top of page
തേരാളി (400 x 200 px) (400 x 100 px) (1).png

കാന്തപുരം വീണ്ടും...

  • 3 days ago
  • 2 min read

വീണ്ടും കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി സമസ്തയും അബൂബേക്കർ മുസലിയാരും.  


അഡ്വ.കെ.എൻ അനിൽകുമാർ എഴുതുന്നു.


കാന്തപുരം അബുബേക്കർ മുസലിയാർ
കാന്തപുരം അബുബേക്കർ മുസലിയാർ

ശ്രീമതി. ഫാത്തിമ തഹ്‌ലിയ എം.എൽ.എയെ മുസ്‌ലിം ലീഗ് രാജി വയ്പിച്ച് വീട്ടിൽ ഇരുത്തണം:

എ.പി സമസ്തയുടെ അത്യന്തം സ്ത്രീ വിരുദ്ധമായ സർക്കുലർ ആണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇത് കേവലം ഇവരുടെ ഗ്രൂപ്പുകാർക്കുള്ള നിർദ്ദേശം എന്ന നിലയിൽ ലഘൂകരിക്കുന്ന നിലപാടുമായി ചിലർ രംഗത്തു വന്നിട്ടുമുണ്ട്. എന്നാൽ ഇതൊരു രാഷ്ട്രിയ നിലപാടാണ് , മത രാഷ്ട്രീയ നിലപാട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ഭരണഘടന രാജ്യത്തെ സ്‌ത്രീകൾക്കു ഉറപ്പുനൽകുന്ന തുല്യതക്ക് വിരുദ്ധമാണ് ഈ സർക്കുലർ.


സർക്കുലർ ഇറക്കിയ രണ്ടു പേരിൽ പ്രധാനിയായ ശ്രീ.കാന്തപുരം, തന്റെ  സ്ത്രീവിരുദ്ധ നിലപാടുകൾക്കും പ്രസ്താവനകൾക്കും പണ്ടേ കുപ്രസിദ്ധനാണ്. സമസ്ത പറഞ്ഞത് മതകാര്യമാണ്, അത് പിന്നെ ആരു പറയും, എന്നൊക്കെ പറഞ്ഞാൽ ,ആ മതസംഹിതകൾ തന്നെ കാലാനുസൃതമായി പരിഷ്കരിക്കുകയോ, കുറഞ്ഞപക്ഷം വ്യാഖ്യാനിക്കുകയോ ചെയ്യണം എന്നു പറയാതെ വയ്യ. അതിനാണല്ലോ സാമൂഹ്യ പുരോഗതി എന്നു പറയുന്നത്. ക്രിസ്ത്യാനികളുടെ പഴയ നിയമത്തിന് പിന്നാലെ ഒരു പുതിയ നിയമം വന്നതുപോലെ.


 "സമസ്തയുടെ കാര്യമാണ്, അതിൽ മുസ്‌ലിം ലീഗിനു കാര്യമില്ല" എന്ന ന്യായമാണ് , സമസ്തയുടെ ഈ സ്ത്രി വിരുദ്ധ സർക്കുലറിനെക്കുറിച്ച് അഭിപ്രായം പറയാതിരിക്കാൻ, ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയായ മുസ്‌ലിം ലീഗ് പറയുന്നതെങ്കിൽ അത് ഒരു "രാഷ്‌ട്രീയ ശരിയല്ല" എന്നു പറയേണ്ടിവരും . അവിഭക്ത സമസ്തയിൽ 1974-75 ൽ തുടങ്ങിയ ഗ്രൂപ്പിസം ,അതേ കാലത്തു നടന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ  പിളർപ്പുമായി കൂട്ടി വായിക്കേണ്ടതാണ്. 1989-ൽ ഇകെ വിഭാഗവും എപി വിഭാഗവും രണ്ടാകുന്നതിലടക്കം മുസ്‌ലിലീഗ് രാഷ്‌ടീയത്തിന്റെ  സ്വാധീനം ഉണ്ടായിരുന്നു. അതുകൊണ്ട് മുസ്ലിം ലീഗ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതുണ്ട്.


അവിഭക്ത സമസ്തയുടെ ചരിത്രം പഠിച്ചാൽ, കേരളത്തിൽ ആദ്യമായി ഒരു കോളേജ് ഉണ്ടായി (കോട്ടയം സി.എം.എസ്സ് ) 113 വർഷം കഴിഞ്ഞ്, അലിഗർ മുസ്‌ലിം സർവ്വകലാശാല സ്ഥാപിതമായി പത്തു വർഷം കഴിഞ്ഞ്, നടന്ന ഇവരുടെ മണ്ണാർക്കാട് സമ്മേളനത്തിലാണ്, കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ എഴുത്തു പഠിക്കാൻ പാടില്ല എന്ന പ്രമേയം വരുന്നത്. ഇത് മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ കുറച്ചൊന്നുമല്ല പിന്നോട്ടിടിച്ചത്. സമസ്ത ഈ പ്രമേയം പാസ്സാക്കിയ മാർച്ച് 16, കേരളത്തിലെ സ്ത്രികൾ കരിദിനമായി ആചരിക്കേണ്ടതാണ്. പുരുഷനു സമാനമായ ആരാധനാ സ്വാതന്ത്രവും ഇവർ സ്ത്രീക്ക് നിഷേധിക്കുന്നുണ്ട്.


കാന്തപുരം അവിടെയും ഇവിടെയും.
കാന്തപുരം അവിടെയും ഇവിടെയും.

തങ്ങൾ നന്നാവില്ല എന്ന് 2022 മെയ് മാസത്തിൽ, വിദ്യാഭ്യാസ അവാർഡ് വാങ്ങാൻ സ്‌റ്റേജിൽ കയറിയ ആ പത്താം ക്ലാസ്സുകാരിയെ അപമാനിച്ചു കൊണ്ട് ഇവർ വീണ്ടും തെളിയിച്ചു. ആ "മഹൽകൃത്രം" നിർവഹിച്ച ശ്രീ.എം.ടി അബ്ദുള്ള, ഇകെ സമസ്തയുടെ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയാണത്രെ. പോക്സോ കേസു പോലും രജിസ്റ്റർ ചെയ്യാൻ സാദ്ധ്യതയുള്ള ഈ കുറ്റകൃത്യത്തേയും കേരളത്തില സാംസ്‌കാരിക-രാഷ്ട്രീയ സമൂഹം വെറുതെ വട്ടു എന്നതാണ് ചരിത്രം.


കേരളത്തിലെ സ്ത്രീകളുടെ അന്തസ്സിന് വില പറയുന്ന ഇത്തരം പ്രസ്താവനകളും സർക്കുലറുകളും , അത് ഏതു മതത്തിന്റെ  പേരിലായാലും, കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല.


അഡ്വ. ഫാത്തിമ തഹ്‌ലിയ ഒരു ഉദ്ഘാടന പരിപാടിക്കു വിളക്കുകത്തിച്ചപ്പോൾ മതവിലക്കുമായി വന്ന സമസ്ത നേതാക്കൾ, പിന്നീട് വ്യവസായമന്ത്രി ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടിയും, പൊതുമരാമത്തു മന്ത്രി ശ്രീ.കെ.എം ഷാജിയും വിളക്കുകത്തിച്ചപ്പോൾ പ്രതികരിച്ചു കണ്ടില്ല. അവിടെയും സമസ്തയുടെ സ്ത്രീവിവേചന മുഖമാണ് അനാവൃതമായത്.


ഒന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കാം.


ഇത് ജൻസികളുടെയും "പാറ്റ" കളുടെയും കാലമാണ്. ഓണ ആഘോഷങ്ങളിൽ മുസ്‌ലിം സ്ത്രീകൾ പങ്കെടുക്കരുതെന്ന സമസ്ത നേതാകളുടെ ഇണ്ടാസ്സുകളെ, കേരളത്തിലെ മുസ്‌ലിം പെൺകുട്ടികൾ നേരിട്ട രീതി നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ്.


 കൂടുതൽ ഭരിക്കാൻ പോയാൽ, അവരുടെ ഭാഷയിൽ പറഞ്ഞാൽ അവർ "എടുത്തങ്ങ് ഉടുക്കും." അല്ലാതെ രാഷ്‌ട്രിയപാർട്ടികളെപ്പോലെ (വ്യക്തികളല്ല), ഇതു പോലുള്ള ഗൗരവമായ സാമൂഹ്യ വിഷയങ്ങളിൽ നിലപാടില്ലായ്മ ഒരു അലങ്കാരമായി എടുത്ത് കാഴ്ചക്കാരായി നിന്നു എന്ന് വരില്ല.



 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page