ബൈബിളിന്റെ പരിഭാഷ "സത്യ വേദ പുസ്‌തകം"!


ഉത്തരേന്ത്യയിൽ പ്രചരിക്കുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന ക്രിസ്‌തുചിത്രം

യൂറോപ്യന്മാരുടെ നിറവും നീല കണ്ണും ചെന്പൻ മുടിയുമൊക്കെ അറബ് നാട്ടിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ക്രിസ്‌തുവിനുണ്ടായത് എങ്ങിനെ എന്ന് അന്വേഷിച്ചാൽ യൂറോപ്യന്മാരായ മധ്യകാല ചിത്രകാരന്മാരിൽ ആ അന്വേഷണം എത്തിച്ചേരും. കഴിഞ്ഞ ദിവസം ഞാനെഴുതിയ ഒരു ലേഖനത്തോട് പ്രതികരിച്ചുകൊണ്ട്, അതോടൊപ്പം കൊടുത്ത ചിത്രത്തിന്റെ സാധുതയെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഒരു കല്പിത കഥയിലെ നായകൻറെ രൂപം എന്താവണം എന്നതിൽ തർക്കങ്ങൾക്കൊന്നും പ്രസക്തി ഇല്ല. എവ്വിധമാണ് പ്രചാരമുള്ള ഇമേജുകൾ നിലവിൽ വന്നത് എന്നൊരു ചിന്ത മാത്രമേ ആ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായിരുന്നുള്ളൂ. ഇൻഡ്യയിൽ പ്രചാരത്തിലുള്ള ഹൈന്ദവ ദേവതകളുടെ രൂപം മറാത്തികളായ മോഡലുകളുടേതാണെന്ന് നമുക്കറിയാം. രാജാ രവിവർമ്മ അവരെയാണ് ദേവിമാരുടെ ചിത്രങ്ങൾ രചിക്കുന്നതിന് മാതൃക ആക്കിയത്. അദ്ദേഹം സ്വന്തം ലിത്തോ പ്രസ്സിൽ അച്ചടിച്ച് അവ പ്രചരിപ്പിക്കുകയും ചെയ്‌തു. മതപ്രചരണം സുഗമം ആക്കാൻ ക്രിസ്‌തുവിന്റെ രൂപത്തിനും വേഷത്തിനും മാറ്റങ്ങൾ നൽകാൻ അടുത്ത കാലത്തു മിഷനറിമാർ നടത്തുന്ന ശ്രമങ്ങൾ ചിരിക്കാൻ വഴിയൊരുക്കും. ആഫ്രിക്കയിൽ കറുത്ത നിറവും തടിച്ച ചുണ്ടുമുള്ള ക്രിസ്‌തു, ഉത്തരേന്ത്യയിൽ കാഷായം ധരിച്ചു രുദ്രാക്ഷ മാല കയ്യിൽ പിടിച്ചു ധ്യാനനിരതനായിരിക്കുന്ന ക്രിസ്‌തു - ഇങ്ങനെ നിരവധി "അവതാരങ്ങൾ" ക്രിസ്‌തുവിനുണ്ട്. അതിലൊരെണ്ണം ഇതോടൊപ്പം കൊടുക്കുന്നു. ഈ രൂപമാറ്റങ്ങൾ ഒരു അടവിന്റെ ഭാഗമാണ് എന്നു പറഞ്ഞാൽ, എപ്പോഴും എവിടെയും വാദമുഖങ്ങളിൽ നിന്നു രക്ഷപെടാൻ മതപ്രചാരകർ സ്ഥിരമായി ഉപയോഗിക്കുന്ന ആരോപണം - "അതൊരു ഗൂഢാലോചനാ സിദ്ധാന്തമാണ്" എന്ന ഒളിച്ചോട്ടം - കൊണ്ട് രക്ഷപെടാനാവുകയില്ല. വേദങ്ങൾ പ്രമാണമായി കരുതിയിരുന്ന ഇന്ത്യയിൽ ബൈബിളിന്റെ പരിഭാഷക്ക് "സത്യ വേദ പുസ്‌തകം" എന്ന് പേരിട്ട കൗശല തന്ത്രം തന്നെയാണ് ഉത്തരേന്ത്യയിലെ പള്ളികൾക്ക് "ഗിരിജാ ഘർ" എന്ന് പേരിടുന്പോഴും പ്രവർത്തിച്ചത് എന്ന് അറിയുക. (ഗിരിജ = പാർവതി; ഘർ = വീട്, ആവാസ സ്ഥലം). ഗിരിജയും ക്രൈസ്‌തവ ആരാധനാലയവും തമ്മിൽ എന്താണ് ബന്ധം? അതേ തന്ത്രം തന്നെയാണ് ഓരോ സമയത്ത് നാടിനും കാലത്തിനും അനുസരിച്ച് ക്രിസ്‌തുവിനു സഭ ചാർത്തിക്കൊടുക്കുന്ന പുതിയ ആടയാഭരണങ്ങളുടെ പിന്നിലും പ്രവർത്തിക്കുന്നത്.

© 2016 Sanal Edamaruku

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക