top of page

ഹിന്ദുത്വത്തിന്റെ വേരുകൾ

  • Jan 26
  • 2 min read

ബി. മനോജ് ലാൽ.



Asko Parpola യുടെ The Roots of Hinduism എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ചില ചിന്തകൾ.  


ഹിന്ദുത്വത്തിന്റെ വേരുകൾ തേടുന്നതിനു മുമ്പ് 'ഹിന്ദു'എന്ന പദത്തിന്റെ ഉത്ഭവം കണ്ടെത്തേണ്ടിയിരിക്കുന്നു. ബി.സി.ഇ 515 -ഓടുകൂടി പേർഷ്യൻ രാജാവായ ഡാരിയസ് സിന്ധു നദീതടത്തെക്കൂടി തന്റെ സാമ്രാജ്യത്തിന്റെ ഭാഗമായി കൂട്ടി ചേർത്തു. ഇൻഡസ് നദിയും അതിന്റെ തെക്കുള്ള പ്രദേശത്തെയും സംസ്കൃതത്തിൽ ' സിന്ധു' എന്ന് വിളിക്കുന്നു. 'സിന്ധു' എന്ന പദം പേർഷ്യൻ ഭാഷയിൽ 'ഹിന്ദു ' എന്ന പദമായി മാറി. ഗ്രീക്ക് ഭാഷയിൽ ഹിന്ദു എന്നത് ഇൻഡോസ്(Indos) എന്നും ലാറ്റിനിൽ ഇൻഡസ് (Indus) എന്നും ശബ്ദവ്യത്യാസം വന്നു.ഇൻഡസിനു ചുറ്റുമുള്ള പ്രദേശം ഇൻഡ്യ (India) ആയി അറിയപ്പെട്ടു.


പേർഷ്യൻ ഭാഷ സംസാരിക്കുന്ന മുഗളൻമാർ പതിനാറാം നൂറ്റാണ്ടിൽ, വടക്കെ ഇൻഡ്യ കീഴടക്കിയപ്പോൾ അവർ ഇൻഡ്യയെ 'ഹിന്ദുസ്ഥാൻ' എന്നും അവിടെ അധിവസിച്ചിരുന്നവരെ 'ഹിന്ദു (Hindu)/ഹിന്ദൂ (Hindoo )' എന്നും വിളിച്ചു. മുഗൾ കാലഘട്ടത്തിന് ശേഷം ബ്രിട്ടീഷുകാർ ഈ ഉപഭൂഖണ്ഡത്തിൽ ജീവിച്ചിരുന്നവരെ 'ഹിന്ദു (Hindu)' എന്ന് തുടർന്നു സംബോധന ചെയ്തു. പത്തൊൻപതാം  നൂറ്റാണ്ടിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെ എതിർത്തവർ മസ്ലീമിൽ നിന്ന് തങ്ങളെ വേർതിരിച്ചറിയാനായി സ്വയം 'ഹിന്ദു' എന്ന് സംബോധന ചെയ്തു. ഇരുപതാം  നൂറ്റാണ്ട് ആകുമ്പോഴേയ്ക്കും 'ഹിന്ദു' എന്നത് ഇൻഡ്യയിലുള്ള ജനങ്ങളെ പൊതുവെ വിളിക്കുന്ന സാമാന്യനാമമായി മാറി. അതിൽ ബുദ്ധിസ്റ്റുകൾ, ക്രിസ്ത്ര്യാനികൾ, ജൈനർ, ജൂതർ, പാർസികൾ, സിക്കുകാർ എന്നിവരൊക്കെ ഉൾപ്പെട്ടു.


