പൂപ്പൽ പിടിച്ച തേങ്ങ മുറി
- Jan 25
- 3 min read
Updated: Jan 26
ഡോ. വേണു തോന്നയ്ക്കൽ.

ആവശ്യം കഴിഞ്ഞ് സൂക്ഷിച്ച തേങ്ങ മുറിയിൽ ആണ് പൂപ്പൽ പിടിച്ചത്. തേങ്ങ മുറി കളയാൻ തോന്നിയില്ല. പൂപ്പൽ തുടച്ചു കളഞ്ഞതിനു ശേഷം തേങ്ങ പിന്നെയും കറിക്കുപയോഗിക്കുകയും ചെയ്തു. യാതൊരു പ്രശ്നവും കണ്ടില്ല.
തേരാളി ഓൺലൈൻ മാഗസിനിൽ പുതിയ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചാലുടനെ അറിയിപ്പ് ലഭിക്കാൻ Therali WhatsApp Group-ൽ ചേരുക.Click Here
മറ്റൊരിക്കൽ പൂപ്പൽ പിടിച്ച തേങ്ങ ഉപയോഗിച്ച് പച്ച ചമ്മന്തി ഉണ്ടാക്കി. ഇപ്രാവശ്യം തേങ്ങ ചതിച്ചു. കഴിച്ചവരിൽ ചിലർക്ക് പനിയും തലവേദനയും ഉണ്ടായി.
തേങ്ങയിൽ വെള്ള, ചുവപ്പ്, തവിട്ട്, കറുപ്പ് നിറങ്ങളിൽ വിവിധ തരം പൂപ്പലുകൾ (mould) പിടിച്ചിരിക്കുന്നത് കണ്ടിരിക്കുമല്ലോ. ആസ്പർജില്ലസ് വിഭാഗത്തിൽ പെട്ട പൂപ്പലുകളാണ് പ്രധാനമായും കാണപ്പെടുന്നത്. ഇവ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. നേർത്ത നൂലിഴയോളം സൗകുമാര്യവും മാർദ്ദവവുമുണ്ട്. 180 വോളം ഇനങ്ങളിൽ ആസ്പർജില്ലസ് നൈജർ (Aspergillus niger), ആസ്പർജില്ലസ് ഫ്ലാവസ് (Aspergillus flavus), എന്നിവയാണ് ശ്രദ്ധേയം.
പച്ച, മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ വിവിധ വർണങ്ങളിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കോഫി, കശുവണ്ടി, ബദാം തുടങ്ങിയ ഭക്ഷ്യ വസ്തുക്കളിൽ ആസ്പർജില്ലസ് നൈജർ കാണപ്പെടുന്നു. ഇവ ഭക്ഷ്യ വസ്തുക്കളെ ആക്രമിച്ച് ഉപയോഗ ശൂന്യമാക്കുന്നു.
സവാളയിൽ കറുപ്പ് പറ്റിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അത് ആസ്പർജില്ലസ് നൈജർ പൂപ്പൽ ആണ്. തട്ടുമ്പോൾ കറുത്ത പൊടി പോലുള്ള സ്പോറുകൾ (spores) അഥവ രേണുകൾ അന്തരീക്ഷത്തിൽ പറക്കുന്നു. അന്തരീക്ഷത്തിൽ പറക്കുന്ന നൈജർ സ്പോറുകൾ നാസാദ്വാരത്തിലൂടെ ശ്വാസകോശത്തിലും അവിടെ നിന്നും സൈനസുകളിലും എത്താനിടയുണ്ട്. ശ്വാസകോശത്തിൽ ന്യൂമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങളും സൈനസിൽ അലർജിക് ആസ്പർജില്ലോസിസ് സൈനസൈറ്റിസും (allergic aspergillosis sinusitis) വരുത്തുന്നു.
ആസ്പർജില്ലോസിസ് (aspergillosis) എന്ന രോഗത്തിനും കാരണമാവുന്നു. പനി, കഫത്തിൽ ചോര, ശ്വാസ വൈഷമ്യം, തല വേദന, നെഞ്ചു വേദന, സന്ധി വേദന എന്നിവയാണ് ആസ്പർജില്ലോസിസിന്റെ ലക്ഷണങ്ങൾ.
പേടിക്കേണ്ട ഏവരിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. സാമാന്യ രോഗ പ്രതിരോധ ശേഷിയുള്ളവർക്ക് ഒന്നും സംഭവിക്കില്ല. രോഗ പ്രതിരോധ ശേഷി തീരെ കുറഞ്ഞവർ, പ്രതിരോധ ശേഷിയെ ബാധിക്കുന്ന ഔഷധങ്ങൾ കഴിക്കുന്നവർ ആദിയായവർ ശ്രദ്ധിക്കുക. ഇമ്മുണോകോംപ്രമൈസ്ഡ് (immunocompromised) ആയ വ്യക്തികൾ പ്രത്യേകം ശ്രദ്ധിക്കണം. ആസ്പർജില്ലസ് നൈജർ സ്പോറുകൾ അലർജിക്ക് ഇടയാക്കുന്നു. രോഗ പ്രതിരോധമാണ് കരണീയം. അതിലേയ്ക്ക് നമുക്ക് മാസ്ക് ഉപയോഗിക്കാം. അതാണ് കൂടുതൽ സുരക്ഷിതം.
ആസ്പർജില്ലസ് നൈജറിന്‍റെ ചില സ്ട്രെയ്നുകൾ ജൈവ വിഷങ്ങൾ ഉൽപാദിപ്പിക്കുന്നു. അവയാണ് മൈക്കോടോക്സിനുകൾ (mycotoxins). ഒരു കൂട്ടം മൈക്കോടോക്സിനുകളാണ് ഓക്രാടോക്സിൻ (ochratoxin). വളരെ മാരകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു ജൈവ വിഷമാണിത്. വൃക്ക നാശത്തിന് വരെ ഇടയാക്കുന്നു. കൂടാതെ അർബുദ കാരിയുമാണ് (carcinogenic).

ഭക്ഷണം പാകം ചെയ്യുന്നതിലൂടെ ഈ വിഷാംശം നശിക്കുന്നില്ല. അതിനാൽ പ്രതിരോധം എന്ന നിലയിൽ ഭക്ഷണത്തിലൂടെ അകത്തു പോകാതെ സൂക്ഷിക്കുകയാണ് കരണീയം. സവാളയിലെ വിഷം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഈ പൂപ്പലിനെ കുറിച്ചാണ്. സവാള പൊളിക്കുമ്പോൾ ഇവ്വിധം കറുപ്പ് കണ്ടാൽ ശ്രദ്ധയോടെ നീക്കം ചെയ്യാവുന്നതാണ്.
പച്ച നിറത്തോടു കൂടിയ തിളങ്ങുന്ന മഞ്ഞ നിറമുള്ള പൂപ്പലുകളാണ് ആസ്പർജില്ലസ് ഫ്ലാവസ്. ഇത് ഏറെ അപകടകാരികളാണ്. ക്രോണിക് ഗ്രാനുലോമാറ്റസ് സൈനസൈറ്റിസ് (chronic granulomatous sinusitis), കെരട്ടൈറ്റിസ് (keratitis), ക്യൂട്ടേനിയസ് ആസ്പർജില്ലോസിസ് (cutaneous aspergillosis), ഓസ്റ്റിയോമൈലറ്റിസ് (osteomyelitis) തുടങ്ങിയ രോഗങ്ങൾക്ക് ഇടയാക്കുന്നു.
ആസ്പർജില്ലസ് ഫ്ലാവസ് അഫ്ലടോക്സിൻ (aflatoxin) എന്ന അതി മാരകമായ ജൈവ വിഷം (toxin) ഉൽപാദിപ്പിക്കുന്നു. ഈ വിഷം അതിശക്തമായ ഒരു അർബുദകാരിയാണ് (carcinogenic). അഫ്ലടോക്സിൻ കരളിനെ ബാധിക്കുന്ന വിഷമാണ്. കരളിനെ ക്രമേണ നശിപ്പിക്കുന്നു. മാത്രമല്ല അത് ഒരു ജനിതക വിഷം കൂടിയാണ്. പച്ച നിറത്തോടു കൂടിയ തിളങ്ങുന്ന മഞ്ഞ നിറമുള്ള പൂപ്പലുകൾ പിടിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക. ആസ്പർജില്ലസ് പാരസിറ്റിക്കസ് (Aspergillus parasiticus) എന്നയിനം പൂപ്പലുകളും അഫ്ലടോക്സിൻ ഉൽപാദിപ്പിക്കുന്നു.
ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന തേങ്ങ, സവാള, ബ്രെഡ്, തുടങ്ങി മിക്ക ഭക്ഷ്യവസ്തുക്കളിലും പൂപ്പലുകൾ ബാധിക്കാറുണ്ട്. ഫ്രിഡ്ജിൽ സൂക്ഷിച്ചതു കൊണ്ട് പൂപ്പൽ പിടിക്കില്ല എന്ന ധാരണ വേണ്ട. പൂപ്പലുള്ള തേങ്ങ കഴിച്ചിട്ടും തനിക്കിത്രയും കാലം യാതൊരു ആരോഗ്യ പ്രശ്നവും ഉണ്ടായിട്ടില്ല എന്ന് അഭിപ്രായപ്പെടുന്നവരുണ്ടാവും. അതൊരു പക്ഷേ അവരുടെ ഉടലിന്റെ പ്രത്യേകതയാവും. മറ്റൊരാൾക്ക് വിഷബാധ ഉണ്ടായില്ല എന്നു വച്ച് താങ്കൾക്ക് ഉണ്ടായിക്കൂടായെന്നില്ല.
തേങ്ങ ഉണക്കി കൊപ്ര ആക്കുന്ന വേളയിൽ ഇത്തരം പൂപ്പലുകൾ ബാധിക്കാം. കൊപ്ര ആട്ടി എടുക്കുന്ന പിണ്ണാക്കിൽ ഫംഗസ് ബാധ ഉണ്ടാവും. അതിനാലാണ് അത്തരം പിണ്ണാക്ക് തിന്നുന്ന കന്നു കാലികൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാവുന്നത്. വെളിച്ചെണ്ണക്ക് ആൻറിബയോട്ടിക്ക് (antibiotics) മാത്രമല്ല ആൻ്റിഫംഗൽ (antifungal) ഗുണവുമുണ്ട്.
അഫ്ലടോക്സിൻ ഉഷ്ണ സംവേദി (heat sensitive) ആണ്. 150 ഡിഗ്രി ഊഷ്മാവിലോ അതിന് മുകളിലോ 90 മിനിട്ട് നേരം ചൂടാക്കിയാൽ അഫ്ലടോക്സിന്റെ വിഷാംശം കുറയുന്നു. അത് പൂർണമായും നിർവീര്യമാകുന്നില്ല.
നമ്മുടെ ബീച്ചുകളിൽ വൈകുന്നേരങ്ങളിൽ കാറ്റു കൊള്ളാനെത്തുന്നവരുടെ വലിയ തിരക്കാണ്. അവർക്കിടയിൽ കടല, കപ്പലണ്ടി എന്നിവ വിറ്റ് ഉപജീവനം തേടുന്നവരെയും കാണാം. മഴക്കാലത്ത് കപ്പലണ്ടി വില്പന ബീച്ചുകളിൽ നിരോധിക്കാറുണ്ട്. മഴക്കാലത്ത് കപ്പലണ്ടിയിൽ ആസ്പർജില്ലസ് ഫ്ലാവസ്, ആസ്പർജില്ലസ് പാരസെെറ്റിക്കസ് എന്നീ പൂപ്പലുകൾ വളരുന്നു. മഴക്കാലം ആസ്പർജില്ലസ് പൂപ്പലുകൾക്ക് വളരാൻ പറ്റിയ സമയമാണ്. അക്കാലത്ത് നാം വാങ്ങി കഴിക്കുന്ന കപ്പലണ്ടി, കടല എന്നിവയിൽ ആസ്പർജില്ലസ് പൂപ്പലുകൾ കണ്ടു കൂടായെന്നില്ല.
കപ്പലണ്ടിയിൽ മാത്രമല്ല വിത്തുകൾ, പയർ വർഗ്ഗങ്ങൾ, അഴുകിയ സസ്യജാലങ്ങൾ, എന്നിവയിലും ഇത്തരം പൂപ്പലുകൾ വളരുന്നു. ആടു മാടുകൾ, കോഴി എന്നിവയുടെ തീറ്റയിലും ഈ പൂപ്പലുകൾ കാണുന്നു. തൻമൂലം കോഴികളും ആടുമാടുകളും ചത്തൊടുങ്ങുന്നു. ഇത് കാർഷിക സമ്പത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരത്തിൽ ഭക്ഷ്യ മലിനീകരണം മൂലം കന്നുകാലികൾ ഒറ്റയ്ക്കും കൂട്ടത്തോടെയും നശിച്ച വാർത്തകൾ നാം നിരന്തരം അറിയുകയാണ്. എന്നിട്ടും നാം അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാതെ പിന്നെയും പൂപ്പൽ ബാധിച്ച് ജൈവ വിഷത്താൽ മലിനീകരിക്കപ്പെട്ട ഭക്ഷണങ്ങൾ കന്നുകാലികൾക്ക് നൽകുകയാണ് ചെയ്യുന്നത്.
ഇവ കുമിൾ (fungi) വംശജരാണ്. ആസ്പർജില്ലേസീ (family Aspergillaceae) കുടുബത്തിൽ പെടുന്നു
%20(400%20x%20100%20px)%20(1).png)











Comments