top of page

ക്രിസ്‌തുവിൻറെ കല്ലറകൾ എത്രയെണ്ണം!


യെരുശലേം പട്ടണം. നിരവധി പഴയ കല്ലറകളും ചെറുഗുഹകളും ഈ പുരാതന പട്ടണത്തിൽ ഉണ്ട്. ക്രിസ്‌തുവിന്റെ കല്ലറ എന്ന അവകാശവാദം ഉന്നയിക്കുന്ന പല സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഇവിടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ചരിത്രപരമായി അവയ്‌ക്ക് യാതൊരു സാധുതയും ഇല്ല.

ക്രിസ്‌തുവിന്റെ കല്ലറ എന്ന പേരിൽ ഇടക്കിടെ യെരുശലേമിൽ "കണ്ടെത്തുന്ന" ശവക്കല്ലറകൾ യാതൊരു വിധത്തിലും ചരിത്രപരമായി സ്ഥാപിക്കപ്പെട്ടവ അല്ല. കേരളത്തിൽ ഭീമൻ ചവിട്ടി ഉണ്ടായതാണെന്ന് ചിലർ വിശ്വസിക്കുന്ന ഭീമൻപാറ ഭീമൻ എന്ന കൽപ്പിത കഥാപാത്രം അവിടെ വന്നതിന്റെ ബാക്കിപത്രം അല്ലാത്തതുപോലെ തന്നെയാണിതും. യെരുശലേം പട്ടണത്തിന് 4400 വർഷമെങ്കിലും പഴക്കം ഉണ്ട്. 11 ,000 വർഷങ്ങൾക്കുമുന്പ് (രണ്ടാം അയൺ ഏജ്) മുതലെങ്കിലും ഇവിടെ നിർമ്മാണങ്ങൾ നടന്നിരുന്നതായി ജിയോളജിക്കൽ പഠനങ്ങൾ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ കടലിന്റെയും ചാവു കടലിന്റെയും ഇടയ്‌ക്കുള്ള യുദായീൻ മലനിരകളിലെ ഒരു പീഠഭൂമി ആണിത്. സെമിറ്റിക് മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കഥകളുടെ കേന്ദ്രം ആയതുകൊണ്ട് യഹൂദരും ക്രിസ്‌ത്യാനികളും മുസ്ലീങ്ങളും ഇത് പുണ്യ നഗരം ആയി കരുതുന്നു. ഇസ്രായേൽ രാഷ്‌ട്രത്തിന്റെ ചുമതലയിൽ ആണ് ഇപ്പോൾ യെരുശലേമിന്റെ അഡ്മിനിസ്‌ട്രേഷൻ. എന്നാൽ ഇസ്രയേലും പാലസ്‌തീനും അവകാശപ്പെടുന്നത് യെരുശലേം ആണ് അവരുടെ തലസ്ഥാനം എന്നാണ്. ചരിത്രത്തിന്റെ പല കാലഘട്ടങ്ങളിലും യെരുശലേമിന്റെ ഭരണം വിവിധ മതവിഭാഗങ്ങളുടെ ചുമതലയിൽ മാറിമാറി വന്നിട്ടുണ്ട്. ഇപ്പോൾ അവിടെ 62 ശതമാനം യഹൂദരും, 35 ശതമാനം മുസ്ലീങ്ങളും, രണ്ടു ശതമാനം ക്രിസ്‌ത്യാനികളും, ഒരു ശതമാനം അവിശ്വാസികളും ആണ് ഉള്ളത്. വിവിധ മത ഗ്രൂപ്പുകൾ യെരുശലേമിന്മേൽ അവരുടെ മേൽക്കോയ്മ സ്ഥാപിച്ചുകിട്ടും എന്ന പ്രതീക്ഷയോടെ ചാരിത്രവുമായി യാതൊരു ബന്ധവും ഇല്ലാത്ത അവകാശവാദങ്ങൾ ഇടക്കിടെ ഉന്നയിക്കാറുണ്ടെങ്കിലും അധികാര രാഷ്‌ട്രീയത്തിന്റെ വഴികളാണ് ഈ കലാപഭൂമിയുടെ ഭാഗധേയത്വം നിർണ്ണയിക്കുന്നത്. യുദ്ധങ്ങൾ കൊണ്ട് രണ്ടുതവണയെങ്കിലും പൂർണ്ണമായി നശിപ്പിക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്‌ത ഈ പട്ടണം 44 തവണ പിടിച്ചടക്കപ്പെടുകയും വീണ്ടെടുക്കുകയും ചെയ്‌തിട്ടുണ്ട്‌ എന്നും ഓർക്കുക.

കാശ്‌മീരിലെ റോസാബെൽ കല്ലറ

പഞ്ചാബിലെ ഗുർദാസ്‌പൂരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (ജനനം 1836 or 1839) മിർസാ ഗുലാം അഹമ്മദ് എന്ന മതപ്രവാചകന്റെ ഒരു സ്വപ്‌നമാണ് കുരിശിൽനിന്നു രക്ഷപെട്ട് യേശുക്രിസ്‌തു കാശ്‌മീരിൽ വന്ന് അവിടെ വച്ചാണ് മരണം അടഞ്ഞത് എന്ന വിശ്വാസത്തിന്റെ ആധാരം. മിർസാ ഗുലാം അഹമ്മദിന് ലഭിച്ച ദൈവിക വെളിപാട് ആണ് ഇതെന്നാണ് സൂഫി എം ആർ ബംഗാളി "യേശുവിന്റെ കല്ലറ" (The Grave of Jesus - 1936) എന്ന പുസ്‌തകത്തിൽ ഈ വാദമുഖം ആദ്യമായി അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയത്. Jesus in the Heaven of Earth (1961), Where did Jesus Die? (1959) എന്നീ പുസ്‌തകങ്ങളും ആധാരമാക്കുന്നത് ഈ വിശ്വാസം തന്നെയാണ്.

മിർസാ ഗുലാം അഹമ്മദ്​ മുസൽമാന്മാരുടെ മസ്‌ദീ മസീഹും ക്രിസ്‌ത്യാനികളുടെ മിശിഹായും താനാണെന്ന് പ്രഖ്യാപിച്ച മിർസാ ഗുലാം അഹമ്മദ് ആണ് അഹമ്മദീയ വിശ്വാസത്തിന്റെ സ്ഥാപകൻ. യേശുവിന്റേതെന്നു പറഞ്ഞു അഹമ്മദീയക്കാർ കാണിക്കുന്ന റോസാബെൽ എന്ന ശവകുടീരം കാശ്‌മീരിൽ ഈജിപ്ഷ്യൻ അംബാസഡർ ആയിരുന്ന യൂസ് ആസഫിന്റേതാണ് എന്നാണ് കാശ്‌മീരി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. കാശ്‌മീരിൽ ഭരണം നടത്തിയിരുന്ന സൈനാലുബ്‌ദീൻ (1420 - 1470) എന്ന രാജാവിന്റെ കാലത്താണ് യൂസ് ആസഫ് കാശ്‌മീരിൽ അംബാസഡർ ആയി വന്നത്. ഈ ശവകുടീരത്തിനും മിർസാ ഗുലാം അഹമ്മദിന്റെ സ്വപ്‌നത്തിനും അപ്പുറത്തുള്ള യാതൊരു തെളിവും യേശുവിന്റെ കഥയേയും കാശ്‌മീരിനെയും ബന്ധിപ്പിക്കുന്നതായി ഇല്ല.

© 2016 Sanal Edamaruku

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page