ക്രിസ്‍മസിന്റെ തുടക്കം

Sanal Edamaruku /സനൽ ഇടമറുക്

ക്രിസ്മസ് ദിനം


ബൈബിൾ ക്രോഡീകരിക്കാൻ നേതൃത്വം കൊടുത്തതും, ക്രിസ്തു ജനിച്ചത് ഡിസംബർ 25-ന് ആണ് എന്നു നിശ്ചയിച്ചതും, റോമാ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈൻ ആണ്. നാലാം നൂറ്റാണ്ടിലായിരുന്നു അത്.


സൂര്യനെ ആരാധിച്ചിരുന്നവർ ക്രിസ്തുമതത്തിന്റെ ഉത്ഭവ കാലത്തിനു മുമ്പ് റോമാസാമ്രാജ്യത്തിൽ ഉണ്ടായിരുന്നു. പ്രബലരായ സൂര്യാരാധകർ ആഘോഷിച്ചിരുന്ന സൂര്യന്റെ ദിനം ആണ് റോമൻ ചക്രവർത്തി ക്രിസ്തുവിന്റെ ജനന ദിനമായി സ്വീകരിച്ചത്.


സൂര്യന്റെ ഉത്സവം ക്രൈസ്തവീകരിച്ച്‌ ക്രിസ്തുമതത്തിന്റെ സ്ഥാപകർ അവരുടേതാക്കി മാറ്റി.


ഇന്ന് പ്രചാരത്തിലുള്ള മാസങ്ങളും തീയതികളുമൊക്കെ നിലവിൽ വന്നത് റോമാ ചക്രവർത്തി ആയിരുന്ന ജൂലിയസ് സീസറിന്റെ കാലത്ത് ആണ്. അതിന് ക്രിസ്തുമതവുമായി യാതൊരു ബന്ധവും ഇല്ല.


ക്രിസ്തുവിന്റെ ജനന കാലം ആയി പിൽക്കാലത്ത് നിശ്ചയിക്കപ്പെട്ട വർഷത്തിന് ഒരു നൂറ്റാണ്ടു മുമ്പ് ആയിരുന്നു ജൂലിയസ് സീസറുടെ ജനനം.

റോമാ ചക്രവർത്തി കോൺസ്റ്റന്റൈൻ

ഭൂമിയുടെ ഉത്തരാർദ്ധ ദേശങ്ങളിൽ ജൂൺ മുതൽ പകലിന് ദൈർഘ്യം ദിവസം തോറും കുറഞ്ഞുവരും. ഡിസംബർ അവസാനത്തോടടുത്താണ് പകൽ തീരെ ചെറുതാവുന്നത്. തുടർന്ന് പകലിന്റെ സമയം കൂടാൻ തുടങ്ങും.


സൂര്യന്റെ തിരിച്ചുവരവിന്റെ ദിനമായാണ് ഈ മാറ്റത്തിന്റെ ദിനം സൂര്യാരാധകർ ആഘോഷിച്ചരുന്നത്. പഴയ റോമാ സാമ്രാജ്യത്തിലും ഗ്രീക്ക് സാമ്രാജ്യത്തിലും വലിയ ഉത്സവം ആയിരുന്നു ആ ദിനം.


സൂര്യാരാധകരുടെ വലിയ സംഘങ്ങളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി ഡിസംബർ 25 എന്ന തീയതി ക്രിസ്തുവിന്റെ ജന്മദിനമായി തെരഞ്ഞെടുത്തത് എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.


സൂര്യൻ വീണ്ടും മടങ്ങിവരാൻ തുടങ്ങുന്ന ശീതകാല ഉത്സവം പല പ്രാചീന സമൂഹങ്ങളും ആഘോഷിച്ചിരുന്നതിന് രേഖകൾ ഉണ്ട്. ഈ ദിവസം യേശുക്രിസ്‌തു ജനിച്ചു എന്ന് ബൈബിളിൽ എവിടെയും പറയുന്നില്ല എന്നും ഓർക്കുക.


ക്രിസ്തുവിന്റെ ജനന ഐതിഹ്യവുമായി ബന്ധപ്പെട്ട് പിൽക്കാലത്ത് നിലവിൽ വന്ന "ക്രിസ്ത്വബ്ദം" കണക്കുകൂട്ടുന്ന സമ്പ്രദായം അക്കാലത്തു നിലവിൽ വന്നിരുന്നില്ല.


ക്രിസ്ത്വബ്ദം


കോൺസ്റ്റന്റൈൻ നാലാം നൂറ്റാണ്ടിൽ വിളിച്ചുകൂട്ടിയ മതപണ്ഡിതന്മാരുടെ സിനഡിൽ (മതസമ്മേളനം) ആണ് വിവിധ മിത്തുകളിലെ രക്ഷക സങ്കല്പങ്ങൾ ക്രോഡീകരിച്ച് ഇന്നത്തെ ബൈബിൾ അംഗീകരിക്കപ്പെട്ടത്. ഒരുകൊല്ലം നീണ്ടുനിന്ന ആ സിനഡിലെ ചർച്ചകളുടെ ഒടുവിൽ അംഗീകരിക്കപ്പെട്ട മിത്തുകളുടെ പുസ്‌തകങ്ങൾ ബൈബിളിലെ അധ്യായങ്ങൾ ആയി.


ആ സമ്മേളനം തള്ളിക്കളഞ്ഞ മിത്തുകളുടെ പുസ്‌തകങ്ങൾ "അപ്പോക്രിഫാ" എന്നും അറിയപ്പെടുന്നു.


ക്രിസ്തു ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന കാലം കഴിഞ്ഞ് അഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ് ഡയനീഷ്യസ് എക്സിഗൂസ് എന്ന ക്രൈസ്തവ പുരോഹിതൻ മുൻകാല പ്രാബല്യത്തോടെ ഈ കണക്കുകൂട്ടൽ കണ്ടുപിടിച്ചത്. അതിന് മാർപാപ്പയുടെ ഔദ്യോഗിക അംഗീകാരം കിട്ടിയത് വീണ്ടും കുറേക്കാലം കൂടി കഴിഞ്ഞാണ്.


ക്രിസ്‌തു ജനിച്ചത് എന്നാണെന്ന് അനുമാനിച്ച് ആ ദിവസം മുതൽ അബ്‌ദത്തെ മുന്പും പിന്പുമായി വേർതിരിക്കുന്ന രീതി അതോടെ നിലവിൽ വന്നു.

AD (Anno Domini - കർത്താവിന്റെ സംവത്സരം) എന്നതിന് CE എന്നാണ് ഇപ്പോൾ ചരിത്രകാരന്മാർ ഉപയോഗിക്കാറുള്ളത്. കോമൺ എറ (Common Era) എന്നതിന്റെ ചുരുക്കം ആണത്.


BC (Before Christ) എന്നതിനു പകരം BCE എന്നും ഉപയോഗിക്കപ്പെടുന്നു (Before Common Era - BCE).


വിക്കിപീഡിയയിലും ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയയിലുമൊക്കെ ഇപ്പോൾ അവ്വിധമാണ് കാലഗണന രേഖപ്പെടുത്തുന്നത്.


സാന്താക്ളോസ് വന്നത്

ക്രിസ്‌തു കഴിഞ്ഞാൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന ഐതിഹ്യ പുരുഷൻ സാന്താക്ലോസാണ്. ക്രിസ്‌മസുമായി ബന്ധപ്പെട്ട പ്രധാന മിത്തുകളിൽ ഒന്നായി സാന്താക്ളോസ് മാറിയിരിക്കുന്നു എന്നുതന്നെ പറയാം.


ആദ്യ നൂറ്റാണ്ടുകളിലൊന്നും ഇല്ലാതിരുന്ന ഈ മിത്ത് പ്രചാരത്തിൽ വന്നത് എങ്ങിനെയാണ് എന്ന് പരിശോധിക്കാം.


ഉത്തര യൂറോപ്പിലെ പ്രധാന രാജ്യങ്ങളായ സ്വീഡൻ , ഫിൻലൻഡ്‌, നോർവേ, ഡെൻമാർക്ക് എന്നീ നോർഡിക് (സ്‌കാൻഡിനേവിയൻ) രാജ്യങ്ങളിൽ ജൂലായ് മുതൽ പകലിനു നീളം കുറയാൻ തുടങ്ങും. ഡിസംബർ അവസാനം ആകുമ്പോഴേക്കും നാലഞ്ചു മണിക്കൂർ മാത്രമേ സൂര്യപ്രകാശം ഉണ്ടാവൂ.


പകലിന്റെ ദൈർഘ്യം ഏറ്റവും കുറയുന്ന ദിവസം ഇപ്പോൾ ഡിസംബർ 21 ആണ്. അന്ന് മുതൽ ദിവസങ്ങൾക്ക് നീളം കൂടാൻ തുടങ്ങും. ഇത് ജൂൺ പകുതി കഴിയുന്നതുവരെ തുടരും.


ജൂൺ 21-ന് സൂര്യൻ അസ്‌തമിക്കാറില്ല.


ഈ രണ്ടു ദിവസങ്ങളും പഴയ കാലം മുതൽ വടക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ആഘോഷമായി കൊണ്ടാടിയിരുന്നു.

കറുത്ത കുപ്പായം പുറംതിരിച്ചു ധരിക്കുന്ന സാന്താക്ളോസ് - ഒരു ഫിന്നീഷ് ചിത്രകാരന്റെ ഭാവന. പഴയ രേഖകളിൽനിന്ന്.

നോർഡിക് - സ്‌കാൻഡിനേവ്യൻ മിത്തുകളിൽനിന്ന് വന്നതാണ് സാന്താക്ളോസ്. ക്രിസ്‌തുമതം ഉണ്ടാകുന്നതിനു മുന്പ് പ്രചാരത്തിൽ ഉണ്ടായിരുന്ന നോർഡിക്ക് അനുഷ്ടാനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഒരു കഥാപാത്രമായിരുന്നു സാന്താക്ളോസ്.

നല്ലകുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും അനുസരിക്കാത്ത വഴക്കാളി കുട്ടികൾക്ക് കടുത്ത ശിക്ഷയും നൽകുന്ന ഒരു കഥാപാത്രം.

പതിനൊന്നാം നൂറ്റാണ്ടിനു ശേഷം, ക്രിസ്‌തുമതം ഫിൻലന്റിൽ എത്തിയതിനു ശേഷമാണ് നോർഡിക് ദേശത്തെ ഈ പ്രാദേശിക മിത്ത് ക്രിസ്‌മസുമായി ബന്ധിക്കപ്പെടുന്നത്.

ഫിന്നീഷ് ഭാഷയിൽ യൗളു എന്നാണ് വിന്റർ സോൾസ്റ്റൈസ് അറിയപ്പെടുന്നത്. ഇപ്പോഴും ക്രിസ്‌മസ്‌ എന്ന പദമല്ല, പണ്ടുമുതൽ ഉപയോഗിച്ചുവന്ന യൗളു എന്ന വാക്കു തന്നെയാണ് ഫിൻലന്റിൽ ഈ ഉത്സവത്തിന്റെ പേര്.


സാന്താക്ലോസിന്റെ ആദിമ ഫിന്നിഷ് രൂപമായ യോളോപുക്കി ഫെർട്ടിലിറ്റിയുടേയും പുനരുൽപാദനത്തിന്റെയും പ്രതീകവും ആയിരുന്നു.


ഇപ്പോഴത്തെ സാന്താക്ലോസ് ഐതിഹ്യത്തിൽ പോലും വടക്കൻ യൂറോപ്പിൽ മാത്രമുള്ള റെയിൻഡിയർ വലിക്കുന്ന വണ്ടിയിലാണ് സാന്താക്ലോസ് വരുന്നത്.

കൊക്കകോള നൽകിയ രൂപം

ഇന്നത്തെ സാന്താക്ലോസിന്റെ രൂപമായ തുടുത്ത കവിളും ചുവന്ന കുപ്പായവും നീണ്ട വെള്ളത്താടിയും മിഷിഗനിൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരനായ സാന്റോണ്‍ സുണ്ട്ഗ്ലോം (1899-1975) ആണ് രൂപപ്പെടുത്തിയത്. 1930-കളിൽ കൊക്കകോള കമ്പനിയുടെ പരസ്യത്തിനു വേണ്ടിയാണ് ഈ രൂപം അദ്ദേഹം വരച്ചുണ്ടാക്കിയത്.

വളരെ വിജയകരമായിതീർന്ന ഈ പരസ്യം പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകത്തെമ്പാടും സാന്താക്ലോസിന്റെ രൂപം അതനുസരിച്ച് മാറി. പഴയ സാന്താക്ലോസിന്റെ രൂപം - രോമക്കുപ്പായം പുറം തിരിച്ചു ധരിക്കുന്ന മുഖംമൂടി അണിഞ്ഞ, റെയിൻഡിയർ കൊമ്പു കൊണ്ട് തല അലങ്കരിക്കുന്ന പഴയ സാന്താക്ലോസ് - അപ്രത്യക്ഷനായി.


കുറച്ചുകാലം മുമ്പ് വടക്കൻ ഫിൻലാന്റിലെ ലാപ് ലാന്റിലെ റോവനേനിഎന്ന ചെറു പട്ടണത്തിലെ ആർട്ടിക്ക് രേഖയിലുള്ള സാന്താക്ലോസ് ഗ്രാമത്തിൽ ഞാൻ പോയിരുന്നു. സാന്താക്ലോസ് ഐതിഹ്യത്തിന്റെ ഉറവിടമായ ആ സ്ഥലം ഇപ്പോൾ വാണിജ്യവൽക്കരിക്കപ്പെട്ട ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാണ്. അവിടെ അതിഥികളെ സ്വീകരിക്കാൻ സാന്താക്ലോസിന്റെ വേഷമണിഞ്ഞ്‌ എത്തുന്നവർ, ഇപ്പോൾ പ്രചാരം നേടിക്കഴിഞ്ഞ വേഷത്തിൽ - കൊക്കകോള കമ്പനിയുടെ പരസ്യത്തിൽ കൊടുത്തിരുന്ന വേഷത്തിൽ ആണ് വരുന്നത് .


സാന്താക്ലോസ് അക്ഷരാർഥത്തിൽ കൊക്കകോളയുടെ പരസ്യത്തിലെ രൂപം സ്വീകരിച്ചു.


യേശുക്രിസ്‌തുവിന്റെ രൂപമായി ഇന്ന് പ്രചാരത്തിലുള്ള ചിത്രം പോലെയുള്ള ഒരു രൂപ പരിണാമം!


ബൈബിൾ കഥ പ്രകാരമുള്ള അറബ് ദേശത്തുള്ള യഹൂദനായ യേശുക്രിസ്‌തുവിന് യൂറോപ്യൻമാരുടെ നിറവും രൂപവും ഒഴുകുന്ന ചെമ്പൻ മുടിയുമൊക്കെ കിട്ടിയത് ചിത്രകാരന്മാരുടെ ഭാവനയുടെ ഫലമായാണ്‌.


അരബ് പാരമ്പര്യമുള്ള ക്രിസ്തു ജീവിച്ചിരുന്നെങ്കിൽ എന്തായിരുന്നിരിക്കണം രൂപം? ചിത്രകാരന്റെ ഭാവന. കടപ്പാട്: ബി.ബി.സി.


വെളിച്ചത്തിന്റെ ഉത്സവം വീണ്ടെടുക്കുക

സൂര്യന്റെ പുനരാഗമനം സൂചിപ്പിക്കുന്ന ശീതകാലോത്സവം (Winter Solstice) ആണ് ക്രിസ്‌മസ്‌.

ഈ ഉത്സവത്തിന്റെ അറിയപ്പെടുന്ന ഏറ്റവും പഴയ പേര് - വെളിച്ചത്തിന്റെ ഉത്സവം - എന്ന് അതിനെ വിളിക്കുകയാവും ഉചിതം.


എല്ലാ ഉത്സവങ്ങളും രൂപപ്പെട്ടത് പ്രകൃതിയുമായി ബന്ധപ്പെട്ടാണ്. അവയെ മതേതരമായി വീണ്ടെടുക്കുകയും ആഘോഷിക്കുകയും ചെയ്യാൻ നമുക്ക് കഴിയേണ്ടതാണ്.

- Sanal Edamaruku

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക