത കണക്കിലെടുത്ത് സേവന സമയം വരാനിരിക്കുന്ന ദിവസങ്ങളിൽ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യൻ യുക്തിവാദി സംഘം പ്രതിനിധികൾ അറിയിച്ചു.
തൃശ്ശൂർ ജില്ലാ ഹെൽപ് ലൈൻ നമ്പർ 9567 767 772 ആണ്.
യുക്തിബോധത്തോടെയും കരുണയോടെയും മനുഷ്യനെ സമീപിക്കുന്ന ഒരു സംരംഭമായി, തേരാളി ഹെൽപ് ലൈൻ കേരളമാകെ വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
%20(400%20x%20100%20px)%20(1).png)











Comments