1923 - ൽ വി.ഡി. സവർക്കർ ആദ്യമായി പ്രസിദ്ധീകരിച്ചതും ഇപ്പോൾ അച്ചടിയിലുളളതുമായ Hindutva : who is a Hindu? (1938)വിൽ ദേശീയ-രാഷ്ട്രീയ ലഘുലേഖയായി (The quality of being a Hindu, Hindu identity) "ഒരു ഹിന്ദു, ഹിന്ദു സ്വത്വത്തിന്റെ ഗുണം " എന്ന അർത്ഥത്തിൽ, ഹിന്ദു എന്ന നാമത്തോടൊപ്പം ' ത്വ' എന്ന പ്രത്യയം കൂടി ചേർത്ത്, 'ഹിന്ദുത്വ'എന്ന പുതിയ പദം സൃഷ്ടിച്ചു.


1787-ൽ ഈസ്റ്റ് ഇൻഡ്യാ കമ്പനിയിലെ കച്ചവടക്കാരനും, ഇവാഞ്ചലിക്കൽക്രിസ്ത്യാനിയുമായ (Charles Grant) ചാൾസ് ഗ്രാന്റ് "ഹിന്ദുമതം" അല്ലെങ്കിൽ "ഹിന്ദു വിശ്വാസപ്രമാണം" എന്നതിന് "ഹിന്ദുയിസം" (Hinduism) എന്ന പദം ഉപയോഗിച്ചതായി കാണുന്നു.


പത്തൊൻപതാം നൂറ്റാണ്ടിൽ, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഒഴികെ ഇന്ത്യയിലെ തദ്ദേശീയ മതങ്ങളുടെ പൊതുവായ പേരായി ഹിന്ദുമതം മാറി . പുരാതന ഗ്രന്ഥങ്ങളിൽ ഒരു മതവ്യവസ്ഥയിലും ഈ പദം പ്രയോഗിച്ചിട്ടില്ലെങ്കിലും, സംസ്കൃതത്തിൽ 'സനാതന ധർമ്മം,' "ശാശ്വത നിയമം" അല്ലെങ്കിൽ "സത്യം" എന്ന അർത്ഥത്തിൽ പദം ഉപയോഗിച്ചുകൊണ്ട്, ചില ഇൻഡ്യാക്കാർ അവരുടെ മതത്തിന് ഒരു വിദേശപദം ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നു.


ക്ലാസിക്കൽ ഹിന്ദുദൈവങ്ങളായ വിഷ്ണുവും ശിവനും, ഭാഗികമായെങ്കിലും, പഴയ വൈദികമതത്തിന്റെ ബഹുദൈവാരാധനയിലേയ്ക്ക് വെളിച്ചം വീശുന്നു. മിക്ക ഹിന്ദുക്കളും, പ്രത്യേകിച്ച് "ഓർത്തഡോക്സ്" ബ്രാഹ്മണർ, വേദങ്ങളിലെ 'ആത്യന്തിക തിരുവെഴുത്ത് ' അധികാരമായി കണക്കാക്കുന്നു. എന്നാൽ മൊത്തത്തിൽ വൈദികമതം ക്ലാസിക്കൽ ഹിന്ദുമതത്തിൽ ഒരു ചെറിയ പങ്ക് മാത്രമാണ് വഹിക്കുന്നത്. ക്ലാസ്സിക്കൽ ഹിന്ദു മതത്തിൽ പലതും വേദങ്ങളിൽ വിവരിച്ചിരിക്കുന്ന വൈദികമതത്തിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. വൈദികമതത്തിന്റെ ഏറ്റവും പുതിയ ഭാഗമായ "ബ്രാഹ്മണിസം" ചിലപ്പോൾ ഹിന്ദുമതത്തിന്റെ ഒരു പഴയ ഘട്ടമായി കണക്കാക്കപ്പെടാവുന്നതാണ്. കാരണം, പിൽക്കാല ഹിന്ദു തത്ത്വചിന്തയുടെ ഭൂരിഭാഗവും വൈദികമതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, "ക്ലാസിക്കൽ" ഹിന്ദുമതം ബി.സി.ഇ.400 - 200 കാലഘട്ടത്തിൽ ആരംഭിച്ച്, മഹാഭാരതം, രാമായണം, പുരാണങ്ങൾ എന്നീ ഇതിഹാസങ്ങൾ പ്രതിനിധാനം ചെയ്യപ്പെടുന്നകാലം വരെ ഉള്ളതാണ്. പുരാതന ഇൻഡ്യയിലെ മതങ്ങൾ (Religion of ancient India) എന്ന തന്റെ പ്രാവീണ്യമുള്ള (Mastery sketch)- ഗ്രന്ഥത്തിൽ, മഹാനായ ഫ്രഞ്ച് ഇൻഡോളജിസ്റ്റ് ലൂയിസ് റെനോ (Louis Renou) വൈദികമതത്തിനും പിൽക്കാല ഹിന്ദുമതത്തിനും ഇടയിൽ സംഭവിച്ച മാറ്റത്തെപറ്റി എടുത്തു പറയുന്നു.


ഈ വിശകലനം ശരിയാണെങ്കിൽ, അത് ഈ ചോദ്യങ്ങൾ ഉയർത്തുന്നു: ഹിന്ദുമതത്തിലെ വേദേതരമായ നിരവധി പ്രബല ഘടകങ്ങൾ എവിടെ നിന്നാണ് വന്നത്? സഹസ്രാബ്ദങ്ങളുടെ വികാസത്തിനിടയിലും പ്രത്യയശാസ്ത്രപരമായ പരിണാമത്തിലും നിരവധി പ്രാദേശിക മതവിഭാഗങ്ങൾ ഹിന്ദുമതത്തിൽ ലയിക്കുകയും സ്വാംശീകരിക്കുകയും ചെയ്‌തുവെന്നതിൽ സംശയമില്ല. ഹിന്ദു മതത്തിന് എത്ര തന്നെ പൗരാണികത അവകാശപ്പെട്ടാലും, സിന്ധുനനദീതട നാഗരികത, ഹിന്ദുമതത്തിന്റെ ഒരു യഥാർത്ഥ ഉറവിടമായി കണക്കാക്കാവുന്നതാണ്.


സിന്ധു നാഗരികതയെക്കുറിച്ച് റെനോ പറയുന്നത് ഇങ്ങനെയാണ്. "സിന്ധു നദീതടത്തിലെ മുദ്രകളിലും പ്രതിമകളിലും വെളിപ്പെടുത്തിയിരിക്കുന്ന മതരൂപങ്ങൾക്ക് ഇന്ത്യൻ മതരൂപങ്ങളുമായി വിദൂര ബന്ധമുണ്ടെങ്കിലും, ആ രൂപങ്ങൾക്ക് വൈദികമതവുമായി, നിലനിന്നിരുന്ന ഒരു ഹിന്ദുമതവുമായി, അത്ര വിദൂര ബന്ധമൊന്നുമില്ല" എന്നാണ് അത്.


ചുരുക്കത്തിൽ ഇന്ന് ഇൻഡ്യയിൽ കാണുന്ന, ബോധ്യമാകുന്ന ഹിന്ദു മതത്തിന്റെ വേരുകൾ എത്തപ്പെട്ടു നിൽക്കുന്നത് ഇൻഡ്യയിൽ തന്നെ നിലനിന്നിരുന്നതോ, വൈദേശികമായതോ ആയിട്ടുള്ള വിവിധ മതങ്ങളിലാണ്. അവയിൽ നിന്ന് ഹിന്ദു മതം എടുത്തിട്ടുള്ളതും, മറ്റു മതങ്ങളെ ഹിന്ദുമതം തകർത്തപ്പോൾ അവയിൽ നിന്ന് സ്വാംശീകരിച്ചെടുത്തതും നേടിയെടുത്തും ബോധപൂർവ്വമോ, അല്ലാതെയോ രൂപംപ്രാപിച്ചതും, മാറ്റത്തിന് വിധേയമായിട്ടുള്ള അനിത്യമായ ഒരു മതമാണ് ഇന്നു കാണുന്ന ഹിന്ദുമതം എന്ന നിഗമനത്തിൽ ഒരു സത്യാന്വേഷിയ്ക്ക് എത്തിച്ചേരാതെ തരമില്ല.


Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page