top of page

മതാധിഷ്ഠിതമായ വേഷഭൂഷാദികളും ചിഹ്നങ്ങളും മോശമാണ്

  • Feb 4
  • 2 min read

സനൽ ഇടമറുക് .


മതാധിഷ്ഠിതമായ വേഷഭൂഷാദികളും ചിഹ്നങ്ങളും പേരുകളും മനുഷ്യനെ മതപരമായും ജാതീയമായും വേർതിരിക്കുന്ന ഘടകങ്ങളാണ്. 


ഇത്തരം വേർതിരിവുകൾ തുടങ്ങിവെച്ചത് ഏതു കാലഘട്ടം മുതലാണ്? ഭാവിയിൽ ഇത് ഇല്ലാതാവാൻ വല്ല സാധ്യതയും ഉണ്ടോ?


ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോൾ നമ്മൾ മനുഷ്യചരിത്രത്തിന്റെ അടിത്തട്ടിലേക്ക് പോകേണ്ടിവരും.


മതാധിഷ്ഠിത വേഷങ്ങളും ചിഹ്നങ്ങളും ആദ്യം ഉണ്ടായത് “ആത്മീയത” പ്രകടിപ്പിക്കാനല്ല. അധികാരവും നിയന്ത്രണവും സ്ഥാപിക്കാനായിരുന്നു. ആദിമ സമൂഹങ്ങളിൽ ഗോത്രങ്ങൾ തമ്മിൽ തിരിച്ചറിയാൻ ചിഹ്നങ്ങൾ ആവശ്യമായിരുന്നു. പിന്നീട് മതസ്ഥാപനങ്ങൾ രൂപം കൊണ്ടപ്പോൾ, ആ ചിഹ്നങ്ങൾ കർശനമായ നിയമങ്ങളായി മാറി. “നമ്മൾ” ആരാണ്, “അവർ” ആരാണ് എന്ന വേർതിരിവ് ഉറപ്പിക്കാൻ വേഷവും അടയാളങ്ങളും ഏറ്റവും എളുപ്പവഴിയായിരുന്നു.


പുരോഹിതന്മാർക്ക് പ്രത്യേക വേഷം. വിശ്വാസികൾക്ക് നിർബന്ധിത വേഷം. സ്ത്രീകൾക്ക് അധിക നിയന്ത്രണങ്ങൾ. ശരീരത്തെ നിയന്ത്രിക്കുന്നതിലൂടെ മനസ്സിനെയും ചിന്തയെയും നിയന്ത്രിക്കാമെന്ന ബോധമാണ് ഇതിന് പിന്നിൽ. ഒരു തലമൂടി, ഒരു മാല, ഒരു അടയാളം - ഇവ മനുഷ്യന്റെ ചിന്തയെ അടച്ചുപൂട്ടുന്ന മതിൽകല്ലുകളായി മാറി.


ഇത് മതവിഷയം മാത്രമല്ല. ജാതിയും വർഗ്ഗവും ഇതേ വഴിയിലാണ് പ്രവർത്തിച്ചത്. ആരെ കാണുമ്പോൾ തന്നെ അവർ “ഏത് കൂട്ടത്തിൽ” പെട്ടവരാണ് എന്ന് തിരിച്ചറിയാൻ കഴിയണം എന്ന വിചാരത്തിൽനിന്നു തന്നെയാണ് അതിന്റെ തുടക്കം.  അസമത്വത്തിൽ അടിയുറച്ച സാമൂഹിക ക്രമീകരണം നിലനിർത്തുകയാണ് ഉദ്ദേശം.

പക്ഷേ, ഇവിടെ ഒരു പ്രധാന കാര്യമുണ്ട്. ഈ വേഷങ്ങളും ചിഹ്നങ്ങളും “സ്വാഭാവികം” അല്ല. അവ മനുഷ്യനോടൊപ്പം ജനിച്ചതല്ല. അവ കൃത്രിമമായി  നിർമ്മിക്കപ്പെട്ടവയാണ്. 


