കത്തോലിക്കാ സഭയുടെ മോഹം 


ഇത് യാദൃശ്ചികമാണോ? ചില കേരള മാധ്യമങ്ങളിൽ നാടകീയമായ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു - എനിക്കെതിരെ ഇന്റർപോൾ നൽകിയ റെഡ് കോർണർ നോട്ടീസിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നത്. അതിന്റെ പിന്നിൽ എന്താണ്? ആരാണ് ഇതിന് പിന്നിൽ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു വാർത്ത ഇപ്പോൾ പൊന്തിവരുന്നത്? അതേക്കുറിച്ച് വെളിച്ചം വീശുന്നതിനുമുന്പ്, വ്യക്തമായ ഒരു പ്രസ്‌താവന നടത്താൻ ആഗ്രഹിക്കുന്നു: ഞാൻ ആരെയും വഞ്ചിക്കുകയോ പറ്റിക്കുകയോ ചെയ്‌തിട്ടില്ല. ഞാൻ സത്യസന്ധനായ ഒരു വ്യക്തിയാണ്. നിയമവിരുദ്ധമായി ഒന്നും ഞാൻ ചെയ്‌തിട്ടില്ല; ഒരു നിയമവും ലംഘിച്ചിട്ടില്ല. കൂടാതെ, എന്റെ മനഃസാക്ഷിക്കു നിരക്കാത്ത ഒന്നും ഞാൻ ചെയ്‌തിട്ടില്ല. അതിനാൽ കോടതികളിൽ നിന്ന് നീതി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ 2012 മുതൽ ഫിൻ‌ലാൻഡിലാണ് താമസിക്കുന്നത്. ഒറ്റരാത്രികൊണ്ട് ഇന്ത്യയിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നപ്പോൾ, സഹിഷ്ണുതയും മനുഷ്യാവകാശവും വഴി രാഷ്ട്രീയവും ജനങ്ങളും നയിക്കപ്പെടുന്ന സൗഹാർദ്ദപൂർണമായ ഈ രാജ്യം എനിക്ക് അഭയം നൽകി. മൂന്നുവർഷത്തെ തടവ് കിട്ടിയേക്കാവുന്ന മതനിന്ദാ കുറ്റങ്ങൾ ആരോപിച്ച കേസുകളിൽ വാദിച്ചു ജയിക്കാമായിരുന്നെങ്കിലും, ജയിലിൽ വച്ചും ഒരുപക്ഷേ അതിനുമുന്പും നടന്നേക്കാവുന്ന ആക്രമണം, കൊലപാതക ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അപ്പോഴേക്കും എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മുംബൈ മതനിന്ദ കേസ് 2012 മാർച്ച് തുടക്കത്തിൽ, മുംബൈയിലെ ഒരു യേശുക്രിസ്തു പ്രതിമയുടെ കാലിൽ നിന്ന് ഇറ്റിറ്റു വീണ "വിശുദ്ധ ജലത്തിന്റെ" ഉറവിടം ഞാൻ ശാസ്‌ത്രീയമായി കണ്ടെത്തി. ടോയ്‌ലെറ്റിൽ നിന്നു വന്ന പൊട്ടിയ ഡ്രെയിനേജ് പൈപ്പിൽ നിന്ന് ഒലിച്ചിറങ്ങിയ വെള്ളം കാപ്പിലറി ആക്‌ഷൻ മൂലം പഴയ സിമന്റു പ്രതിമയിൽ പ്രവേശിച്ച് താഴേക്ക് വീഴുകയായിരുന്നു. ആ കണ്ടെത്തൽ എന്റെ ജീവിതത്തിന്റെ വഴികളെ അപ്പാടെ മാറ്റി എന്നതാണ് നേര്.

ഒരു ടിവി അഭിമുഖത്തിൽ എന്റെ കണ്ടെത്തൽ ഞാൻ വ്യക്തമാക്കി. തുടർന്ന് മുംബൈ ബിഷപ്പ് ആഞ്ചലോ ഗ്രേസിയസ് ചർച്ചയിൽ ചേർന്നു. സ്വന്തം വാദമുഖങ്ങൾ കൊണ്ട് ഞാൻ വ്യക്തമാക്കിയ കാര്യങ്ങളെ നേരിടാനാവുന്നില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം പെട്ടെന്ന് ടിവി പരിപാടിയിൽ നിന്ന് പുറത്തുപോയി. പ്രോഗ്രാം കഴിഞ്ഞപ്പോഴാണ് എനിക്ക് ടിവി സ്റ്റുഡിയോയിൽ നിന്ന് വെളിയിലേക്കു പോകാനാവാത്ത സ്ഥിതി ആണെന്ന് മനസ്സിലായത്. ഒരു കൂട്ടം ആളുകൾ ഗേറ്റിനു പുറത്ത് വടികളും ക്രിക്കറ്റ് ബാറ്റുകളുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബിഷപ്പ് ദേഷ്യത്തോടെ ടിവി ചർച്ചയിൽ നിന്ന് പോയ ശേഷമാണ് അവരെ വാഹനങ്ങളിൽ ചിലർ കൊണ്ടുവന്നതെന്ന് ടിവി സ്റ്റുഡിയോ ഉദ്യോഗസ്ഥർ എന്നോട് വിശദീകരിച്ചു. അവർ ചില ക്വട്ടേഷൻ സംഘങ്ങളിൽപെട്ട ഗുണ്ടകളാണെന്ന് ടിവി സ്റുഡിയോയിലുണ്ടായിരുന്നവർ തിരിച്ചറിഞ്ഞു. ആൾക്കൂട്ട ആക്രമണവും ലിഞ്ചിംഗുമൊന്നും ഇന്ത്യയിൽ അസാധാരണമല്ല. ഞാൻ അപകടം മണത്തു. ടിവി ചാനലിന്റെ തലവന്റെ മുറിയിൽ ഞാൻ അത്താഴം കഴിച്ചു. തുടർന്ന് കുറച്ച് സമയം വിശ്രമിച്ചു. വീണ്ടും ഗേറ്റിലെ സ്ഥിതി പരിശോധിച്ചു. അവിടെ അക്രമികൾ അപ്പോഴും എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പോലീസിനെ വിളിച്ചു; പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല. നാലുമണിക്കൂറിനുശേഷം, മുൻവശത്തെ ഗേറ്റിൽ എന്നെ കാത്തുനിൽക്കുന്ന അക്രമികളുടെ ശ്രദ്ധയിൽപ്പെടാതെ കെട്ടിടത്തിന്റെ പുറകിലെ ഒരു ഗേറ്റ് തുറന്ന് അതിലൂടെ എന്റെ കാർ വെളിയിലെത്തി. കുറച്ച് മണിക്കൂറിനുള്ളിൽ ഞാൻ ഡെൽഹിയിലേക്കുള്ള ഫ്ലൈറ്റിൽ വീട്ടിലേക്ക് പോന്നു. ദിവ്യജലം ഇറ്റുന്ന ക്രിസ്‌തുപ്രതിമയെക്കുറിച്ചുള്ള എന്റെ പ്രസ്താവനകളിലൂടെ ഞാൻ മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്കാ ഗ്രൂപ്പുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ 27 പരാതികൾ ഫയൽ ചെയ്‌തതായി അടുത്ത ദിവസം ഞാൻ റിപ്പോർട്ടുകൾ വായിച്ചു. ആധുനിക ഇന്ത്യയിൽ, ഇപ്പോഴും പഴയ ബ്രിട്ടീഷ് മതനിന്ദാ നിയമം നിലവിലുണ്ട്. അതനുസരിച്ചു പരാതികൾ രണ്ടോ മൂന്നോ പോലീസ് സ്റ്റേഷനുകൾ ഏറ്റെടുക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനൊക്കെ പിന്നിലെ യഥാർത്ഥ കരങ്ങൾ വ്യക്തമായ ആസൂത്രണത്തോടെ എനിക്കെതിരെ നടന്ന ആക്രമണങ്ങൾക്കും കേസുകൾക്കും പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. അല്പമെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ, അത് തിരുത്തി കാര്യങ്ങൾ വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക പ്രസ്‌താവന ബോംബെ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടു. ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേസിയാസ് സ്വന്തം പേരുവെച്ച്‌ എനിക്കെതിരെ നൽകിയ ആ പ്രസ്‌താവനയിൽ ആവശ്യപ്പെടുന്നത് ഞാൻ മാപ്പു ചോദിക്കണം എന്നാണ്. ഞാൻ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ചാൽ എല്ലാ എഫ് ഐ ആറുകളും പിൻ‌വലിക്കാമെന്നും എനിക്കെതിരായ കേസുകൾ അവസാനിപ്പിക്കുവാൻ ആവശ്യപ്പെടാമെന്നും വ്യക്തമായി പറയുന്നുണ്ട്. എന്റെ മറുപടി ലളിതവും വ്യക്തവുമായിരുന്നു. ഞാൻ എഴുതി: "ഞാൻ സംസാരിച്ചതിനെക്കുറിച്ച് എനിക്ക് ഉത്തമ ബോധ്യമുണ്ട്. അത് തെളിയിക്കാനും കഴിയും. മധ്യകാലഘട്ടത്തിലെ ഇൻക്വിസിഷന്റെയും മതനിന്ദകർക്കെതിരായ കൊടിയ പീഡനങ്ങളുടെയും കഥകൾ നിങ്ങൾക്ക് പ്രചോദനമായേക്കാമെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. സ്വന്തം നിലപാടുകളെക്കുറിച്ച് ഉത്തമ ബോധ്യവും അത് തുറന്നു പറയാനുള്ള ധൈര്യവും ഉള്ള ആളുകൾ ഉണ്ടെന്ന് അറിഞ്ഞിരിക്കുക. ഞാൻ അവരിൽ ഒരാളാണ്. മധ്യകാലഘട്ടത്തിലെ എല്ലാ പീഡന യന്ത്രങ്ങളും നിങ്ങൾ കൊണ്ടുവന്ന് എനിക്കെതിരെ പ്രയോഗിച്ചാലും ഞാൻ ക്ഷമ ചോദിക്കുകയോ നിങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയോ ചെയ്യില്ല. "

എന്റെ പ്രതികരണം കത്തോലിക്കാ സഭയെ ചൊടിപ്പിച്ചു എന്ന് വ്യക്തം. എന്റെ ജീവിതത്തിനു തന്നെ ഭീഷണി ഉണ്ടാകുമെന്ന മുന്നറിയിപ്പ് അധികം വൈകാതെ ലഭിച്ചു. ഒളിവിലെ മൂന്നു മാസങ്ങൾ മുംബൈയിലെ നാടകീയ സംഭവങ്ങൾക്ക് ശേഷം, എന്റെ വീട്ടിൽ നിന്ന് മാറി വ്യത്യസ്‌ത സുരക്ഷിത സ്ഥലങ്ങളിൽ താമസിക്കാൻ എനിക്ക് ഇന്റലിജൻസ് ഉപദേശം ലഭിച്ചു. ഒളിത്താവളങ്ങളിൽ നിന്ന്, ഞാൻ ഇന്ത്യയിലെ വാർത്താ മാധ്യമങ്ങളുമായും അന്താരാഷ്ട്ര മാധ്യമങ്ങളുമായും ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിശദീകരിച്ചു. അവർ അക്കാര്യം നന്നായിത്തന്നെ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി.

പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന് ഞാൻ കത്തെഴുതി. സ്ഥിതിഗതികൾ വിശദീകരിച്ച് അദ്ദേഹത്തിന്റെ ഇടപെടൽ അഭ്യർത്ഥിച്ചു. എനിക്കെതിരെ മുംബൈ മതനിന്ദ കേസ് രജിസ്റ്റർ ചെയ്ത മഹാരാഷ്ട്രയിലെ സംസ്ഥാന മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഞാൻ കത്തെഴുതി. ഇന്ത്യൻ യുക്തിവാദി സംഘം ദേശീയ സമിതി മുൻകയ്യെടുത്ത് എന്നെ പിന്തുണക്കാനായി ഒരു "സനൽ ഇടമറുക് പ്രതിരോധ ഫണ്ട്" രൂപീകരിച്ചു.

ദില്ലിയിലെയും മുംബൈയിലെയും പ്രമുഖ അഭിഭാഷകർ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനാൽ വിചാരണ നേരിടാൻ ഞാൻ തീരുമാനിച്ചു. മുംബൈ മതനിന്ദ കേസ് കോടതിയിൽ വരികയാണെങ്കിൽ കേസിനെതിരെ പോരാടാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തി. ഒന്നും സംഭവിച്ചില്ല.

എന്നാൽ എന്റെ സുരക്ഷയ്‌ക്കുള്ള ഭീഷണികൾ വർദ്ധിച്ചു. പല രാജ്യങ്ങളിലെയും യുക്തിവാദി, സ്വതന്ത്രചിന്ത, ഹ്യൂമനിസ്റ്റ് സംഘടനകൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ എന്നെ സഹായിക്കുമെന്ന് വാഗ്‌ദാനം ചെയ്തു. ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും ദില്ലിയിലെയും മുംബൈയിലെയും പോലീസ് കമ്മീഷണർമാരെ അറിയിച്ചതിനു ശേഷമാണ് ഫിൻ‌ലൻഡിലേക്ക് ഞാൻ യാത്ര ചെയ്‌തത്‌.

അത് എട്ട് വർഷം മുന്പായിരുന്നു. ഫിൻ‌ലാൻ‌ഡിലെയും ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും ‌മിത്രങ്ങളുടെ ഉദാരമായ ധാർമ്മികവും സാന്പത്തികവുമായ പിന്തുണ എനിക്ക് കരുത്തായി. ഫിൻലാൻഡിൽ ഒരു പുതിയ അടിത്തറ കെട്ടിപ്പടുക്കുന്നതിനും റാഷണലിസ്റ്റ് ഇന്റർനാഷണൽ പുനഃസ്ഥാപിക്കുന്നതിനും എനിക്ക് കഴിഞ്ഞു. കൂടുതൽ ഊർജ്ജസ്വലതയോടെ പോരാട്ടം തുടരുകയും ചെയ്തു.

അടുത്തിടെ മാധ്യമങ്ങളിൽ ഉയർന്നുവന്ന കേസിന്റെ പിന്നിലെ സത്യം എന്താണ്? 2017 ൽ കേരളത്തിലെ ഒരു സ്ത്രീ എനിക്കെതിരെ ഒരു സ്വകാര്യ കേസ് ഫയൽ ചെയ്തു, ഞാൻ ഫിൻ‌ലൻഡിലേക്ക് പോകുന്നതിന് വളരെ മുന്പുതന്നെ അവർ എന്റെ ഒരു നല്ല സുഹൃത്തായിരുന്നു. ഫിൻ‌ലാൻ‌ഡിൽ ഞാൻ നടത്തുന്ന പ്രസിദ്ധീകരണ സ്ഥാപനത്തിൽ ജോലി കൊടുക്കുന്നതിനായി ഞാൻ‌ അവരിൽ ‌ നിന്നും പണം സ്വീകരിച്ചതായി പൊടുന്നനെ ഒരു അവകാശവാദം അവർ ഉന്നയിച്ചു. എന്റെ പ്രസിദ്ധീകരണ സ്ഥാപനത്തിൽ ജോലിക്കായി അവർ അപേക്ഷ സമർപ്പിച്ചിരുന്നു. ഓൺലൈൻ അഭിമുഖത്തിനു ശേഷം ഞാൻ അവർക്ക് ഒരു ഔദ്യോഗികമായ ജോബ് ഓഫർ അയച്ചുകൊടുക്കുകയും ചെയ്‌തതാണ്. അത് സ്വകാര്യമായ ഒരു കാരണത്താൽ അവർ നിരസിക്കുകയായിരുന്നു. അതിനു വളരെ മുന്പ് യുക്തിവാദി പ്രസ്ഥാനത്തെ സഹായിക്കാനായും എന്റെ നിയമ സംരക്ഷയ്‌ക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ഒരു ഇന്ത്യൻ അക്കൗണ്ടിലേക്ക് മൂന്ന് വർഷക്കാലത്തോളം ചെറിയ യൂണിറ്റുകളായി അവർ പണം നിക്ഷേപിച്ചിരുന്നു. ഫിൻ‌ലാൻഡിലെ ജോലിയുമായി അതിന് യാതൊരു ബന്ധവുമില്ല. അതിനാൽ, അവരുടെ ആരോപണങ്ങളിൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി, വ്യക്തിപരമായ കാരണങ്ങളാലാവണം ഇത്തരമൊരു കഥ അവർ സൃഷിച്ചതെന്നാണ് ഞാൻ ഉറപ്പായും വിശ്വസിക്കുന്നത്. പഴയ സുഹൃത്തിന്റെ എനിക്കെതിരെയുള്ള സ്വകാര്യ കേസ് ഒരു അവസരമായിക്കണ്ട് അത് മുതലെടുക്കാനും എനിക്കെതിരെ ഉപയോഗിക്കാനും എന്നെ തകർക്കണമെന്നു കരുതുന്നവർ ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. ആ കേസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നേരല്ലാത്തതുകൊണ്ട് അതിനെതിരെ ഞാൻ കേരള ഹൈക്കോടതിയിൽ ഒരു ക്വാഷിംഗ് പെറ്റീഷൻ ഫയൽ ചെയ്തു. ഇരുവശത്തേയും അഭിഭാഷകരുടെ വാദം കേട്ടതിനു ശേഷം കേരള ഹൈക്കോടതി ഇത് പരിഗണനയ്‌ക്കായി 2018 സെപ്റ്റംബറിൽ സ്വീകരിച്ചു. ക്വാഷിംഗ് പെറ്റീഷൻ പരിഗണിക്കാൻ കേരള ഹൈക്കോടതി തീരുമാനിച്ചതിനുശേഷം കീഴ്‌ക്കോടതിയിലെ നടപടികൾ മുന്നോട്ടു പോയിട്ടില്ല. അതിനുശേഷം ഒന്നും മാറിയിട്ടില്ല - ഇപ്പോൾ ഇന്റർപോളിന്റെ റെഡ് അലേർട്ട് എന്നൊരു വാർത്ത വരുന്നതുവരെ മറ്റൊന്നും നടന്നതായി എനിയ്‌ക്കോ എന്റെ അഭിഭാഷകനോ അറിയില്ല. എന്തുകൊണ്ടാണ് എന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ

കത്തോലിക്കാ സഭ ആഗ്രഹിക്കുന്നത് ഇത് യാദൃശ്ചികമാണോ? എനിക്കെതിരായ മതനിന്ദാ കേസുകൾ കോടതികളിൽ ചുമത്താൻ കത്തോലിക്കാ സഭ ശ്രമിക്കുന്നുവെന്ന് ഇന്ത്യയിലെ എന്റെ സുഹൃത്തുക്കളിൽ നിന്ന് അടുത്തിടെ എനിക്ക് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ആ കേസുകൾക്കെതിരെ പോരാടാൻ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്നായിരുന്നിരിക്കണം അവർ കരുതിയത്. അതിനാൽ, എന്നെ ഒതുക്കുന്നതിനുവേണ്ടി ഒരു റെഡ് കോർണർ നോട്ടീസ് നൽകാൻ ഇന്റർപോളിനെ സമീപിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. കത്തോലിക്കാസഭയുടെ കൈകൾ വളരെ നീളമുള്ളവയാണെന്നത് രഹസ്യമല്ല. വിമർശകരെ നിശബ്ദരാക്കാൻ നേരിട്ടോ പരോക്ഷമായോ അവർ പരിധികളൊക്കെ ലംഘിച്ചു മുന്നോട്ടു പോകാം. മുംബൈയിലെ ക്രൂശിത രൂപത്തിൽ നിന്ന് ഇറ്റുവീണ "ദിവ്യജല"ത്തെക്കുറിച്ചുള്ള എന്റെ കണ്ടെത്തലുകൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കിതിൽ അത്ഭുതമില്ല. ഒരു പുതിയ തീർത്ഥാടന കേന്ദ്രത്തിന്റെ ആരംഭത്തിനുള്ള നീക്കത്തെ തുടക്കത്തിൽത്തന്നെ അവസാനിപ്പിച്ചുവന്നത് മാത്രമല്ല അവരെ ചൊടിപ്പിച്ചത്. കത്തോലിക്കാ സഭയുടെ ദിവ്യാത്ഭുത-രോഗശാന്തി ഫാക്ടറിയെ മോശവും പരിഹാസ്യവുമായ വെളിച്ചത്തിൽ എന്റെ വെളിപ്പെടുത്തലുകൾ കാണിച്ചു. കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം അതൊരു സെൻസിറ്റീവ് പോയിന്റാണ്. അൽഫോൻസാമ്മയുടെ വിശുദ്ധപദവിക്കു പിന്നിലുള്ള “കന്യാസ്ത്രീ-കയറ്റുമതി” തന്ത്രം മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഞാൻ വെളിപ്പെടുത്തിയതും, മദർ തെരേസയുടെ പുണ്യവതിയാക്കൽ പ്രക്രിയക്കിടയിൽ വത്തിക്കാൻ അംഗീകരിച്ച വ്യാജ 'ദിവ്യാത്ഭുതം' പൊളിച്ചു കാണിക്കുന്ന തെളിവുകൾ ടെലിവിഷനിലൂടെയും പത്രങ്ങളിലൂടെയും തുറന്നുകാണിച്ചതും കത്തോലിക്കാ സഭയുടെ കലി വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതും രഹസ്യമല്ല.

കത്തോലിക്കാ സഭ എനിക്കായി വിരിച്ച വലകളിൽ നിന്ന് രക്ഷപ്പെടാൻ ഇതുവരെ എനിക്കായി. എന്നെ നിശബ്‌ദനാക്കാനുള്ള അവരുടെ ശ്രമങ്ങൾ എനിക്ക് കൂടുതൽ കരുത്തു നൽകുകയാണ് ചെയ്‌തത്‌. കൂടുതൽ ഉയർന്ന തലത്തിൽ പോരാടാൻ അതെനിക്ക് വഴിതുറന്നു. “കത്തോലിക്കാ ശക്തി” പ്രകടമാക്കുന്നതിന് എന്റെ കേസ് ഒരു മാതൃകയാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവണം. പക്ഷെ അത്ര എളുപ്പത്തിൽ വിരട്ടാനാവുന്ന ആൾ അല്ല ഞാൻ എന്ന് ഇനിയെങ്കിലും അവർ തിരിച്ചറിയണം. വെല്ലുവിളികളെയും കൃത്രിമ പ്രചാരണങ്ങളെയും നേരിടാനുള്ള ഇച്ഛാശക്തി എനിക്കുണ്ട്. കാരണം എനിക്കറിയാം, എന്റെ യഥാർത്ഥ എതിരാളി ആരാണെന്നും അവരുടെ നീക്കങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടസാധ്യത എന്താണെന്നും.

-------—- PS: ജുഡീഷ്യൽ കാര്യങ്ങളെപ്പറ്റി കൂടുതൽ എഴുതുവാൻ നിർഭാഗ്യവശാൽ നിയമപരമായ പരിമിതികളുണ്ട്. ഈ കേസിന്റെ പ്രായോഗിക വിശദാംശങ്ങൾ ജുഡീഷ്യൽ പരിഗണനയിൽ ഉള്ളതിനാൽ എനിക്ക് അത് ഇപ്പോൾ ചർച്ച ചെയ്യാൻ കഴിയില്ല. ഞാൻ പരസ്യമായി എന്തെങ്കിലും പറഞ്ഞാൽ അത് സബ് ജുഡീസ് ആവുമെന്നതാണ് കാരണം.

________________________________________________

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക