top of page

വേദങ്ങളിലെ യാഗങ്ങൾ എന്താണ്?

(വേദങ്ങൾ ഒരു വിമർശന പഠനം എന്ന പുസ്‌തകത്തിലെ ഒരു അദ്ധ്യായം)

"വേദങ്ങൾ ഒരു വിമർശന പഠനം" eBook ഇൻഡ്യയിൽ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. "വേദങ്ങൾ ഒരു വിമർശന പഠനം" eBook വിദേശത്തു വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സംഹിതകളും ബ്രാഹ്മണങ്ങളും ചേർന്ന വേദങ്ങളിൽ, യജുർവേദമാണ് യാഗങ്ങളെപ്പറ്റിയും, യാഗാദികളുടെ പ്രയോഗ രീതികളെക്കുറിച്ചും വിശദീകരിക്കുന്നത്. ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ബലി സന്പ്രദായത്തിന്റെ മറ്റൊരു രൂപം തന്നെയാണ് യാഗങ്ങൾ. "കേവലം യാന്ത്രികമായ പുരോഹിതവാദത്തിന്റെ സ്വഭാവമുള്ളതാണ് യജുർവേദ പ്രതിപാദിതമായ മതം" എന്നും, 'യജുർവേദ മന്ത്രങ്ങൾ ജീവിതത്തിൽ പ്രയോജനമുള്ള ഏതെങ്കിലും വസ്തുവിനുവേണ്ടി നടത്തുന്ന നിസ്സാര പ്രാർത്ഥനകളുടെ വിരസമായ പുനരവർത്തനങ്ങൾ മിത്രമാണ് ' എന്നും പറഞ്ഞു ഹൈന്ദവ ദാർശനിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഡോ. രാധാകൃഷ്ണൻ, അദ്ദേഹത്തിന്റെ 'ഭാരതീയ ദർശനത്തി'ൽ തടിതപ്പുകയാണ്.(1)

യജുർവേദത്തിൽ വിശദമാക്കുന്നതും, തുറന്നു കാണിക്കുവാൻ ഹൈന്ദവ പണ്ഡിതന്മാർ അറച്ചു നിൽക്കുന്നതുമായ കാര്യങ്ങൾ എന്താണ്?

യജുർവേദ ക്രമമനുസരിച്ചു ബ്രാഹ്മണ പുരോഹിതന്മാർ ആയിരക്കണക്കിന് വർഷങ്ങളിൽ അക്ഷരാർഥത്തിൽ നടത്തി വന്നിട്ടുള്ള യാഗങ്ങൾ എവ്വിധമാണ്? ഇതറിയുവാനുള്ള ബാധ്യത നമുക്കോരോരുത്തർക്കും ഉണ്ട്. ദൈവപ്രോക്തമാണെന്നും ഋഷി പ്രോക്തമാണെന്നും ആധുനിക സംസ്‌ക്കാരത്തിന് മാതൃകയായി ഭവിക്കേണ്ടതാണെന്നും പറയപ്പെടുന്ന വേദങ്ങളിലെ യാഗങ്ങൾ, മനുഷ്യ മനസ്സാക്ഷിയെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നവയാണ്. അഗ്നിയിൽ നെയ്യ് അർപ്പിച്ചുകൊണ്ട് നടത്തുന്ന യാഗങ്ങൾ മുതൽ മനുഷ്യനെ അഗ്നികുണ്ഡത്തിലെറിഞ്ഞുകൊണ്ടു നടത്തുന്ന യാഗങ്ങൾ വരെ, നിരവധി തരത്തിലുള്ള യാഗങ്ങൾ നിലവിലിരുന്നതായി കാണാവുന്നതാണ്. ഈ യാഗങ്ങളോരോന്നും അക്കാലത്തു നിലവിലിരുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും പൗരോഹിത്യത്തിന്റെ ഗർവിഷ്ഠതയെയും തുറന്നു കാണിക്കുന്നവയാണ്. എല്ലാ യാഗങ്ങളുടെയും നേതൃത്വവും ഉടമാവകാശവും ബ്രാഹ്മണരുടേതാണെന്നു വ്യക്തമായി ശതപഥ ബ്രാഹ്മണത്തിൽ പറയുന്നു.(2) പുരോഹിതൻ പരമാധികാരിയാകുന്ന കാലമാണിത്. യാഗം നടത്തുന്ന സമയത്തു ചൊല്ലാനുള്ള മന്ത്രങ്ങളെ വിശദീകരിക്കുന്ന സാമവേദം രചിക്കപ്പെട്ടു. അശ്വമേധം, ഗോമേധം, നരമേധം, സർവമേധം തുടങ്ങിയ യാഗങ്ങൾ അങ്ങിനെ നിലവിൽ വന്നു.

അശ്വമേധ യാഗം

രാജാവിന്റെ അധികാരസീമക്ക് വിസ്‌തൃതി ഉണ്ടാവുന്നതോടെ അതിനു രാഷ്ട്രീയവും മതപരവുമായ അംഗീകാരം നേടിയെടുക്കുന്നതിനുവേണ്ടി നടത്തപ്പെട്ടിരുന്ന യാഗമാണിത്. യജുർവേദത്തിന്റെ ശതപഥ ബ്രാഹ്മണത്തിലും, വാജസനേയ സംഹിതയെന്ന് അറിയപ്പെടുന്ന ശുക്ലയജുർവേദത്തിന്റെ സംഹിത ഭാഗത്തിലും അശ്വമേധയാഗം വർണിക്കുന്നുണ്ട്.

ആദ്യഘട്ടത്തിൽ കരുത്തനായൊരു കുതിരയെ തുറന്നു വിടുകയാണ്. സൈനികരും നൂറോളം കുതിരകളും ഈ കുതിരയെ പിന്തുടരും. കുതിര സ്വതന്ത്രമായി സഞ്ചരിക്കും. ഇത് മറ്റു രാജാക്കന്മാർക്ക് ഒരു വെല്ലുവിളിയാണ്. ആരെങ്കിലും കുതിരയെ ബന്ധിച്ചാൽ രാജാവിന്റെ അധികാരശക്തിക്കെതിരായ വെല്ലുവിളിയായി അത് കരുത്തപ്പെടുകയും ബലപരീക്ഷണമോ യുദ്ധമോ ആവശ്യമായി വരികയും ചെയ്യും. രാജാവും രാജ്ഞിയും ഏതാണ്ട് ഒരു കൊല്ലത്തോളം ദിവസേനയുള്ള യാഗകർമ്മങ്ങൾ അനുഷ്ഠിക്കും. ഒടുവിൽ കെട്ടഴിച്ചുവിട്ട കുതിരയെ മടക്കിക്കൊണ്ടുവരും.(3) അതിനുവേണ്ടിയാണ് യഥാർഥ അശ്വമേധയാഗം നടക്കുന്നത്.

യാഗത്തിനുള്ള കുതിര അഴകുള്ളതും ഒരു വയസു മാത്രം പ്രായമുള്ളതും ആയിരം പശുക്കളുടെ വിലയുള്ളതും വിശിഷ്ട ഗുണങ്ങളുള്ളതുമായിരിക്കണമെന്നു യജുര്വേദീയ ശതപഥ ബ്രാഹ്മണത്തിൽ നിർദേശിച്ചിട്ടുണ്ട്.(4) തുടർന്നുള്ള ഭാഗങ്ങൾ ശതപഥ ബ്രാഹ്മണത്തിൽ വർണിക്കുന്നുണ്ട്.

അധ്വര്യു, ബ്രഹ്മാവ്, ഉദ്ഗാതാവ്, ഹോതാവ് തുടങ്ങിയ പുരോഹിതന്മാരോടും, സപത്നിമാരായ വാവതാവ്, പാരിവ്യക്താവ് മുതലായവരോടും, യജമാനനായ സ്വഭർത്താവിനാലും നാനൂറോളം വിവിധ പെൺകുട്ടികളോടും അനുഗതയായി, എല്ലാവിധ ആഡംബരങ്ങളും അണിഞ്ഞു, രതിചിന്തയോടെ, യാഗശാലയിലേക്കു കിഴക്കേ വാതിലിലൂടെ യജമാനപത്നി പ്രവേശിക്കുകയാണ്.

യജമാന പത്നിയെ യജമാനൻ തന്നെ കൊന്നു കിടത്തിയ കുതിരയുടെ മുകളിലേക്ക് തള്ളിയിട്ടു പിടിച്ചുകിടത്തിയ ശേഷം 'സ്വർഗീയ സുഖത്തെ അനുഭവിച്ചു കൊള്ളുക' എന്ന് പറയുന്നു. തുടർന്ന്, സ്‌തുതിഗീതങ്ങൾക്കിടയിൽ യജമാന പത്നിയും ചത്ത കുതിരയും തമ്മിലുള്ള സംഭോഗമാണ് നടക്കുന്നത്.(5) ഈയവസരത്തിൽ 'ഹേ, അശ്വം എന്നിലേക്ക്‌ വരിക. നിന്റെ ശുക്ലം ഞാൻ സ്രവിപ്പിക്കാം. നിന്റെ ശുക്ലംകൊണ്ട് എനിക്ക് ഗർഭവതിയാകണം' എന്ന് അർത്ഥം വരുന്ന ശ്ലോകം യജമാന പത്നി ചൊല്ലാറുണ്ടെന്നു, ശുക്ല യജുർവേദത്തിന്റെ മഹീധര ഭാഷ്യത്തിൽ പറയുന്നു.(6) കുതിരയും രാജപത്നിയും ഈ വിധത്തിൽ ശയിച്ചുകൊണ്ടിരിക്കുന്പോൾ, യജമാനനായ രാജാവ് ലൈംഗികാസക്തിയോടെ ചില ഋക്കുകൾ ചൊല്ലേണ്ടതുണ്ട്.

പുരോഹിതനായ അധ്വര്യു, ഈ അവസരത്തിൽ രാജപത്നിയോട് ലൈംഗികാസക്തിയോടെ, 'കുമാരി! ഹയെ! ഹയെ! ഹയെ! കുമാരി! യകാ സകൗശകുന്തകാ' എന്ന് പറയും. അതിനുള്ള മറുപടി എന്ന നിലയിൽ കുമാരി പറയേണ്ടത് 'ഹേ! അധ്വര്യോ! ഹയെ! ഹയെ! അധ്വര്യോ! യകോസകൗശകുന്തക' എന്നാണ്. (7)

തുടർന്നുള്ള ഭാഗങ്ങൾ, സായന ഭാഷ്യത്തെ ചുവടു പിടിച്ചുകൊണ്ട് 'ഇന്ത്യയിലെ വർണസമരം' എന്ന ഗ്രന്ഥത്തിൽ സംസ്‌കൃതത്തിൽ നിന്ന് വിവർത്തനം ചെയ്തു ചേർത്തിട്ടുള്ളത് ചുവടെ കൊടുക്കുന്നു:

അനന്തരം മറ്റൊരു പുരോഹിതനായ ബ്രഹ്മാവ്* (ത്രിമൂർത്തികളിൽ പെട്ട ബ്രഹ്മാവല്ല, നാലു ഋത്വിഭാഗങ്ങളിൽ പെട്ട ആളാണ് ഇവിടെ പരാമർശിക്കപ്പെടുന്ന ബ്രഹ്മാവ്.) രാജകുമാരിയെ നോക്കി. 'ഹയെ! ഹയെ! മഹിഷി! നിന്റെ അച്ഛനമ്മമാർ മുളച്ചു വരുന്ന വൃക്ഷത്തിന്റെ അഗ്രങ്ങളാണ് ' എന്ന് വിളിച്ചു പറയുന്നു. രാജകുമാരിക്ക് നൂറു രാജപുത്രികൾ പരിചാരികകളായിട്ടുണ്ട്. അവർ ബ്രഹ്മാവിനെ നോക്കി, 'ഹയെ! ബ്രഹ്മാവെ! അങ്ങയുടെ അച്ഛനമ്മമാർ ക്രീഡിക്കുന്ന വൃക്ഷത്തിന്റെ മുകളിലാണ്' എന്ന് മറുപടി പറയുന്നു.(8)

'അനന്തരം മറ്റൊരു പുരോഹിതനായ ഉദ്ഗാതാവ് മഹിഷിയുടെ സപത്നിയായ വാവതാവിനെ നോക്കി 'ഹയെ! ഹയെ! വാവതാവേ! ഈ യജമാന പത്നിയുടെ.....' എന്ന് മറുപടി പറയുന്നു. അവൾക്കു നൂറു ക്ഷത്രിയ സ്ത്രീകൾ പരിചാരികകളായിട്ടുണ്ട്.

അവർ ഉദ്ഗാതാവിനെ നോക്കി, 'ഉദ്ഗാതാവേ! ഹയെ! ഹയെ! ഉദ്ഗാതാവേ! താങ്കൾ കുതിരയുടെ.........." * (ഈ മന്ത്രങ്ങളുടെ എല്ലാം അർഥങ്ങൾ അശ്ലീലമായതുകൊണ്ടു അങ്ങുമിങ്ങും ചില പരിഭാഷകളെ ചേർത്തിട്ടുള്ളൂ.) (9)

'വേറെയൊരു പുരോഹിതനായ ഹോതാവ് മഹിഷിയുടെ മറ്റൊരു സപത്നിയായ പരിവ്യക്താവിനോട് ഇപ്രകാരം തന്നെ അശ്ലീലോക്തികൾ പറയുകയും അതിന്നു അവളുടെ പരിചാരികകളായ നൂറു സൂത ഗ്രാമണികൾ മറുപടി പറയുകയും ചെയ്യുന്നതാണ് ഈ ബ്രാഹ്മണം.'(10)

'ക്ഷത്താവ് പാലകളിയോടെ ഇതുപോലെതന്നെ പറയുകയും അതിനു അവളുടെ പരിചാരികകളായ നൂറു സൂത ഗ്രാമണികൾ മറുപടി പറയുകയും ചെയ്യുന്നതാണ് ഈ ബ്രാഹ്മണം.'(11)

'അവസാനമായി ഈ പറഞ്ഞ വാക്കുകളെല്ലാം സർവ ഫലപ്രാപ്തികളും ഉള്ളവയാണ്. അശ്വമേധത്തിൽ സകല ഫലങ്ങളും സിദ്ധിക്കുന്നു. എല്ലാ വാക്കുകൾകൊണ്ടും സകല അഭീഷ്ടങ്ങളും നമുക്ക് പ്രാപിക്കാം - എന്നിങ്ങനെ പറഞ്ഞുകൊണ്ട്, ആ സ്ത്രീകളെല്ലാം കൂടിച്ചേർന്നു രാജകുമാരിയെ കുതിരയുടെ മേൽനിന്ന് എഴുന്നേൽപ്പിച്ചു വിടുന്നു. അവരിൽ ചില സ്ത്രീകൾ 'ദധിക്രാവ്ണോ, അകാരിഷം' എന്ന ഋക്കിനെ, സുഖം അനുഭവിച്ചു കഴിഞ്ഞ രാജകുമാരിയെ നോക്കി ഉച്ചരിക്കുന്നു.' (12)

ഇതാണ് മഹത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അശ്വമേധയാഗത്തിലെ പ്രധാന കർമ്മം. തുടർന്ന് യാഗാശ്വത്തെ അഗ്നിയിൽ ചുട്ടെടുക്കുന്നതോടെ അശ്വമേധയാഗം പൂർണമാവും.

അശ്വമേധ യാഗത്തിന് ബലിമൃഗത്തെ കെട്ടിയിടുന്ന യൂപങ്ങൾ പുരാവസ്‌തു ഗവേഷകർ പലപ്പോഴും ഉത്ഖനനം ചെയ്തു കണ്ടെത്തിയിട്ടുണ്ട്. അശ്വമേധം ശരിയായ രീതിയിൽ നടത്തിയതിന്റെ പ്രാചീനമായ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്, ഇന്ത്യാ ഗവണ്മെന്റിന്റെ പുരാതത്വ വകുപ്പിൽ 1958-വരെ ജോയിന്റ് ഡയറക്ടറായിരുന്ന ടി.എൻ. രാമചന്ദ്രനാണ്. ഡെഹ്‌റാഡൂണിൽ നിന്ന് മുപ്പതു മൈലുകൾ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന ജഗത്ഗ്രാം എന്ന യമുനാതീര ഗ്രാമത്തിലെ ഖനനങ്ങളിൽ നിന്ന്, അശ്വമേധത്തിനുവേണ്ടി ഉണ്ടാക്കിയ മൂന്നു വേദികളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. ഈ ഉത്ഖനന പഠനത്തെപ്പറ്റി പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ഡോ. എ. അയ്യപ്പൻ എഴുതുന്നു:

"ജഗത് ഗ്രാമത്തിൽ കണ്ടെത്തിയ വേദികളുടെ 'ആകൃതിയും ഇഷ്ടികയുടെ വലിപ്പവും മറ്റും ശൂൽബ ശാസ്ത്രങ്ങളിൽ പറഞ്ഞിട്ടുള്ളത് പോലെ തന്നെയായിരുന്നു. വേദിയുടെ ആകൃതി ശ്യേന(കഴുക) രൂപത്തിലായിരുന്നു. അശ്വമേധം നടത്തിയ ചക്രവർത്തിയുടെ പേർ ശീലവർമ്മൻ എന്നായിരുന്നു. (ക്രി.പി.300) രണ്ടാമത്തെ അശ്വമേധങ്ങൾ കൊത്തിവെച്ചിരുന്നു. അവയിൽ യുഗശൈലേശ്വരനെന്നും യുഗേശനെന്നും വർഷ ഗണ്യനെന്നും രാജാവിനെ വർണിച്ചിരുന്നു. പാണിനി വിവരിച്ചിട്ടുള്ള ഗോത്രങ്ങളിൽ അറുപത്തൊന്പതാമത്തെതാണ് വൃഷഗണഗോത്രം. ബഹദ് സംഹിതയിൽ വിഷ്ണു തുടങ്ങി പന്ത്രണ്ടു യുഗേശ്വരന്മാരുടെ വിവരണമുണ്ട്. വൃഷഗണ ഗോത്രജനായ ചക്രവർത്തി, അശ്വമേധം നടത്തിയതുകൊണ്ട് പരിശുദ്ധനായി, വിഷ്ണു മുതലായ യുഗേശരോട് തുല്യനായ്‌തീർന്നുവെന്നാണ് ആ ശ്ലോകങ്ങളിൽ പറയുന്നത്."(13)

ഡോ. അയ്യപ്പൻ തുടരുന്നു: "ഇഷ്ടികകളിന്മേൽ കൊത്തിയിട്ടുള്ള ശ്ലോകങ്ങളിൽ ചിലവയുടെ അർഥം ഇങ്ങനെയാണ്:

"യുഗശൈലാധിപനും യുഗേശ്വരനുമായ ശീലവർമ്മന്റെ അശ്വമേധത്തിന്റെ ഇഷ്ടികയാണിത്."

"വൃഷഗണ ഗോത്രജനും പോണസന്തതികളിൽ ആറാമത്തെ തലമുറയിൽ പെട്ടവനുമായ ശീലവർമ്മ രാജാവ് നടത്തിയ നാലാമത്തെ അശ്വമേധത്തിന്റെ വേദിയാണിത്. ('പോണ' എന്നത് വംശ സ്ഥാപകന്റെ പേരോ, ആ വംശത്തിലെ രാജാക്കളിൽ പലർക്കും ഉണ്ടായിരുന്ന ഒരു പേരോ എന്ന് തീർച്ചയില്ല)"

"ഹിമാലയ സാനുക്കളിലെ ശക്തനായ ഒരു ഗിരിജന ചക്രവർത്തിയായിരിക്കാം ശീലവർമ്മനെന്നും, അനാര്യരായ ആന്ധ്ര രാജാക്കളും മറ്റും ജാതിയിൽ ഉയർച്ച കിട്ടുന്നതിനുവേണ്ടി യജ്ഞങ്ങൾ നടത്തിയതുപോലെ, ശീലവർമ്മനും തന്റെ സാമുദായികൊന്നമനത്തിനുവേണ്ടി അശ്വമേധം പല തവണ ചെയ്യിച്ചതാവാമെന്നും ശ്രീ. രാമചന്ദ്രൻ അനുമാനിക്കുന്നു." (14)

അശ്വമേധ യാഗത്തിലെ കർമ്മങ്ങളെക്കുറിച്ചു നേരത്തെ എഴുതിയിരുന്നുവല്ലോ. 'ഖൽസി - അശ്വമേധം നടന്ന പ്രാചീന നഗരം' എന്ന ലേഖനത്തിൽ, ഡോ. അയ്യപ്പനും അശ്വമേധ കർമ്മങ്ങളുടെ ഏകദേശ രൂപം നൽകുന്നുണ്ട്. അദ്ദേഹം എഴുതുന്നു:

"ബലി കഴിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കുതിരയോടുകൂടി വേറെ മൂന്നു കുതിരകളേയും പൂട്ടിയ ഒരു തേരിൽ പ്രധാന പുരോഹിതനായ അധ്വര്യുവും മറ്റൊരു കാർമ്മിയും ഇരുന്നു ഒരു തടാകത്തിനടുത്തു പോയി കുതിരയെ കുളിപ്പിക്കുന്നു. അവിടെനിന്നു യജ്ഞശാലയിലേക്കു മടങ്ങിയെത്തിയ കുതിരയെ രാജമഹിഷിമാർ സ്വീകരിച്ചു അതിന്റെ ദേഹത്തിൽ മൂന്നു ഭാഗങ്ങളിൽ നെയ് പുരട്ടുന്നു. പിന്നെ മന്ത്ര സഹിതം അതിന്റെ തലയിലും കഴുത്തിലും വാളിലും സ്വർണ മണികൾ കെട്ടുന്നു. തലേ ദിവസത്തെ നൈവേദ്യം അതിന്നു തിന്മാൻ കൊടുക്കുന്നു. നൈവേദ്യം അത് തിന്നാത്ത പക്ഷം വെള്ളത്തിൽ എറിയുന്നു. യൂപതിനടുത്തു അതിന്നുശേഷം പുരോഹിതന്മാർ തമ്മിൽ തത്വപരമായ സംഭാഷണം നടത്തുന്നു. പിന്നീട് അവർ കുതിരയെ കീർത്തിക്കുന്നു. പുല്ലിന്മേൽ തുണി വിരിച്ചു, അതിന്മേൽ പൊന്നുവെച്ചു കുതിരയെ കൊള്ളുന്നു. കൊന്ന കുതിരയുടെ ചുറ്റും ഒൻപതു പ്രാവശ്യം രാജ്ഞിമാർ പ്രദക്ഷിണമായും അപ്രദക്ഷിണമായും പോകുന്നു. പിന്നീട്, രാജാവിന്റെ പട്ടമഹിഷി കുതിരയുടെ അടുത്ത് കിടക്കുന്നു; പുരോഹിതൻ കുതിരയെയും രാജ്ഞിയേയും ഒരു തുണികൊണ്ടു മൂടുന്നു; കുതിരയുടെ ലിംഗം കൊണ്ട് രാജ്ഞി യോനി സ്പർശം ചെയ്യുന്നു. അശ്ലീല വചനങ്ങളുപയോഗിച്ചു പുരോഹിതരിലൊരുത്തൻ രാജ്ഞിയെ ചീത്ത പറയുന്നു. രാജ്ഞിയുടെ അനുചാരികൾ അതിന്നു അതെ രൂപത്തിൽ മറുപടിയും പറയുന്നു. രാജ്ഞിയെ തോഴികൾ കുതിരയുടെ അടുത്തുനിന്നു എഴുന്നേല്പിക്കുന്നു. ഓരോ അവസരത്തിന്നും യോജിച്ച മന്ത്രങ്ങൾ പുരോഹിതന്മാർ ഉരുവിട്ടുകൊണ്ടിരിക്കും. സ്വർണം, വെള്ളി, ഓട് മുതലായ ലോഹങ്ങൾ കൊണ്ടുള്ള കത്തികൾകൊണ്ട് റാണിമാർ കുതിരയെ കഷണമാക്കുന്നു. കുതിരയുടെ അകത്തുനിന്നു കൊഴുപ്പെടുക്കുന്നു. കുതിരയുടെ ചോര പാകം ചെയ്ത് മറ്റു നിവേദ്യങ്ങൾക്കു ശേഷം ദേവതകൾക്ക് അർപ്പിക്കുന്നു. പ്രജാപതിക്ക്‌ ആടുകളെയും മറ്റും 'വപ' അർപ്പിക്കുന്ന ചടങ്ങിന് മുമ്പ് പുരോഹിതന്മാർ തത്വപരമായ ചർച്ചകൾ നടത്തുന്നു. ദേവതകൾക്കു 'വപ' കൊടുക്കുന്നതിനു മുന്പ് വേറെ പല സാധനങ്ങളും അർച്ചന ചെയ്‍വാനുണ്ട്.

"പിന്നീട് രാജാവ് സിംഹത്തിന്റെയോ പുലിയുടെയോ തോലിന്മേൽ ഇരിക്കുന്നു. രാജാവിന്റെ ശീർഷണത്തിൽ 'പൊന്ന്' വയ്‌ക്കുന്നു. മേലാപ്പായ് കാളയുടെ തോൾ പിടിക്കുന്നു. രാജാവ് മൂന്നു ദിവസം ഇടവിടാതെകണ്ടുള്ള ക്രിയകൾ ചെയ്യേണ്ടതുണ്ട്. മൂന്നാമത്തെ ദിവസം ക്രിയകൾക്കു ശേഷം രാജാവ് അവഭൃത സ്നാനം ചെയ്യുന്നു."

വേദവിധി അനുസരിച്ച്, മേൽപറഞ്ഞ കർമ്മങ്ങളോടെ ആയിരക്കണക്കിന് വർഷങ്ങളിൽ ഹൈന്ദവ രാജാക്കന്മാർ അശ്വമേധയാഗങ്ങൾ നടത്തി. രാമായണത്തിലെ കല്പിത നായകനായ ശ്രീരാമൻ നടത്തിയെന്നു പറയുന്ന അശ്വമേധയാഗവും ഇതുതന്നെ. അറിയപ്പെടുന്ന ചരിത്രത്തിൽ വേദവിധികളോടെ അശ്വമേധയാഗം നടത്തിയ അവസാനത്തെ ഹൈന്ദവ രാജാവ്, ജയ്‌പൂർ നഗരത്തിന്റെ സ്ഥാപകനായ ജയസിംഹനാണ്. (സി.ഇ. 1734-35) (16)

സ്‌ത്രീകളുടെ നേരെ വൈദിക ബ്രാഹ്മണർ നടത്തിയ അതിനീചമായ മറ്റൊരു യാഗവിധിയാണ്, പൗണ്ഡരീകം' അഥവാ, ഐകാഹിക മഹാവൃതം.' ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്പ് തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ വെച്ച് ബ്രാഹ്മണർ ഈ യാഗം നടത്തുകയുണ്ടായി.

ഗോമേധ യാഗം

പശുവിനെ കൊല്ലുകയും കൊല്ലപ്പെട്ട പശുവിന്റെ നെയ്യ് മരിച്ചുപോയ പ്രപിതാമഹന്മാർക്കുവേണ്ടി സമർപ്പിക്കുകയും ചെയ്യുന്ന യാഗമാണ് ഗോ മേധ യാഗം.(17) യാഗത്തിനായി കൊല്ലുന്ന പശുവിന്റെ ഇറച്ചി യാഗത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്‌തുവന്നു.

യജുർവേദ ഭാഷ്യമായ തൈത്തരീയ ബ്രാഹ്മണത്തിൽ കാളകളേയും, പശുക്കളേയും ഉപയോഗിച്ച് നടത്തുന്ന യാഗങ്ങളെപ്പറ്റി വിശദമായിത്തന്നെ പറയുന്നുണ്ട്. ഏതൊക്കെ ലക്ഷണങ്ങളുള്ള കാളകളെയും പശുക്കളെയും ഏതൊക്കെ ദൈവങ്ങൾക്കാണ് സമർപ്പിക്കേണ്ടതെന്നുതന്നെ അതിൽ വ്യക്തമാക്കിയിട്ടുണ്ട്. കുള്ളനായ കാളയെ വിഷ്ണുവിനും, കീഴോട്ട് തൂങ്ങിയ കൊമ്പുള്ള കാളയെ ഇന്ദ്രനും നാശകാരികളായ കാളകളെ വ്രതനും, കറുത്ത പശുവിനെ പൂഷനും, ചുവന്ന പശുവിനെ രുദ്രനും വേണ്ടി യാഗാഗ്നിയിൽ ബലിയായി അർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടുകാണുന്നത്. പശുവും കാളയും പുണ്യമൃഗങ്ങളാണെന്നും അതുകൊണ്ടു അവയെ തീർച്ചയായും ഭക്ഷിക്കണമെന്നുമാണ് ആപസ്‌തംഭ ധർമ്മ സൂത്രത്തിൽ പറഞ്ഞിട്ടുള്ളത്.(18)

പിൽക്കാലത്ത്‌ പശുവിനെ ഒരു പുണ്യമൃഗമായി കരുതി ആരാധിച്ചുവെങ്കിലും, വേദകാലഘട്ടത്തിൽ പശുക്കളെ ഭക്ഷണത്തിനായും മറ്റും കൊന്നിരുന്നത് സർവ്വസാധാരണമായിരുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. ഋഗ്വേദ സൂക്തങ്ങൾ തന്നെ പ്രധാന തെളിവാണ്. ഇന്ദ്രൻ ഒരു ഭാഗത്തു പറയുന്നു: 'അവർ എനിക്കുവേണ്ടി പതിനഞ്ചും ഇരുപതും വൃഷഭങ്ങളെ പാചകം ചെയ്തു.' (19) അക്കാലത്തു വാളുപയോഗിച്ചോ മഴു ഉപയോഗിച്ചോ ആണ് പശുക്കളെ കൊന്നിരുന്നതെന്നും ഋഗ്വേദത്തിൽ നിന്ന് വ്യക്തമാണ്.(20)

പശുക്കളെ കൊല്ലുന്നത് പാപമാണെന്നു കരുതുന്ന ഇക്കാലത്തെ ഹിന്ദുക്കളിൽ ചിലർ, പശുക്കളെ കൊല്ലുന്നത് വേദങ്ങൾ തടഞ്ഞിരുന്നുവെന്ന് വാദിക്കാറുണ്ട്. അവരുടെ വാദമുഖം എന്താണെന്നുകൂടി ശ്രദ്ധിക്കേണ്ടതാണ്. ഋഗ്വേദം ഒന്നാം സൂക്തത്തിലും ഏഴാം മണ്ഡലത്തിലെ -69-ആം സൂക്തത്തിലും, പത്താം മണ്ഡലത്തിലെ 87-ആം സൂക്തത്തിലും പശുവിനെക്കുറിച്ചു 'അവധ്യ' എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവരുടെ വാദം. വാക്കുകളെ, അവ ഉപയോഗിച്ചിരുന്ന സാഹചര്യങ്ങളിൽ നിന്ന് മാറ്റിക്കാണിച്ചു നേരല്ലാത്ത വാദമുഖങ്ങൾ സ്ഥാപിക്കുവാനുള്ള ശ്രമമാണ് ഈ വാദത്തിലുള്ളത്. ഇതിൽ ആദ്യത്തെ ഋക്ക് തന്നെ നമുക്കൊന്നു പരിശോധിച്ചു നോക്കാവുന്നതാണ്. അത് ഇപ്രകാരമാണ്:

"കുട്ടിയെ സ്നേഹിക്കുന്ന ആ ധനവതി ഉന്പയിട്ടും കൊണ്ടുവന്നെത്തി, അവധ്യയായ ഇവൾ അശ്വികൾക്കായി പാൽ ചുരത്തട്ടെ; അവൾ മഹത്തായ സൗഭാഗ്യത്തിനായി വർദ്ധിപ്പിപ്പൂതാക.'(21) പാൽ നല്കുന്ന പശുവിനെ ആ അവസരത്തിൽ കൊല്ലരുത് എന്നതിൽക്കവിഞ്ഞ സൂചനയൊന്നും ഇതിലില്ല എന്നതാണ് യാഥാർഥ്യം.

"ഈ സുഭഗനായ ദേവന്റെ മികച്ച തിരുനോട്ടം, കാമയമാന ലാളിക്കപ്പെടേണ്ടുന്ന പയ്യിന്റെ തെളിഞ്ഞൊഴുകുന്ന പാൽ പോലെയും, ഗോലാഭം പോലെയും, മനുഷ്യർക്ക് സ്‌പൃഹണീയവും മഹനീയവുമാകുന്നു'(22) എന്ന് പറയുന്പോഴും കറവയുള്ള പശു ലാളിക്കപ്പെടേണ്ടതാണെന്ന സൂചനയേയുള്ളൂ.

പണ്ഡിതനായ ഡോ.ബി.ആർ. അംബേദ്ക്കർ 'അസ്പൃശ്യർ' എന്ന പ്രഖ്യാതമായ പ്രബന്ധത്തിൽ ഈ വിഷയത്തെപ്പറ്റി പറയുന്നത് ശ്രദ്ധേയമാണ്: "ഋഗ്വേദത്തിലെ തെളിവുകളെ അടിസ്ഥാനപ്പെടുത്തുകയാണെങ്കിൽ, ഈ നിഗമനങ്ങൾ (ഗോഹത്യയ്‌ക്കെതിരായ നിഗമങ്ങൾ) തെറ്റായി വായിച്ചതുകൊണ്ടോ, തെറ്റായി മനസിലാക്കിയതുകൊണ്ടോ ആവാം ഉണ്ടായതു. അഘ്ന്യ* (അഘ്ന്യ- അവധ്യ- കൊല്ലപ്പെടരുതാത്തവൾ) എന്ന വിശേഷണം ഋഗ്വേദത്തിൽ പശുവിനു ഉപയോഗിച്ചിട്ടുള്ളതിന്റെ അർത്ഥം, ഒരു പശു കറവയുള്ളതാണെന്നും, അത് കൊല്ലപ്പെടാൻ പറ്റിയതല്ലെന്നുമാണ്. പശു ഋഗ്വേദത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് ശരിയാണ്. കാർഷിക രംഗത്തുണ്ടായിരുന്ന ഇൻഡോ-ആര്യന്മാരിൽനിന്നാണ് അതുണ്ടായിട്ടുള്ളത്. ഈ ഉപഭോഗ്യത, ആഹാരത്തിനായി പശുവിനെ കൊല്ലുന്നതിൽ നിന്ന് ആര്യന്മാരെ തടഞ്ഞിട്ടില്ല."(23)

വേദകാലത്തു അതിഥികൾക്ക് 'ഗോഘ്നഹ' (പശുവിനെ കൊല്ലുന്നവൻ) എന്ന പര്യായം ഉണ്ടായതിനെപ്പറ്റിയും അംബേദ്‌കർ എഴുതിയിട്ടുണ്ട്. സാമൂഹ്യാചാരമെന്ന നിലയിലും ഒരു ചടങ്ങെന്ന നിലയിലും അതിഥി സൽക്കാരം ആര്യന്മാർക്കിടയിൽ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട സൽക്കാരം 'മധുപാർക്ക'യാണ്. മാംസാഹാരമില്ലാതെ മധുപാർക്ക നടത്തരുതെന്ന് മാധവഗൃഹ്യ സൂത്രത്തിൽ പറയുന്നു.(24) പശുവിന്റെ ഇറച്ചിയാണ് ഇതിനുപയോഗിച്ചിരുന്നത്. പശു അഴിഞ്ഞു പോയിരിക്കുകയാണെങ്കിൽ ആടിന്റെ ഇറച്ചി ആവാമെന്നും, ആട്ടിറച്ചിയും ലഭ്യമല്ലെങ്കിൽ 'പായസം' ആകാമെന്നും പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഗോഹത്യ വളരെക്കൂടുതലായ സാഹചര്യത്തിലാണ് അതിഥിയ്‌ക്ക്‌ 'ഗോഘ്നഹ' എന്ന പര്യായം ഉണ്ടായത്.

പുരുഷമേധം

മനുഷ്യനെ കൊന്ന് നടത്തിയിരുന്ന യാഗത്തിനാണ് പുരുഷമേധയാഗം എന്ന് പറയുന്നത്. ശതപഥബ്രാഹ്മണത്തിലെ വിവരങ്ങളിൽ നിന്ന്, പല തരത്തിലുള്ള പുരുഷമേധങ്ങൾ പ്രാബല്യത്തിലിരുന്നതായി മനസിലാക്കാവുന്നതാണ്. വാജസനേയ സംഹിത എന്ന പേരിൽ അറിയപ്പെടുന്ന ശുക്ല യജുർവേദീയ സംഹിത, കൃഷ്ണ യജുർവേദത്തിലെ തൈത്തരീയ ബ്രാഹ്മണം, ഋഗ്വേദത്തിലെ ഐതരേയ ബ്രാഹ്മണം, എന്നിവയിലും നരബലിയിൽ അടിസ്ഥാനപ്പെടുത്തിയുള്ള യാഗങ്ങളെക്കുറിച്ചു വിവരങ്ങളുണ്ട്. ഋഗ്വേദ സംഹിതയുടെ ഒന്നാം മണ്ഡലം ഇരുപത്തിനാലാം സൂക്തത്തിലെ രണ്ടു ഋക്കുകളും, ഋഗ്വേദീയ ഐതരേയ ബ്രാഹ്മണത്തിന്റെ ഏഴാം പഞ്ചികയിൽ മൂന്നാം അധ്യായത്തിൽ കൊടുത്തിട്ടുള്ള അവയുടെ ഉപാഖ്യാനവും പുരുഷമേധ യാഗത്തെക്കുറിച്ചു ധാരാളം വിവരങ്ങൾ തരുന്നു.

പുരുഷമേധത്തിലെ ചടങ്ങുകൾക്ക് അശ്വമേധയാഗത്തിലെ ചടങ്ങുകളോട് വളരെയധികം സാദൃശ്യമുണ്ട്. ബലിക്ക് വിധേയനാവേണ്ട മനുഷ്യന് ജീവിതം ആസ്വദിക്കാനായി ഒരു കൊല്ലക്കാലം ലഭിക്കും. ഇക്കാലത്തിനിടയിൽ, അയാളുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. അശ്വമേധയാഗത്തിൽ രാജ്ഞി കുതിരയോട് ഏതു വിധത്തിൽ ബന്ധപ്പെടുന്നുവോ, അതെ വിധത്തിൽ രാജപത്നി ഈ പൃരുഷനുമായി ബന്ധപ്പെടും.(26) ലോകത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനായി, അനന്തരം, ആ മനുഷ്യനെ കഴുത്തറുത്തു കൊല്ലുകയും ബലിയായി അർപ്പിക്കുകയും ചെയ്യും.

ശുക്ല യജുർവേദ സംഹിതയിൽ പുരുഷമേധത്തിന്റെ പ്രയോഗ വിധികളെക്കുറിച്ചു വർണിക്കുന്നുണ്ട്: "ബ്രാഹ്മണനും ക്ഷത്രിയനുമാണ് പുരുഷമേധം നടത്തുന്നതിനുള്ള അധികാരി. ചൈത്രമാസത്തിലെ ശുക്ല ദശമിയിൽ ആരംഭിച്ച്, നാൽപതു ദിവസം കൊണ്ട് പ്രസ്‌തുത യാഗത്തിന് പരിസമാപ്‌തി വരുത്തേണ്ടതാണ്. ഇതിൽ 23 ദീക്ഷയും 12 ഉപസത്തും 5 സൂത്യകളും ആവശ്യമാണ്. ഇങ്ങനെ 40 ദിവസംകൊണ്ടു പ്രസ്‌തുത യാഗത്തിന് പരിസമാപ്‌തി വരുത്തേണ്ടതാണ്. ഇതിൽ 23 ദീക്ഷയും 12 ഉപസത്തും 5 സൂത്യകളും ആവശ്യമാണ്. ഇങ്ങനെ 40 ദിവസങ്ങൾകൊണ്ട് ഈ യാഗം അവസാനിച്ചതിനു ശേഷം യാഗകർത്താവ് വാനപ്രസ്ഥാശ്രമം സ്വീകരിക്കേണ്ടതാണ്."(27)

ഋഗ്വേദത്തിന്റെ ഒന്നാം മണ്ഡലത്തിൽ, സൂക്തം 24-ൽ സംഗ്രഹിച്ചു പറയുന്ന ഒരു പുരുഷ മേധയാഗ കഥ ഐതരേയ ബ്രാഹ്മണത്തിൽ വിശദീകരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:

ഹരിചന്ദ്രന് ഒരിക്കൽ ഉദര രോഗമുണ്ടായി. അത് പരിഹരിച്ചു കിട്ടുന്നതിന് അദ്ദേഹം വരുണ ദേവനോട് പ്രാർഥിച്ചപ്പോൾ, തനിക്കു ഒരു പുത്രനുണ്ടായാൽ അവനെ അറുത്തു വരുണദേവനുബലി കൊടുക്കാമെന്നു വാഗ്‌ദാനം ചെയ്തു. പുത്രനുണ്ടായി, പുത്രൻ വളർന്നിട്ടും പറഞ്ഞതുപോലെ അദ്ദേഹം ബലി നൽകിയില്ല, സാമാന്യം പ്രായമായതോടെ, പുത്രൻ ഭയന്ന് തന്നെത്താൻ നാടുവിട്ടുപോയി. അഞ്ചാറു വർഷം പല സ്ഥലങ്ങളിലും ചുറ്റിത്തിരിഞ്ഞു, ഒരുനാൾ അംഗിരസ്സിന്റെ ഗോത്രക്കാരനായ അജിഗർത്തനെന്ന ബ്രാഹ്മണനെ അദ്ദേഹം സമീപിച്ചു. ഈ ബ്രാഹ്മണന്റെ പുത്രനായ ശൂനപേശനെ, തനിക്കു പകരമായി കുരുതി കൊടുക്കുന്നതിനുവേണ്ടി, നൂറു പശുക്കളെ പ്രതിഫലമായി കൊടുത്തുകൊണ്ട്, അയാൾ വിലയ്‌ക്കു വാങ്ങി. ഹരിചന്ദ്രനാവട്ടെ, ശൂനപേശനെ യജ്ഞപശുവാക്കിക്കൊണ്ട് പുരുഷമേധ യാഗത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. യൂപത്തിൽ ബന്ധിക്കപ്പെട്ട്, അറക്കപ്പെടുന്നതിനായി തയ്യാറാക്കപ്പെട്ട ശൂനപേശന്റെ ഗുണാധിക്യത്താൽ വിശ്വാമിത്രൻ വശീകരിക്കപ്പെടുകയും, ശൂനപേശൻ മരണത്തിൽ നിന്ന് മോചിതനാവുകയും ചെയ്തുവത്രേ! (28)

സോമയാഗത്തിന്റെ അവസാനത്തിൽ, യുദ്ധത്തിൽ പിടിക്കപ്പെട്ട ശത്രുക്കളെ നിരപ്പിൽ കുഴിച്ചുനാട്ടി, അതിൽ ഓരോരുത്തരെ വീതം കെട്ടിയിട്ടു, എല്ലാവരെയും കഴുത്തറുത്തു കൊല്ലുന്ന സന്പ്രദായവും നിലവിലുണ്ടായിരുന്നു. തൈത്തരീയ ബ്രാഹ്മണത്തിൽ ബ്രാഹ്മണ ജാത്യാഭിമാനി ദേവതയ്‌ക്കായി ബ്രാഹ്മണനെ അറുത്തു ബലി കൊടുക്കണമെന്നു പറയുന്നു.(29)

മാനവ നാഗരികതയുടെ ആരംഭകാലത്തു, നിരവധി പ്രാകൃത വിശ്വാസങ്ങളാൽ നയിക്കപ്പെട്ട കിരാതർ മൃഗബലിയും മനുഷ്യബലിയും നടത്തിവന്നിരുന്നത് ലോകത്തെല്ലാ ഭാഗത്തും കാണാവുന്നതാണ്. ബലിയായി നൽകപ്പെടുന്ന മൃഗമോ മനുഷ്യനോ, ബലിയർപ്പിക്കുന്ന ആരാധകന്റെ ഉപാസനാ ദൈവങ്ങൾക്കുള്ള അർച്ചനകളായി കരുതപ്പെട്ടു. ദൈവങ്ങൾ അവയെ സ്വീകരിച്ചു പ്രസാദിക്കുമെന്നും ആഗ്രഹങ്ങൾ സാധിച്ചു തരുമെന്നും, പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുമെന്നും വിശ്വസിച്ചു. വേദകാലഘട്ടത്തിലെ മനുഷ്യന്റെ പ്രാകൃത വിശ്വാസങ്ങളിലേക്കു വിരൽ ചൂണ്ടുന്നവയത്രെ വിവിധങ്ങളായ യാഗവിധികൾ.

പത്തൊന്പതാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ പുരുഷമേധങ്ങൾ ചില സ്ഥലങ്ങളിലൊക്കെ നടന്നു വന്നിരുന്നതിനു രേഖകളുണ്ട്. സി.ഇ. 1841-ൽ ബംഗാളിലും മദ്രാസിലുമായി 240 പേരെ പുരുഷ മേധത്തിന് വിധേയരാക്കിക്കൊന്നുവെന്നു 'കേംബ്രിഡ്‌ജ്‌ ഷോർട്ട് ഹിസ്റ്ററി' (Cambridge Short History) പറയുന്നു. (30) ബലിയർപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു സമൂഹം ഖൊണ്ടന്മാർക്കിടയിലുണ്ടെന്നും പ്രസ്‌തുത ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. 'മരിഹ' എന്ന് അറിയപ്പെടുന്ന ഈ സമൂഹത്തിലേക്ക് ദൂരദേശങ്ങളിൽ നിന്ന് തട്ടിക്കൊണ്ടു വന്നവരെ ഖോണ്ടന്മാർക്കു വിറ്റു, ആൾക്കാരെയുണ്ടാക്കിവന്നു. വേദങ്ങൾ പ്രമാണ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന വലിയൊരു ശതമാനം ആൾക്കാർ ഇന്നും നമ്മുടെ രാജ്യത്തുണ്ട്.

മനുഷ്യരെ- പ്രത്യേകിച്ച് കൊച്ചു കുട്ടികളെ, ബലിയായി അർപ്പിക്കാൻ ശ്രമിക്കുന്ന പ്രാകൃത വിശ്വാസികളെക്കുറിച്ചുള്ള വാർത്തകൾ ഇക്കാലത്തും പത്ര പംക്തികളിൽ സ്ഥാനം പിടിക്കാറുണ്ട്. വേദങ്ങളിലെ പ്രാകൃത സങ്കല്പങ്ങൾ ഇന്നും നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന വികലമായ സ്വാധീനമാണ് ഇത് വ്യക്തമാക്കുന്നത്.

സർവമേധം

ഋഗ്വേദത്തിൽ ഭാഗത്തു സർവമേധം എന്നൊരു യാഗത്തെക്കുറിച്ചു പറയുന്നുണ്ട്. പിതാവും പുരോഹിതനുമായ വിശ്വകർമ്മാവ് വസ്‌തുക്കളെയെല്ലാം ബലിയാക്കിയതിനുശേഷം സ്വയംമേധം നടത്തി നടത്തി ബലിയായിത്തീർന്നുവെന്നാണ് പറയുന്നത്.(31) സ്വർഗ പ്രാപ്‌തി മോഹിച്ചു ലോകത്തെ, അതായതു അടുത്തുള്ള വസ്‌തുക്കളെ, വിശ്വകർമ്മാവ് ദഹിപ്പിക്കുകയും പിന്നീട് സ്വയം ജ്വലിക്കുന്ന അഗ്നിയിൽ പ്രവേശിക്കുകയും ചെയ്‌തുവെന്ന് വ്യക്തമായിത്തന്നെ പറഞ്ഞുകാണുന്നു. യാസ്‌ക്കന്റെ ഭാഷ്യത്തിലും, ഭൗവന്റെ പുത്രനായ വിശ്വകർമ്മാവ് ആത്മഹത്യ ചെയ്തുകൊണ്ട് സർവമേധം നടത്തിയ കഥ പറയുന്നുണ്ട്.

യാഗമൃഗം ഭക്ഷണത്തിന്