അർബുദവും പഞ്ചസാരയും
- Feb 21
- 5 min read
Updated: Feb 21
ഡോ. വേണു തോന്നയ്ക്കൽ.
'

അർബുദം ഒരു പുത്തൻ വിഷയമല്ല. കുടുംബത്തിലെ ഒരംഗത്തിന് അർബുദം എന്നറിയുമ്പോൾ നെഞ്ചത്തടിച്ച് വിലപിച്ചിരുന്ന കാലം മാറിയിരിക്കുന്നു. രോഗം നേരത്തെ കണ്ടെത്താനും മിക്കവാറും അർബുദങ്ങളെ ചികിത്സിച്ച് ഭേദമാക്കാനും ആവുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
അർബുദം അഥവാ കാൻസർ ഒരു വാർദ്ധക്യകാല രോഗമായാണ് പൊതുവേ കരുതുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് അർബുദ ബാധയ്ക്കുള്ള സാധ്യത ഏറുകയാണ്. നമ്മുടെ ശരാശരി ആയുർദൈർഘ്യം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാകയാൽ നമുക്കിടയിൽ പ്രായമേറിയവരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നു. ആ വർദ്ധന കാൻസർ ബാധിതരുടെ സംഖ്യയിലും കാണാവുന്നതാണ്.
ജനസംഖ്യയിൽ വലിയൊരു കുതിച്ചു ചാട്ടം ആണ് ഉണ്ടായിരിക്കുന്നത്. സ്വാഭാവികമായും വൃദ്ധരുടെ എണ്ണത്തിലും വർദ്ധനയുണ്ടാവും. ആ വർദ്ധന കാൻസർ രോഗികളുടെ എണ്ണത്തിലും പ്രകടനമാണ്.
ഇതോടൊപ്പം മലിനവായു, മലിനജലം, രാസ ഭക്ഷണങ്ങൾ, പരിസ്ഥിതി മലിനീകരണങ്ങൾ, സംഘർഷഭരിതമായ ആധുനിക ജീവിത സാഹചര്യം, ആദിയായ ഘടകങ്ങൾ കൂടി കണക്കിലെടുക്കണം. കൂടാതെ പാരമ്പര്യത്തിനും ജീവിത ശീലങ്ങൾക്കും സ്വാധീനമുണ്ട്. ഇവയൊക്കെയും കാൻസർ ബാധിതരുടെ വർദ്ധനക്കിടയാക്കുന്നു.
വാർദ്ധക്യകാലം അർബുദ രോഗങ്ങളുടേതാണെന്ന് പൂർണമായും അർത്ഥമാക്കേണ്ടതില്ല. കുട്ടികളെയും യുവാക്കളെയും കാൻസറുകൾ ബാധിക്കുന്നു. ആധുനിക കാലം കാൻസറുകളുടേത് കൂടിയാണ്.
മിക്ക കാൻസറുകൾക്കും ചികിത്സയുണ്ട്. എന്നാൽ ചെലവേറിയതാണ്. ഭാരിച്ച ചെലവ് കാരണം നടുവൊടിഞ്ഞ രോഗികളും കുടുംബവും ചികിത്സയെ തുടർന്ന് തെരുവിലാവുന്ന കാഴ്ച നമുക്കിടയിൽ അപൂർവമല്ല. രോഗ ചികിത്സ മൂലം രോഗ ശമനം ലഭിക്കുന്നവരിൽ പലരും ആരോഗ്യം നഷ്ടപ്പെട്ടവരാവുന്നു. രോഗ ശമനം കൊണ്ട് മാത്രമായില്ല. സുഖകരമായ തുടർ ജീവിതത്തിന് വേണ്ട ആരോഗ്യവും ലഭ്യമാകണം.
കാൻസർ രോഗത്തിന്റെ ഒരു പ്രധാന കാരണം നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി തകരുന്നതാണ്. പ്രായമേറുന്നതിനൊപ്പം ഒരാളിലെ രോഗപ്രതിരോധ ശേഷിയും കുറയുന്നു. അതിന് പല കാരണങ്ങളുണ്ട്. ഹോർമോണുകളുടെ അസന്തുലിനവും കാൻസറുകൾക്കിടയാക്കുന്നു. പുകവലി, മദ്യപാനം, കൃത്രിമ ശീതള പാനീയങ്ങൾ, രാസ ഭക്ഷണങ്ങൾ, തുടങ്ങിയവ വർജ്ജിക്കുന്നതിനൊപ്പം പോഷക സമൃദ്ധവും മാലിന്യ രഹിതവും ആയ മിതമായ ഭക്ഷണം, അച്ചടക്കത്തോടെയും ആരോഗ്യകരവുമായ ദിനചര്യ, തുടങ്ങിയവ പരിചയിക്കുന്നതിലൂടെ നമുക്ക് കാൻസറുകളോട് യുദ്ധം പ്രഖ്യാപിക്കാം.
കാൻസർ രോഗങ്ങൾ ആർക്കു വരും ആർക്ക് വരില്ല എന്ന് പ്രവചിക്കാൻ കഴിയാതിരിക്കെ ഒരു സമൂഹം മൊത്തത്തിൽ നല്ല ശീലങ്ങൾ സ്വന്തമാക്കുന്നതാണ് അഭികാമ്യം.
നഗരത്തിൽ ജീവിക്കുന്നവർക്ക് ഒരിക്കലും അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ഒളിച്ചോടാനാവില്ല. അതേക്കുറിച്ച് പരിതപിച്ചിട്ടും കാര്യമില്ല. എന്നാൽ കൂട്ടായ സംരംഭങ്ങളിലൂടെ മരങ്ങൾ നട്ടുപിടിപ്പിച്ചും പാർക്കുകൾ ഉണ്ടാക്കിയും നഗരമുൽപാദിപ്പിക്കുന്ന സകല മാലിന്യങ്ങളുടെയും അളവ് കഴിവതും കുറച്ചും മലിനീകരണ വിപത്തുകൾ ലഘൂകരിയ്ക്കാവുന്നതാണ്.
പഴയ വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക വഴി ഒരു പരിധിവരെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാം. ഫാക്ടറികളുടെ പ്രവർത്തനത്തിലും ആരോഗ്യകരമായ മാർഗ്ഗ നിർദേശങ്ങൾ ഏർപ്പെടുത്തണം. ഇതൊക്കെയും ഭരണകൂടത്തിന്റെ ശാസ്ത്രീയമായ ഇടപെടലിലൂടെ സാധ്യമാക്കാവുന്നതാണ്.
പുകവലി ശ്വാസകോശ കാൻസറുകൾക്കിടയാക്കുന്നു. ഒരാൾക്ക് പുകവലി മൂലമുള്ള ക്യാൻസറോ ഇതര രോഗങ്ങളോ ഉണ്ടാവാൻ അയാൾ ആക്ടീവ് സ്മോക്കർ (active smoker) അഥവ സജീവ പുകവലിക്കാരൻ തന്നെയാവണമെന്നില്ല. പാസ്സീവ് സ്പോക്കർ (passive smoker) അഥവാ നിഷ്ക്രിയ പുകവലിക്കാരൻ ആയാലും മതി. നിഷ്ക്രിയ പുകവലിയും സജീവ പുകവലി പോലെ ദോഷകരമാണ്. അതിനാൽ ഏതുതരം പുകവലിയും ഒഴിവാക്കേണ്ടതാണ്.
നേരിട്ട് പുകവലിക്കുന്നതാണ് സജീവ പുകവലി. ഒരു പുകവലിക്കാരൻ ഊതി വിടുന്ന പുക ശ്വസിക്കുന്നതാണ് നിഷ്ക്രിയ പുകവലി. പൊതു ഇടങ്ങളിൽ പുകവലിക്കുന്നവർ പുകവലിക്കാത്തവരെ നിഷ്ക്രിയ പുകവലിക്കാരാവാൻ നിർബന്ധിക്കുകയാണ്. ഗൃഹനാഥൻ പുകവലിക്കാരനാണെങ്കിൽ ചോരക്കുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങൾ നിഷ്ക്രിയ പുകവലിക്കാരുടെ ഗണത്തിൽപ്പെടുന്നു.
ഇത് മനുഷ്യാവകാശ ധ്വംസനമാണ്. പരസ്യമായി പുകവലിക്കുന്ന ഒരാൾ ചെയ്യുന്നത് ഒരു ക്രിമിനൽ കുറ്റമാണ്. പുകവലി ഒരു സാമൂഹ്യ ദുരന്തമാണ്. പുകയില ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം, തുടങ്ങിയവ ലോകം അടക്കി വാഴുന്ന അന്തർദേശീയ കുത്തകരുടെ കൈകളിലാണ്.
വൻകുടൽ, മലാശയം, സ്ത്രീകളുടെ മാറിടം, എന്നിവിടങ്ങളിലെ കാൻസറുകൾ, അനവധി ഇതര രോഗങ്ങൾ എന്നിവയ്ക്ക് മദ്യപാനം കാരണമാകുന്നു. മദ്യപാനം ഇക്കാലത്ത് ഒരു ഫാഷനാണ്. മദ്യം ഒഴിവാക്കാൻ പറഞ്ഞാൽ എത്ര പേരത് ശ്രദ്ധിക്കും. മദ്യത്തിൻറെ അളവ് കുറയ്ക്കുകയോ വല്ലപ്പോഴും മാത്രം മദ്യപിക്കുകയോയെങ്കിലും ചെയ്യാൻ ശ്രമിക്കുക.
വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. വ്യായാമം നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാവുന്നതോടെ കാര്യങ്ങൾ കുറെ കൂടി മെച്ചമാവും. വ്യായാമത്തിനു വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും നഗരയിടങ്ങളിൽ സ്ഥാപിക്കുക വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെയാവും നാടിനെ ലഭിക്കുക. അതാണ് ഏറ്റവും വലിയ വികസനം. ക്രിയാത്മകമായി രാഷ്ട്രത്തിൻറെ ഉയർച്ച സ്വപ്നം കാണുന്ന ഒരു വലിയ ജനതയുടെ ഉദയം നമുക്ക് കാണാനാവും.
വ്യായാമം പോലെ തന്നെ ശുദ്ധമായ വായു, ജലം, ഭക്ഷണം, എന്നിവയും ഏറെ ശ്രദ്ധേയമാണ്. ഭക്ഷണകാര്യത്തിലും വേണം ശ്രദ്ധ. വിലകൂടിയ ആധുനിക ഭക്ഷണങ്ങൾ തേടി പോകേണ്ടതില്ല. പോഷക സമൃദ്ധമായ വിലകുറഞ്ഞ ഭക്ഷണം നമുക്ക് ലഭ്യമാണ്.
നാം എന്തു കഴിക്കണം, കുട്ടികൾക്ക് എന്ത് നൽകണം എന്ന് ചിന്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നമുക്കുണ്ട്.
കൃത്രിമാഹാരങ്ങൾ ഒഴിവാക്കുക. അതാണ് പ്രാഥമികമായി നാം ചെയ്യേണ്ടത്. കൃത്രിമാഹാരങ്ങളുടെ കൂട്ടത്തിൽ ബേക്കറി ഭക്ഷണങ്ങൾ, കൃത്രിമ പാനീയങ്ങൾ, നിറം, മണം, രുചി, മധുരം എന്നിവ മെച്ചപ്പെടുത്താനായി ഭക്ഷണങ്ങളിൽ ചേർക്കുന്ന ആഡിറ്റീവുകൾ, എന്നിവ ഉൾപ്പെടുന്നു.
ഭക്ഷണത്തിൽ ചേർക്കുന്ന രാസ മാലിന്യങ്ങൾ, കൃത്രിമ പാനീയങ്ങൾ, എന്നിവയുടെ ഉൽപാദകർ വൻകിട അന്താരാഷ്ട്ര ഭീമന്മാരാണ്. തങ്ങളുടെ ഉൽപന്നങ്ങൾ ലോകമാകെ വിറ്റഴിക്കുക മാത്രമല്ല അവരുടെ ലക്ഷ്യം. അതിനു പിന്നിൽ അവർക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ട്.
സമികൃത ആഹാരം ആണ് കഴിക്കേണ്ടത്. ഇറച്ചി, ധാന്യങ്ങൾ, പച്ചക്കറി, പഴങ്ങൾ, എന്നിവ ഉൾപ്പെടുന്ന
പോഷക സമൃദ്ധമായ ഭക്ഷണം. ധാന്യങ്ങൾ, പയറുവർഗങ്ങൾ പച്ചക്കറി, പഴങ്ങൾ, എന്നിവയിൽ നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും വളർച്ചയ്ക്കും വേണ്ട സകല പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
വിലകൂടിയ ഭക്ഷണമാണ് പോഷക സമൃദ്ധം എന്ന് തെറ്റിദ്ധരിച്ച് അത്തരം ആഹാരങ്ങളുടെ പിറകെ പോകേണ്ടതില്ല. നമുക്ക് ചുറ്റിലും ആർക്കും വേണ്ടാതെ ഉപേക്ഷിക്കുന്ന ഇലച്ചെടികൾ ഉണ്ട്. അവയും പോഷക സമൃദ്ധമാണ്. അത്തരം ഭക്ഷണം കണ്ടെത്താനുള്ള ഒരു ചെറിയ ശ്രമം മാത്രമേ നമ്മുടെ ഭാഗത്തു നിന്നും വേണ്ടതുള്ളൂ. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ തക്ക സൗകര്യമുള്ളവർ കൂടി അത്തരം ഭക്ഷണം കഴിക്കുന്നില്ലായെന്നതാണേറെ ഖേദകരം.
ചിലരുണ്ട്. നമ്മുടെ ശരീരത്തിന് വേണ്ടുന്നതിനും എത്രയോ ഇരട്ടി ഭക്ഷണമാണ് അവർ കഴിക്കുന്നത്. തന്മൂലം ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറെ കാണാൻ ക്യൂ നിൽക്കാനും യാതൊരു മടിയുമില്ല.
ഭക്ഷണം ബാലൻസ്ഡ് ആയിരിക്കണം. അതായത് പോഷക സമൃദ്ധം. അവിയൽ, സാമ്പാർ , തുടങ്ങി നമ്മുടെ കറികളിൽ ധാരാളം മലക്കറികൾ ചേർക്കുന്നതിനാൽ അത് പോഷക സമൃദ്ധമാണ്.
21 മുതൽ 101 ഇനം വിഭവങ്ങൾ ഉൾപ്പെടുത്തി സദ്യ ഒരുക്കാറുണ്ട്. അത്തരം വിഭവങ്ങളുടെ മഹത്വം വാഴ്ത്തിപ്പാടുന്നതും കേൾക്കാം. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ അത്തരം വിഭവങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും പലരും പറഞ്ഞും എഴുതിയും കണ്ടിട്ടുണ്ട്.
അതൊക്കെ ശുദ്ധ ഭോഷത്തരമെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഒന്നോ രണ്ടോ ഇനം മലക്കറിയിലും പഴത്തിലും നമുക്ക് വേണ്ട സകല പോഷകങ്ങളും ലഭ്യമാണ്. പിന്നെ എന്തിന് ഇത്രയേറെ വിഭവങ്ങൾ വലിച്ചു വാരി തിന്നുന്നു എന്ന് ചോദിച്ചാൽ അത് നമ്മുടെ ശീലവും സംസ്കാരവും എന്ന് പറയേണ്ടിവരും.
ഭക്ഷണത്തിലെ നാരു ഘടകം പ്രത്യേകം ശ്രദ്ധേയമാണ്. അത് മലബന്ധം തുടങ്ങിയ ഉദര പ്രശ്നങ്ങൾ ഇല്ലാതാക്കുകയും ദഹന പ്രക്രിയ സുഖകമാക്കുകയും രക്തത്തിൽ കൊളസ്ട്രോൾ, പഞ്ചസാര എന്നിവയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ ഉദര പ്രശ്നങ്ങളുള്ളവരും കൊളസ്ട്രോൾ പ്രശ്നമുള്ളവരും പ്രമേഹരോഗികളും നാരുള്ള ഭക്ഷണങ്ങൾ ശീലമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മലക്കറികൾ, ഇലക്കറികൾ എന്നിവയിൽ വേണ്ടത്ര നാര് ഘടകങ്ങൾ ഉണ്ട്. ഇവ വായ്, തൊണ്ട, ഗ്രസനി, അന്നനാളും, ആമാശയും ചെറുകുടൽ വൻകുടൽ മലാശയം വൃക്കകൾ ചർമം എന്നിവിടങ്ങളിൽ ഉണ്ടാവുന്ന രോഗങ്ങളെ തടയാൻ സഹായിക്കുന്നു.
വിലകൂടിയ ഇലക്കറികൾ തേടി പോകേണ്ട. നമുക്ക് ചുറ്റിലുമുള്ള ചീര (കീര) തന്നെ ധാരാളം. ചീര ഇലക്കറികളുടെ രാജാവാണ്. വീട്ടുവളപ്പിൽ ഉള്ളതാകുമ്പോൾ വിഷകാരികളായ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാവുകയില്ല.
പറമ്പോ വീട്ടുവളപ്പോ ഇല്ലാത്തവർക്കും ചീരക്കൃഷി നടത്താം. ഏതാനും ചെടിച്ചട്ടിയിൽ ചീരക്കൃഷി ചെയ്താൽ മതിയാവും. ഒരു ചെറിയ കുടുംബത്തിന് കഴിക്കാൻ വേണ്ടത്ര ഇലക്കറികൾ ഇപ്രകാരം ലഭ്യമാക്കാനാവും.
പച്ചക്കറികളും ഇലക്കറികളും വലിയ ചൂടിൽ അധിക നേരം തുറന്ന് വച്ച് പാചകം ചെയ്താൽ അതിലെ പോഷകഗുണം കുറയും. അതിനാൽ പാത്രം നന്നായടച്ച് ഭാഗികമായി വേവിച്ച് കഴിക്കാൻ ശീലിക്കുക. രുചിക്കുറവ് ഉണ്ടാവാം. ശീലമാണ് രുചിയുടെ അടിസ്ഥാനം. രുചി നാവിന്റെ ശീലമാകയാൽ അത്തരത്തിൽ തയ്യാറാക്കിയ ഭക്ഷണവും വൈകാതെ നമ്മുടെ നാവുകൾക്ക് രുചികരമായി മാറും.
നാം മിക്ക കറികളിലും മഞ്ഞൾ ചെറിയ അളവിലെങ്കിലും ചേർക്കാറുണ്ട്. മഞ്ഞൾ അണുനാശിനിയും വിഷനാശിനിയും ആണ്. പക്ഷിമൃഗാദികളുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകളിൽ നാം മഞ്ഞൾ അരച്ച് പുരട്ടാറുണ്ട്. ഇന്നും ഉൾനാടൻ ഗ്രാമങ്ങളിൽ സ്വന്തം ശരീരത്തിൽ ഉണ്ടാവുന്ന മുറിവുകളിലും ഇപ്രകാരം ചെയ്യുന്നു. വൈകാതെ തന്നെ മുറിവുകൾ കരിയുന്നത് കാണാം.
മഞ്ഞൾ തേച്ചുള്ള കുളി പ്രസവ രക്ഷയുടെ ഭാഗമാണ്. പ്രസവിച്ചു കിടക്കുന്ന അമ്മയെയും കുഞ്ഞിനെയും മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നവർ ഇന്നുമുണ്ട്. മൂക്കത്ത് വിരൽ വയ്ക്കേണ്ട. ആധുനികശാസ്ത്രവും വൈദ്യശാസ്ത്രവും പഠിച്ചവരും അത്തരം പരമ്പരാഗത ശീലങ്ങളിൽ തൽപരരാണ്. നമ്മുടെ പരമ്പരാഗതമായ മുഴുവൻ ശീലങ്ങളും അറിവുകളും അശാസ്ത്രീയമെന്ന് വിധിക്കാൻ വരട്ടെ.
മഞ്ഞളിൻറെ സ്ഥാനം ഇന്ന് സോപ്പ് കമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. സൗന്ദര്യ വർധനി എന്ന പേരിലാണ് മഞ്ഞൾ സോപ്പുകൾ വിൽക്കപ്പെടുന്നത്. അവളുടെ പരസ്യങ്ങൾ കൊണ്ട് ഗൃഹാന്തരീക്ഷം നിറയുകയാണ്. സൗന്ദര്യ വർദ്ധനികളുടെ പരസ്യ വാചകങ്ങളുടേയും പരസ്യ ചിത്രങ്ങളുടെയും ഉള്ളടക്കത്തെ കുറിച്ച് ഇവിടെ ചർച്ചയില്ല. വിദ്യാസമ്പന്നരും രാഷ്ട്രീയ ബോധമുള്ളവരും ബുദ്ധിജീവികളുമായ നമ്മുടെ സോപ്പു കമ്പത്തെക്കുറിച്ചും പറയാതറിയാമല്ലോ. സോപ്പ് ഒരു രാസ സംയുക്തമാണ് എന്നറിയാത്തവരല്ല നാം. പിന്നെ എന്തുകൊണ്ടിങ്ങനെ എന്ന് ചോദിക്കരുത്.
മഞ്ഞൾ അർബുദ രോഗങ്ങളുടെ ശത്രുവാണ്. നമ്മുടെ ഭക്ഷണ കൂട്ടുകളിൽ അറിഞ്ഞോ അറിയാതെയോ മഞ്ഞൾ ഉൾപ്പെടുത്തിയ പഴമയിലെ പൊരുൾ തീർച്ചയായും ശ്ലാഘനീയം തന്നെ.
മാംസ്യാഹാരങ്ങൾ ആരോഗ്യത്തിന് അത്യാവശ്യം വേണ്ടതാണ്. എന്നാൽ അമിതമാവരുത്. നമ്മുടെ ശരീരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആഹാരത്തിലെ മാംസ്യ (പ്രോട്ടീൻ) ഘടകങ്ങൾ വേണം. മത്സ്യമാംസാദികൾ, പാൽ, മുട്ട, പരിപ്പുകൾ, പയറുവർഗങ്ങൾ എന്നിവ മാംസ്യാഹാരങ്ങളിൽ പെടുന്നു.
ഉപ്പ് മറ്റ് ചില രാസ സംയുക്തങ്ങൾ എന്നിവ ചേർത്ത് ഉണക്കി പുകയടിപ്പിച്ചു ഇറച്ചി കേടുകൂടാതെ സൂക്ഷിച്ചുവരുന്നു. ഇത്തരം ഇറച്ചി കഴിക്കരുത്. അത് പ്രധാനമായും ആമാശയ കാൻസറിന് ഇടവരുത്തുന്നു. വലിയ ഊഷ്മാവിൽ മൊരിച്ചതോ ഗ്രിൽ ചെയ്തതോ ആയ ഇറച്ചിയും കഴിക്കുന്നത് നന്നല്ല. അതും അർബുദ രോഗങ്ങൾക്കിടയാക്കുന്നു. ഇറച്ചി ഭക്ഷണങ്ങൾക്കൊപ്പം ധാരാളം പച്ചക്കറികളും പഴങ്ങളം കഴിക്കേണ്ടതാണ്. വലിയ ചൂടിൽ മത്സ്യം വറുത്ത് കഴിക്കുന്നതും നന്നല്ല. വറുത്ത മത്സ്യത്തോടൊപ്പവും പച്ചക്കറികൾ കഴിക്കണം.
പയറുവർഗങ്ങൾ പുഴുങ്ങിയോ മുളപ്പിച്ചത് നേരിട്ടോ പ്രാതൽ വിഭവമായി കഴിക്കാവുന്നതാണ്. ഇത് വരാനിരിക്കുന്ന കാൻസർ രോഗങ്ങളെ അകറ്റുന്നു. കരൾ, പാൻക്രിയാസ്, ആമാശയം, വൻകുടൽ, മുത്രാശയം, പൗരുഷ ഗ്രന്ഥി, എന്നിവിടങ്ങളിൽ ബാധിക്കുന്ന കാൻസറിനെ ഗ്രീൻ ടീ (green tea) കുറയ്ക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ചില ആൻറി ഓക്സിഡന്റുകളാണ് അതിനു കാരണം.
ഏറ്റവും നല്ല ഭക്ഷണമാണ് പഴങ്ങൾ. പഴങ്ങൾ പോലെ രുചിയുള്ളതും ആരോഗ്യ പ്രധാനിയുമായ മറ്റൊരു ഭക്ഷണം ഇല്ല തന്നെ. വേണ്ടത്ര ജീവകങ്ങൾ, ആൻറി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ (phytochemicals) ഉൾപ്പെടെ ധാരാളം പോഷക ഘടകങ്ങൾ പഴങ്ങളിൽ ഉണ്ട്.
നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്കും ആരോഗ്യകരമായ നിലനിൽപ്പിനും ശാരീരിക പ്രവർത്തനങ്ങൾക്കും ജീവകങ്ങൾ വേണം. അന്നനാളം, ചെറുകുടൽ, വൻകുടൽ, മലാശയം, മാറിടം എന്നിവിടങ്ങളിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ പഴങ്ങൾ പ്രതിരോധിക്കുന്നു. പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കലുകൾ ആണ് കാൻസറിനെതിരെ പോരാടുന്ന ആന്റിഓക്സിഡന്റുകൾ (antioxidants). ഇവ കാൻസറിനു കാരണമാകുന്ന തന്മാത്രകളുടെ പ്രവർത്തനത്തെ തടയുന്നതിന്റെ ഫലമായി കാൻസർ കോശങ്ങളുടെ വളർച്ച മന്ദീഭവിക്കുന്നു.
സ്ട്രോബറീസ്, റാസ്ബറീസ്, ബ്ലൂബെറിസ്, എന്നീ പഴങ്ങളിൽ ധാരാളം ഫൈറ്റോകെമിക്കലുകൾ ഉണ്ട്. ഇവ വിലകൂടിയ പഴങ്ങളാണ്. നമ്മുടെ ചാമ്പക്ക, പൂലയ്ക്ക, മുള്ളാത്ത, തുടങ്ങിയ വില കുറഞ്ഞ പഴങ്ങളിലും ധാരാളം ആൻറി ഓക്സിഡന്റുകൾ ഉണ്ട്. വില കൂടിയതും ലഭ്യത കുറഞ്ഞതും ആയ ഇത്തരം പഴങ്ങൾ ഉപേക്ഷിച്ച് വില കുറഞ്ഞതും ലഭ്യത കൂടിയതും മെച്ചപെട്ട പോഷകാംശമുള്ളതുമായ പഴങ്ങൾ കഴിക്കാൻ ശീലിക്കുന്നതും നന്നാണ്. വിലകൂടിയതും കാണാൻ സുന്ദരവുമായ പഴങ്ങളോടുള്ള ഭ്രമം നമുക്ക് വളരെ കൂടുതലാണ്.
നാരങ്ങ, ഓറഞ്ച്, പൈനാപ്പിൾ, ആപ്പിൾ, നെല്ലിക്ക, പേരയ്ക്ക, മാമ്പഴം, വാഴപ്പഴം, തുടങ്ങി ലഭ്യമായ ഏത് പഴവും നല്ലതാണ്. പഴങ്ങൾ, പുഴുങ്ങിയും തണുപ്പിച്ചും നീരെടുത്തും കഴിവതും കഴിക്കാതിരിക്കുക. എന്നാൽ പുഴുങ്ങിയ പഴം കഴിക്കുന്നതും പഴം നീരെടുത്ത് തണുപ്പിച്ചു കഴിക്കുന്നതും ഇന്ന് ഫാഷനാണ്.
പച്ചക്കറികളും പഴങ്ങളും ഇത്രയേറെ ഗുണങ്ങൾ പ്രധാനം ചെയ്യുമ്പോഴും പുതു തലമുറ മൊരിച്ചതും കരിച്ചതുമായ മാംസ ഭക്ഷണങ്ങളും രാസമയമായ ബേക്കറിയാഹാരങ്ങളുമാണ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്.
തക്കാളിക്ക ഒരു പഴമാണ്. അതേസമയം പച്ചക്കറിയുമാണ്. ഇത് അർബുദ രോഗങ്ങളുടെ വിശേഷിച്ച് പൗരുഷഗ്രന്ഥിയിലെ കാൻസറിന്റെ (prostrate cancer) ശത്രുവാണ്. പുരുഷന്മാരിൽ ജനനേന്ദ്രിയത്തിന് സമീപം കാണുന്ന ഒരു ഗ്രന്ഥിയാണ് പൗരുഷ ഗ്രന്ഥി (prostrate gland). അതിനാൽ പുരുഷന്മാർ പഴുത്ത തക്കാളിക്ക ധാരാളമായി കഴിക്കുക.
പഴുത്ത തക്കാളിക്കയിൽ അടങ്ങിയിട്ടുള്ള ലൈകൊപീൻ (lycopene) എന്ന ജൈവതന്മാത്രയാണ് കാൻസർ തടയുന്നത്. പഴുത്ത തക്കാളിക്കയുടെ നിറത്തിന് കാരണം അതിൽ അടങ്ങിയിട്ടുള്ള ലൈകൊപീൻ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന ഒരു സംയുക്തമാണ്. അതിനാൽ എണ്ണയിൽ പാകം ചെയ്താൽ മാത്രമേ തക്കാളിക്കയിലെ ലൈക്കോപീൻ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുള്ളൂ.
പഞ്ചസാര പോഷക സമൃദ്ധമായ ഒരു ഭക്ഷ്യവസ്തുവല്ല. ഊർജ്ജം മാത്രം പ്രധാനം ചെയ്യുന്ന അന്നജ (carbohydrate) കുലത്തിലെ തന്മാത്രയാണ്. പഞ്ചസാര അർബുദകാരിയാണ് എന്ന പ്രചാരണം നിലവിലുണ്ട്. അത്തരത്തിലുള്ള ലേഖനങ്ങളും വീഡിയോകളും ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. പഞ്ചസാരയെ അപ്രകാരം കരുതേണ്ടതില്ല.
പഞ്ചസാര കാൻസർ വിരുദ്ധമായ മറ്റു ഭക്ഷണങ്ങളുടെ സ്ഥാനം കവരുന്നു. മാത്രമല്ല അത് ഒരു പോളിഷ്ഡ് ഫുഡ് ആണ്. അത്തരം ഭക്ഷണങ്ങൾ നന്നല്ല. നാര് ഘടകങ്ങൾ ഉൾപ്പെടെ എല്ലാത്തരം പോഷകാംശവും ഉള്ള ഭക്ഷണമാണ് നാം കഴിക്കേണ്ടത്. പഞ്ചസാര അക്കൂട്ടത്തിൽ വരുന്ന ഒന്നല്ല. അതിനാൽ അവയുടെ ഉപഭോഗം കുറയ്ക്കുന്നത് നന്ന്.
പഞ്ചസാര വർധിച്ച ശരീര ഭാരത്തിനിടയാക്കുന്നു. പൊണ്ണത്തടി ഉള്ളവർക്ക് കാൻസർ വരുമെന്നൊന്നും കരുതേണ്ടതില്ല. പ്രമേഹം, ഹൃദ്രോഗം, കാൻസർ, തുടങ്ങിയ മാരക രോഗങ്ങൾ വരുത്തുന്ന അനേകം കാരണങ്ങളിൽ ഒന്നുമാത്രമാണ് പൊണ്ണത്തടി. അനവധി വട്ടപ്പേരുകൾ ഇട്ട് പഞ്ചസാരയെ നാം വേണ്ടുവോളം ആക്ഷേപിച്ചിരിക്കുന്നു. മധുരത്തെ ഇത്രയേറെ ആക്ഷേപിക്കാൻ അതെന്തു പിഴച്ചു എന്ന് ചോദ്യം മാത്രം മിച്ചം.
പുകഴ്ത്താനിരുന്നാൽ നാം പുകഴ്ത്തിക്കൊണ്ടേയിരിക്കും. ഇകഴ്ത്താനിരുന്നാലോ? അതുതന്നെ തുടർന്നു കൊണ്ടിരിക്കും. പഞ്ചസാരയുടെ കാര്യത്തിലും അപ്രകാരം തന്നെ. പഞ്ചസാരയല്ല ഏത് ഭക്ഷണവും അമിതമായി കഴിക്കുന്നത് നന്നല്ല.
%20(400%20x%20100%20px)%20(1).png)











Comments