വലിയ നഗരങ്ങളിൽ, ശാസ്ത്രലോകത്ത്, തൊഴിൽമേഖലകളിൽ - അവിടെയൊക്കെ മനുഷ്യന്റെ കഴിവും ചിന്തയും മാത്രമാണ് വിലയിരുത്തപ്പെടുന്നത്. അവിടെ മതചിഹ്നങ്ങൾ പ്രസക്തിയില്ല. ഒരു ശാസ്ത്രജ്ഞൻ ഏത് മതചിഹ്നം ധരിക്കുന്നു എന്നത് അവന്റെ ഗവേഷണത്തിന്റെ മൂല്യം തീരുമാനിക്കുന്നില്ല. ഒരു ഡോക്ടറുടെ മതവേഷം രോഗിയെ സുഖപ്പെടുത്തുന്നില്ല. ഒരു അധ്യാപകന്റെ മതചിഹ്നം വിദ്യാർത്ഥിയുടെ ഭാവി നിർമ്മിക്കുന്നില്ല.

ഇതാണ് കോസ്‌മോപൊളിറ്റൻ ലോകത്തിന്റെ സാരാംശം. “നീ ആരാണെന്ന്” തീരുമാനിക്കുന്നത് നിന്റെ മതമല്ല,“നീ എന്താണ്” എന്നതാണ്. നിന്റെ മാനുഷികത, നിന്റെ ചിന്ത, നിന്റെ നൈതികബോധം, നിന്റെ സഹാനുഭൂതി - ഇവയാണ് തിരിച്ചറിയലിന്റെ മാനദണ്ഡം.


അപ്പോൾ ഭാവിയിൽ മതാധിഷ്ഠിത വേഷങ്ങളും ചിഹ്നങ്ങളും ഇല്ലാതാവുമോ?


ഒറ്റയടിക്ക് ഇല്ലാതാവുകയില്ല. മതസ്ഥാപനങ്ങൾ അവ ഉപേക്ഷിക്കില്ല. കാരണം അവ അധികാരത്തിന്റെ ദൃശ്യരൂപങ്ങളാണ്. എന്നാൽ, സമൂഹം മാറുമ്പോൾ അവയുടെ പ്രാധാന്യം കുറയും. വിദ്യാഭ്യാസം വ്യാപിക്കുമ്പോൾ, സ്ത്രീകൾ സ്വതന്ത്രരാകുമ്പോൾ, വ്യക്തിസ്വാതന്ത്ര്യം ശക്തമാകുമ്പോൾ—ഈ ചിഹ്നങ്ങൾ പതുക്കെ സ്വകാര്യ വിശ്വാസത്തിന്റെ പരിധിയിലേക്ക് ഒതുങ്ങും.


മതാധിഷ്ഠിതമായ വേഷഭൂഷാദികളും ചിഹ്നങ്ങളും മോശമാണ്. എന്നാൽ ഒരാളോട് 'നിന്റെ മതവേഷം ഇപ്പോൾ അഴിച്ചെറിയണം' എന്ന് കല്പിക്കുന്നതും ഒരർത്ഥത്തിൽ  മറ്റൊരു അടിച്ചമർത്തലാണ്. സമൂഹം പുരോഗതിയുടെ ഒരു ഘട്ടത്തിലെത്തുമ്പോൾ, മനുഷ്യൻ സ്വയം ചോദിക്കും: “ഈ അടയാളം എന്നെ കൂടുതൽ മനുഷ്യനാക്കുന്നുണ്ടോ, അതോ എന്നെ വേർതിരിക്കുന്നുണ്ടോ?”


ആ ചോദ്യം ഉയരുന്ന നിമിഷം മുതൽ മാറ്റം തുടങ്ങും. അങ്ങിനെയാണ് മാറ്റം ഉണ്ടാവേണ്ടത്.

 കോസ്‌മോപൊളിറ്റൻ ലോകം എന്നത് മതരഹിതമാകണമെന്നില്ല. പക്ഷേ, മതം മനുഷ്യനെ നിർവചിക്കാത്ത ലോകമായിരിക്കണം. മനുഷ്യന്റെ ശരീരത്തിൽ കെട്ടിവയ്ക്കുന്ന ചിഹ്നങ്ങൾ അല്ല, മനുഷ്യന്റെ ചിന്തയും പ്രവർത്തനവുമാണ് അവനെ നിർവചിക്കേണ്ടത്.


ഈ വിഷയത്തെക്കുറിച്ചുള്ള സനൽ ഇടമറുകിന്റെ വീഡിയോ ഇവിടെ കാണാം.



Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page