top of page

മദർ തെരേസയുടെ അറിയപ്പെടാത്ത മുഖം


മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉന്നത ചുമതല വഹിച്ചിരുന്ന സൂസൻ ഷീൽഡ് 1989-ൽ രാജി വച്ചതിനു ശേഷം എഴുതിയ ലേഖനത്തിന്റെ പരിഭാഷ.

 

സഭയിൽ ചേർന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മദർ തെരേസയുടെ സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നു. ഒൻപതര വർഷക്കാലം ഞാൻ ആ പ്രസ്ഥാനത്തിൽ ഒരു "സിസ്റ്റർ" ആയിരുന്നു. ബ്രോങ്ക്‌സിലും റോമിലും സാൻഫ്രാൻസിസ്‌കോയിലും ഞാനുണ്ടായിരുന്നു. ഒടുവിൽ ആ പ്രസ്ഥാനത്തിന്റെ പോക്കിൽ നിരാശനായി 1989 മെയ് മാസത്തിൽ രാജിവെച്ചു. ഞാൻ യഥാർത്ഥ ലോകത്തിലേക്ക് പുനഃപ്രവേശിച്ചതോടെ നുണകളുടെ കടും കെട്ടുകൾക്കുള്ളിലാണ് ഞാൻ കഴിഞ്ഞിരുന്നതെന്ന് സാവകാശം എനിക്ക് ബോധ്യമായി. അത്രയുംകാലം അതെല്ലാം എങ്ങനെ വിശ്വസിക്കുവാൻ കഴിഞ്ഞു എന്ന് ഞാൻ അദ്‌ഭുതപ്പെട്ടുപോയി.

മദർ തെരേസയുടെ അടിസ്ഥാനപ്രമാണങ്ങളായി കരുതപ്പെടുന്ന മൂന്നു തത്വങ്ങൾ തികച്ചും അപകടകരമാണ്. കാരണം, അവരോടൊപ്പമുള്ള സഹോദരിമാർ ആത്മാർത്ഥമായി അവ ശരിയെന്നു വിശ്വസിക്കുന്നു.

ഏറ്റവും പ്രധാനപ്പെട്ട തത്വം എത്രകാലം അനുസരണയോടെ കഴിയുന്നുവോ അത് ദൈവഹിതം ആണെന്നതാണ്. രണ്ടാമത്തേത്, കഷ്ടപ്പാടുകളും പീഡനങ്ങളും തെരെഞ്ഞെടുക്കുന്നതുവഴി അവർക്കു ദൈവത്തിന്മേൽ പ്രത്യേക സ്വാധീനം ഉണ്ടെന്നതാണ്. അവരുടെ കഷ്ടതകൾ ദൈവത്തെ സന്തുഷ്ടനാക്കും. അതേത്തുടർന്ന് ദൈവം മാനവ രാശിക്കുമേൽ കൂടുതൽ കാരുണ്യം ചൊരിയും. മൂന്നാമത്തേത്, മനുഷ്യരോട് (പാവങ്ങളോട് പോലും) എന്തെങ്കിലും ആഭിമുഖ്യമുണ്ടാകുന്നതിനെതിരായി ജാഗ്രത പുലർത്തുകയും ആ ആഭിമുഖ്യത്തെ ഉടനടി പറിച്ചെറിയുകയും വേണം എന്നതാണ്.

ആഭിമുഖ്യങ്ങൾക്കും അടുപ്പങ്ങൾക്കുമെതിരായ കഠിന യത്നങ്ങൾ പ്രശ്‌നങ്ങളും അസ്പഷ്ടതയും ഉണ്ടാക്കുമെന്ന ധാരണ സഭയിൽ നിരന്തരം മാറ്റങ്ങൾക്കും ചലനങ്ങൾക്കും വഴിയൊരുക്കി. ഈ വിശ്വാസങ്ങൾ മദർ തെരേസ സ്വയം കണ്ടു പിടിച്ചവ ആയിരുന്നില്ല. വത്തിക്കാൻ II-നു മുന്പുതന്നെ സഭകളിൽ നിലനിന്നിരുന്ന ഈ വിശ്വാസങ്ങൾ അധികാരവും ശക്തിയും ഉപയോഗിച്ച് അവർ അടിച്ചേൽപ്പിക്കുകയായിരുന്നു. സന്യാസിനി സഭയിൽ മദർ തെരേസ അതിശക്തയായിരുന്നു.

ഈ മിഥ്യാവിശ്വാസങ്ങൾ അംഗീകരിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യാനും ഒരു കന്യാസ്‌ത്രീ സന്നദ്ധയാവും. സ്വന്തം ആരോഗ്യം തകരാറിലാവാനോ, ആരെ സേവിക്കുവാനാണോ പ്രതിജ്ഞയെടുത്തിരിക്കുന്നത് - അവരെ അവഗണിക്കുവാനോ, സ്വതന്ത്രമായ ചിന്തകളെ കെടുത്തിക്കളയാനോ അതോടെ അവർ സന്നദ്ധത പ്രകടിപ്പിക്കും. കഷ്ടപ്പെടുന്നവർക്കുനേരെ കണ്ണടക്കുവാനോ, മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ സഹ സന്യാസിനികളെ അറിയിക്കാതിരിക്കുവാനോ, ലളിത മനസോടെ കളവു പറയാനോ, പൊതുനിയമങ്ങളും ചട്ടങ്ങളും വകവയ്‌ക്കാതിരിക്കാനോ അതോടെ കരുത്ത് ലഭിക്കുകയായി.

പാവങ്ങളെ സഹായിക്കാനാവുമെന്നും അതുവഴി ദൈവത്തോട് ഏറെ അടുക്കാൻ സാധിക്കുമെന്നുമുള്ള വിശ്വാസത്തോടെ നിരവധി രാജ്യങ്ങളിലെ സ്‌ത്രീകൾ മദർ തെരേസയുടെ പ്രസ്ഥാനത്തിൽ ചേർന്നു. ഞാൻ രാജിവയ്‌ക്കുന്ന കാലത്തു വിവിധ രാജ്യങ്ങളിലെ 400 മഠങ്ങളിലായി 3,3000 സന്യാസിനിമാർ മിഷനറീസ് ഓഫ് ചാരിറ്റിയിൽ ഉണ്ടായിരുന്നു. മദർ തെരേസ അവർക്ക് മാർഗദീപമാകും എന്നു വിശ്വസിച്ച നിരവധി സന്യാസിനിമാർ തകർന്ന മനുഷ്യരായിത്തീർന്നു. തെളിവുകൾ വർദ്ധിച്ചു വന്നതോടെ, മദർ തെരേസയിൽ തങ്ങൾ അർപ്പിച്ച വിശ്വാസത്തെ അവർ വഞ്ചിക്കുകയായിരുന്നുവെന്ന്, അവർ കേട്ടതുപോലെയുള്ള ഉത്തരവുകൾ ദൈവത്തിനു നൽകാനാവുകയില്ലെന്ന്, അവരിൽ ചിലർ തുറന്നു പറഞ്ഞു. പിരിഞ്ഞു പോവുക അവർക്കു സാധ്യമായിരുന്നില്ല - അവരുടെ ആത്മവിശ്വാസം അന്പേ തകർന്നുപോയിരുന്നു. സഭയിൽ ചേർന്ന കാലത്തുണ്ടായിരുന്നതിനേക്കാൾ കൂടുതലായി അവർക്കു വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ല. ധൈര്യം സംഭരിച്ചു വെളിയിൽ ചാടാൻ ധൈര്യം കാണിച്ച ഭാഗ്യശാലികളിലൊരാളാണ് ഞാൻ.

വികലമായ വഴികളിലൂടെ പ്രകടമാക്കുന്ന പുണ്യത്തിന്റെ ഈ ലോകത്തെ സംബന്ധിച്ച കപട വിശ്വാസങ്ങൾ മറ്റുള്ളവർ അറിഞ്ഞിരിക്കണമെന്ന ബോധ്യത്തോടെയാണ് എനിക്കറിയാവുന്ന കാര്യങ്ങളിൽ ചിലത് തുറന്നെഴുതാൻ ഞാൻ തയ്യാറാവുന്നത്. സന്യാസിനീ സഭയിൽ ചേരാൻ ഏതാനും ആയിരങ്ങളേ തയാറായിട്ടുള്ളൂവെങ്കിലും, കഷ്ടപ്പാടുകൾ കുറയ്‌ക്കാനുള്ള ശ്രമങ്ങളെ മദർ തെരേസയുടെ വികലമായ വഴികൾ എങ്ങനെ തടസ്സപ്പെടുത്തുന്നു എന്ന് അറിയാത്തതുകൊണ്ട് ധാരാളമാളുകൾ ഉദാരമായി അവർക്ക് സംഭാവനകൾ നൽകി. സംഭാവനകളിൽ ഏറെയും ഉപയോഗിക്കപ്പെടാതെ ബാങ്ക് അക്കൗണ്ടുകളിൽ വിശ്രമിക്കുക മാത്രമാണെന്ന് അറിയാതെ, പാവങ്ങളെ സഹായിക്കാൻ സഹായ ഹസ്‌തം നൽകുകയാണെന്ന് പലരും വിശ്വസിച്ചു.

സന്യാസിനീ സഭയിലെ മിഷനറി എന്ന നിലയിൽ സംഭാവനകൾ രേഖപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുന്ന കത്തുകൾ തയ്യാറാക്കുകയും ചെയ്യുന്ന ജോലി എന്നെ എന്നെ ഏൽപ്പിച്ചിരുന്നു. അവിശ്വസനീയമായ തരത്തിലുള്ള തുകകളാണ് സംഭാവനകളായി എത്തിയിരുന്നത്. 50,000 ഡോളർ (32 ലക്ഷം രൂപ) വരുന്ന ചെക്കുകൾ കണക്കിൽ രേഖപ്പെടുത്തുകയും രസീത് തയ്യാറാക്കുകയും മിക്കപ്പോഴും പതിവായിത്തന്നെ ചെയ്‌തിരുന്നു. ചിലപ്പോൾ, സംഭാവന അയച്ച ചിലർ പണം കിട്ടിയോ എന്ന് തിരക്കിയിരുന്നു. അവർ വലിയ തുകകളാണ് അയച്ചതെന്നതുകൊണ്ട് ഞങ്ങൾ അത് ഓർത്തിരിക്കുമെന്ന് അവരിൽ ചിലരെങ്കിലും കരുതി. അതിനേക്കാൾ വന്പൻ തുകകൾ സ്ഥിരമായി ലഭിക്കുന്നതുകൊണ്ട് ഓരോ സംഭാവനയും ഓർത്തിരിക്കുക എന്നത് ശ്രമസാധ്യമല്ലെന്ന് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?

മദർ പൊതുവേദികളിൽ സംസാരിച്ചപ്പോഴൊന്നും പണം ആവശ്യപ്പെട്ടിരുന്നില്ല. പാവങ്ങൾക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുവാനും സ്വയം വേദനിക്കുവോളം കൊടുക്കുവാനും അവർ പ്രോത്സാഹിപ്പിച്ചു. പലരും അത് ചെയ്‌തു. അവർ മദർ തെരേസയ്‌ക്ക്‌ കയ്യയച്ചു നൽകി. പാവങ്ങളായ പലരും ഞങ്ങൾക്ക് ഹൃദയസ്‌പർശിയായ കത്തുകൾ എഴുതുകയും, ത്യാഗങ്ങൾ അനുഭവിച്ചു ചെറിയ തുകകൾ ആഫ്രിക്കയിലെ പട്ടിണി അനുഭവിക്കുന്നവർക്ക് വേണ്ടിയോ ബംഗ്ലാദേശിലെ വെള്ളപ്പൊക്കദുരിതം നേരിടുന്നവർക്ക് വേണ്ടിയോ ഇന്ത്യയിലെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടിയോ അയച്ചു തരികയും ചെയ്‌തു. ഈ പണത്തിൽ ഏറിയ പങ്കും ലക്ഷ്യസ്ഥാനത്തേക്കു നീങ്ങാതെ ബാങ്ക് അക്കൗണ്ടുകൾക്ക് കനം വർദ്ധിപ്പിക്കുക മാത്രം ചെയ്യുകയായിരുന്നു.

സംഭാവനകളുടെ വെള്ളപ്പൊക്കം മദർ തെരേസയുടെ സഭയെ ദൈവം അംഗീകരിക്കുന്നതിന്റെ തെളിവായിട്ടാണ് കരുതപ്പെട്ടിരുന്നത്. മറ്റു സന്യാസി സഭകൾക്ക് ലഭിക്കാതിരുന്ന വൻതുകകൾ ഞങ്ങൾക്ക് ലഭിക്കുന്നത്, ദൈവം മദറിൽ പ്രീതിയുള്ളവനായതുകൊണ്ടും, യഥാർഥ മതജീവിതത്തിന്റെ മൂല്യം ഉൾക്കൊള്ളുന്ന സന്യാസിനികളുടെ സഭയാണ് ഞങ്ങളുടേത് എന്നതുകൊണ്ടുമാണ് എന്ന് ഞങ്ങളുടെ സുപ്പീരിയർമാർ പലപ്പോഴും ഓർമ്മിപ്പിച്ചിരുന്നു.

എന്തുമാത്രം ധനമാണ് സഭയിൽ കുമിഞ്ഞു കൂടുന്നത് എന്ന് മിക്ക സന്യാസിനികൾക്കും അറിയാമായിരുന്നില്ല. സർവോപരി, ഒന്നും ശേഖരിച്ചുവയ്‌ക്കരുത് എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഒരു വേനൽക്കാലത്തു റോം നഗരത്തിന്റെ പ്രാന്ത പ്രദേശത്തു കഴിഞ്ഞിരുന്ന സന്യാസിനികൾക്കു വിതരണം ചെയ്യാവുന്നതിലേറെ തക്കാളി ക്രേറ്റുകളിൽ ലഭിച്ചു. അക്കൊല്ലത്തെ വിളവെടുപ്പ് വൻ വിജയമായിരുന്നതുകൊണ്ട് സമീപസ്ഥലങ്ങളിലെങ്ങും ആർക്കും അത് വേണ്ടിയിരുന്നില്ല. അവ കേടുപിടിച്ചു ചീഞ്ഞുപോവാതെ സോസ് ഉണ്ടാക്കി ക്യാനുകളിൽ അടച്ചു സൂക്ഷിക്കാൻ സന്യാസിനികൾ തയാറായി. അവർ ചെയ്‌തതറിഞ്ഞപ്പോൾ മദർ അസംതൃപ്‌തയായി. ദൈവം അനർഗളമായി തരും എന്നതിലുള്ള അവിശ്വാസം കൊണ്ടാണ് തക്കാളി സൂക്ഷിക്കാൻ അവർ ശ്രമിച്ചത് എന്നായിരുന്നു മദറിന്റെ പക്ഷം.

സംഭാവനകൾ അണമുറിയാതെ എത്തിയിട്ടും അവ ബാങ്കിൽ വളർന്നു വലുതായിട്ടും ഞങ്ങളുടെ ജീവിതരീതിയിലോ ദാരിദ്ര്യത്തിന്റെ അവസ്ഥയ്‌ക്കോ ഞങ്ങൾ സഹായിക്കുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ള പാവങ്ങളുടെ ജീവിതത്തിലോ യാതൊരു മാറ്റവും അവ ഉണ്ടാക്കിയില്ല. യാതൊരു ആഡംബരവുമില്ലാത്ത ലളിത ജീവിതമാണ് ഞങ്ങൾ നയിച്ചിരുന്നത്. ഞങ്ങൾക്ക് മൂന്നു സെറ്റ് വേഷങ്ങൾ വീതം ഉണ്ടായിരുന്നു. അവ പിഞ്ഞിപ്പോവുകയോ തയ്ച്ചു ഉപയോഗിക്കാനാവാതെ പോവുകയോ ചെയ്യുന്നതുവരെ അവ തന്നെ ഞങ്ങൾ ഉപയോഗിച്ചു. ഞങ്ങളുടെ വസ്‌ത്രങ്ങൾ ഞങ്ങൾ തന്നെ കൈകൊണ്ടു കഴുകി. ഞങ്ങൾ നടത്തിയിരുന്ന രാത്രി സത്രത്തിൽനിന്നുവന്ന ഒരിക്കലും അവസാനിക്കാത്ത മുഷിഞ്ഞ വസ്‌ത്രങ്ങളുടെ കൂനകളും ഞങ്ങൾ കൈകൊണ്ടുതന്നെ കഴുകി വൃത്തിയാക്കി. ഒരു ബക്കറ്റ് വെള്ളം കൊണ്ട് ഞങ്ങൾ സ്വന്തം ശരീരം വൃത്തിയാക്കേണ്ടതുണ്ടായിരുന്നു. മെഡിക്കൽ ചെക്കപ്പോ ദന്ത പരിചരണമോ ഞങ്ങൾക്ക് അനാവശ്യമാണെന്നായിരുന്നു തീരുമാനം.

ഞങ്ങൾ ദാരിദ്ര്യം നിലനിർത്തണമെന്ന കാര്യത്തിൽ മദറിന് വലിയ നിർബന്ധമായിരുന്നു. പണം ചെലവഴിച്ചാൽ ആ ദാരിദ്ര്യം നഷ്ടമാകും. ജോലി ചെയ്യാൻ ഏറ്റവും പ്രാകൃതമായ രീതികൾ തന്നെ സ്വീകരിക്കണമെന്ന കാര്യത്തിൽ അവർക്കു പിടിവാശിതന്നെ ഉണ്ടായിരുന്നു. ഞങ്ങൾ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന അഗതികളുടെ ഗുണത്തിനു വേണ്ടിയായിരുന്നോ ഇത്? അതോ ഞങ്ങളുടെ പുണ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ ഞങ്ങൾ അവരെ ഉപയോഗിക്കുകയായിരുന്നോ? ഹെയ്‌ത്തി ദ്വീപിൽ ദാരിദ്ര്യത്തിന്റെ അന്തരീക്ഷം നിലനിർത്തുവാൻ ഇഞ്ചെക്‌ഷൻ സൂചികൾ മൂർച്ച നഷ്ടപ്പെട്ടു മുന പരക്കുന്നതുവരെ വീണ്ടും വീണ്ടും ഉപയോഗിച്ചിരുന്നു. മുനയില്ലാത്ത സൂചി കൊണ്ടുള്ള കുത്തിവയ്പ് അഗതികൾക്ക് നൽകുന്ന വേദന കണ്ടു മനസ് മടുത്ത ചില വോളന്റിയർമാർ പുതിയ സൂചികൾ ആവശ്യപ്പെട്ടു. അവരുടെ ആവശ്യം തിരസ്‌ക്കരിക്കപ്പെടുകയായിരുന്നു.

ഞങ്ങൾക്ക് വരുമാനമൊന്നുമില്ലാത്തതുപോലെ ചുറ്റുപാടുമുള്ള കച്ചവടക്കാരിൽനിന്ന് ആഹാരവും മറ്റു ഭക്ഷണ സാധനങ്ങളും ഞങ്ങൾ ഭിക്ഷയായി ചോദിച്ചു. ഒന്നിലേറെ അവസരങ്ങളിൽ ബ്രെഡ് തീർന്നതുകൊണ്ട് (അതും സംഭാവന തന്നെ) തൊട്ടടുത്തുള്ള കടകളിൽ ചെന്ന് ബ്രെഡിനായി ഞങ്ങൾ അഭ്യർത്ഥിച്ചു. കടക്കാരൻ ബ്രെഡ് നൽകാൻ വിസമ്മതിച്ചപ്പോൾ അന്ന് ബ്രെഡ് കഴിക്കാതെ കഴിയാനായിരുന്നു നിർദ്ദേശം.

ഉദാരമനസ്‌ക്കരാവാനുള്ള അവസരം കച്ചവടക്കാർക്ക് മാത്രമല്ല നൽകപ്പെട്ടത്. സന്യാസിനികളെയും വിമാന ചരക്കുകളെയും സൗജന്യമായി കൊണ്ടുപോവണമെന്നു വിമാന കന്പനികളോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു. സന്യാസിനികൾക്കു ചികിത്സ വേണ്ടിവന്നപ്പോൾ സൗജന്യ ചികിത്സ വേണമെന്ന് ആശുപത്രികളോട് അഭ്യർത്ഥിക്കുകയായിരുന്നു പതിവ്. ജോലിക്കാർ തുച്ഛമായ തുകയ്‌ക്കോ പ്രതിഫലം പറ്റാതെയോ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ടു. ഞങ്ങളുടെ സൂപ്പ് അടുക്കയായിലോ ദിന ക്യാന്പുകളിലോ രാത്രിസത്രങ്ങളിലോ നീണ്ട മണിക്കൂറുകൾ പ്രതിഫലമില്ലാതെ പ്രവർത്തിക്കുവാൻ വോളന്റിയർമാർ നിർബന്ധിക്കപ്പെട്ടു.

കഠിനാധ്വാനിയായ ഒരു കർഷകൻ ഉണർന്നിരിക്കുന്ന സമയത്തിലേറെയും ആഹാരം ശേഖരിച്ചു ഞങ്ങൾക്കെത്തിച്ചു തരുവാൻ ത്യാഗബുദ്ധിയോടെ പ്രവർത്തിച്ചു. ഞങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് ഒരിക്കൽ അയാൾ ചോദിച്ചു: "ഞാൻ കൊണ്ടുവന്നു തന്നില്ലെങ്കിൽ എങ്ങനെ നിങ്ങൾ ആഹാരം കഴിക്കും?"

ഞങ്ങളുടെ ഭരണഘടന അനുശാസിക്കുന്നത്, ഞങ്ങൾക്ക് ആവശ്യമുള്ളതിലേറെ ഭിക്ഷയായി വാങ്ങരുതെന്നാണ്. എന്നാൽ ബാങ്കുകളിൽ പാവങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ കുമിഞ്ഞുകൂടിയ പണം ഭിക്ഷയായി സമാഹരിക്കുന്ന കാര്യത്തിൽ ഈ തത്വം ഒരിക്കലും പാലിക്കപ്പെട്ടില്ല.

നിരവധി വർഷങ്ങളിൽ സംഭാവന നൽകിയ ഉദാര മനസ്‌ക്കർക്ക് ഞാൻ എഴുതി, അവർ നൽകിയ മുഴുവൻ സംഭാവനയും പാവങ്ങളിൽ പാവങ്ങളായവർക്ക് ദൈവത്തിന്റെ കാരുണ്യമായി നൽകുന്നതിനായി ഉപയോഗിക്കപ്പെടുമെന്ന്. പരാതിയും പ്രതിഷേധവും ഉന്നയിച്ച എന്റെ മനഃസാക്ഷിയെ ഒതുക്കി നിർത്തുവാൻ മദറിനെ പരിശുദ്ധാത്മാവാണ് നയിക്കുന്നത് എന്ന് പഠിപ്പിച്ചിരുന്നതുകൊണ്ട്, അക്കാലത്തു എനിക്ക് കഴിഞ്ഞു. മദറിനെ സംശയിക്കുന്നത് ഞങ്ങൾക്ക് വിശ്വാസമില്ലാത്തതിന്റെ സൂചനയാണെന്ന് ഞങ്ങൾ ഭയന്നു. അത് പാപമാണെന്നുപോലും തോന്നിച്ചിരുന്ന തരത്തിലായിരുന്നു ഞങ്ങളെ രൂപപ്പെടുത്തിയിരുന്നത്. എന്റെ പ്രതിഷേധങ്ങൾ അമർത്തിവെച്ചു, ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു, 'തക്കാളികൊണ്ട് സോസുണ്ടാക്കി സൂക്ഷിക്കുന്നതുപോലും "ദൈവം അനർഗളമായി തരും" എന്നതിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്' എന്ന് ശഠിച്ച മദർ ഇത്രയധികം സ്വത്ത് പാവങ്ങൾക്ക് നൽകാതെ ബാങ്ക് അക്കൗണ്ടിൽ ഉപയോഗമില്ലാതെ സൂക്ഷിച്ചത് എന്തുകൊണ്ടാണ് എന്ന് എനിക്ക് ഒരിക്കൽ മനസിലാകുമെന്ന്.

(പരിഭാഷ: സനൽ ഇടമറുക്)

Read Sanal Edamaruku's articles on Mother Teresa on his English blog www.SanalEdamaruku.com

"Catholic Church manufactured an 'ovarian miracle' for Mother Teresa" - Sanal Edamaruku

"India has no reason to be thankful to Mother Teresa" - Sanal Edamaruku

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക